കാത് കുത്തുന്നത് കുഞ്ഞാവയ്ക്കാണെങ്കിലും വേദന മുഴുവൻ അച്ഛന്റെ കണ്ണിലാണ്; വൈറലായി വിഡിയോ

HIGHLIGHTS
  • സൂചിയുമായി ആളെത്തിയതോടെ അച്ഛന്റെ മുഖം മാറി
  • അതിനേക്കാൾ വേദന അച്ഛന്റെ മുഖത്തുണ്ടായിരുന്നു
dad-s-social-media-post-on-ear-piercing-of-his-daughter
SHARE

അച്ഛനും മകളും തമ്മിൽ ഇപ്പോഴും വൈകാരികമായ ഒരു ആത്മബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ പെണ്മക്കളുള്ള ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ വേദനയാണ് മകൾക്ക് കാത് കുത്തുന്ന ദിവസം. വേദനിക്കില്ല, ഗൺ ഷോട്ട് ആണ്, മോളുടെ ഭംഗിക്ക് വേണ്ടിയല്ലേ ?, പെൺകുട്ടികളായാൽ കമ്മലിടണ്ടേ എന്നൊക്കെ ചോദിക്കാനും ആശ്വസിപ്പിക്കാനും ചുറ്റും പലരും ഉണ്ടെങ്കിലും അച്ഛന്റെ ചങ്കിലെ വേദന അതൊന്നു വേറെ തന്നെയാണ്. 

ഇത്തരത്തിൽ മകൾക്ക് കാത് കുത്തുമ്പോൾ ഏറെ വേദനിക്കുന്ന ജോൺസൺ വർഗീസ് എബ്രഹാം എന്ന അച്ഛന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കുത്ത് കൊള്ളുന്നത് മകൾക്കാണെങ്കിലും കണ്ണ് നിറയുന്നത് അച്ഛന്റേതാണ് എന്ന അവസ്ഥ. 

കുഞ്ഞു കരയുമ്പോൾ കണ്ടു നിൽക്കാൻ അമ്മയ്ക്ക് ആവില്ല എന്നതിനാൽ തന്നെ പൊതുവെ ധൈര്യശാലി എന്ന് പറയപ്പെടുന്ന അച്ഛന്മാരുടെ ഉത്തരവാദിത്വം ആയി മാറും കാത് കുത്തുമ്പോൾ കുഞ്ഞിനെ മടിയിൽ ഇരുത്തുക എന്നത്. ഇവിടെയും ഒരച്ഛൻ മകളെ കാത് കുത്താനായി പിടിച്ചു മടിയിൽ ഇരുത്തിയിരിക്കുകയാണ്. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചിന്തയില്ലാത്തതിനാൽ കുഞ്ഞുവാവ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കുകയാണ്. 

എന്നാൽ കാത്  കുത്താൻ സൂചിയുമായി ആളെത്തിയതോടെ അച്ഛന്റെ മുഖം മാറി. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകൾ ഇറുക്കിയടക്കുന്ന ഈ അച്ഛന്റേയും അച്ഛന്റെ മടിയിൽ കാത് കുത്തിന്റെ വേദയുമായിരിക്കുന്ന കുഞ്ഞുവാവയുടെയും വിഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഒരു കാതിൽ കുത്ത് കിട്ടിയതോടെയാണ് കുഞ്ഞു വേദനയറിഞ്ഞത്. എന്നാൽ അതിനേക്കാൾ വേദന അച്ഛന്റെ മുഖത്തുണ്ടായിരുന്നു. 

ഇരു കാതുകളും കുത്തി ഭംഗിയുള്ള കമ്മലും ഇട്ടതോടെ കുഞ്ഞുവാവയുടെ മുഖത്തെ സങ്കടം പയ്യെ പയ്യെ മാഞ്ഞു പോയി. എന്നാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടമാണ് അച്ഛന്റെ മുഖത്തുണ്ടായിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ ജോൺസൺ വർഗീസ് എബ്രഹാം തന്നെയാണ് തന്റെ ഫേസ്‌ബുക്കിൽ വിഡിയോ പങ്കുവച്ചത്. മകളുടെ പിറന്നാൾ ദിനത്തിലാണ് ജോൺസൺ വർഗീസ് എബ്രഹാം സന്തോഷവും വിഷമവും ഒന്നിച്ചു സമ്മാനിക്കുന്ന വിഡിയോ പങ്കിട്ടത്.

 English Summary : Dad's social media post on ear piercing of his daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA