ഭീമൻ കാട്ടുകൊമ്പനുമായി ചങ്ങാത്തം കൂടുന്ന കുരുന്ന്: വിഡിയോ വൈറൽ

HIGHLIGHTS
  • ധൈര്യസമേതം ആനയ്ക്ക് അരികിലെത്തി അവൻ
  • കുഞ്ഞ് അരികിലെത്തിയിട്ടും ഒരു പരാതിയും ഇല്ലാത്തതുപോലെ ആന
little-boy-pet-giant-african-elephant-s-trunk-viral-video
SHARE

കരയിലെ ഏറ്റവും വലിപ്പമുള്ള ജീവി ആണെങ്കിലും ഏറെ സൗമ്യസ്വഭാവം ഉള്ളവരാണ് ആനകൾ. ഒന്ന് പരിചയമായി കഴിഞ്ഞാൽ മനുഷ്യരോട്  അവ വേഗത്തിൽ ഇണങ്ങുന്നതും അതുകൊണ്ടുതന്നെയാണ്.  ഇപ്പോളിതാ  ഒരു കൊച്ചുകുട്ടിയുമായി ചങ്ങാത്തം കൂടുന്ന ആഫ്രിക്കൻ കാട്ടാനയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

സിംബാബ്‌വെയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വന്യമൃഗങ്ങളുടെ ചിത്രം പകർത്താൻ ഇറങ്ങിയതാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ലെസന്നെ  ഡൺലപും മകനും. അപ്പോഴാണ് വഴിക്ക് കുറുകെ നിന്ന് ആഹാരം കഴിക്കുകയായിരുന്ന കാട്ടുകൊമ്പൻ  ക്യാമറയിൽ പതിഞ്ഞത്. ആനയുടെ നീണ്ടു വളഞ്ഞ കൊമ്പുകളും  അസാമാന്യമായ വലിപ്പവും കണ്ടിട്ട്  ലെസന്നെയുടെ മകന് ഭയത്തിന് പകരം പക്ഷേ കൗതുകമാണ് തോന്നിയത്. ധൈര്യസമേതം ആനയ്ക്ക് അരികിലെത്തി അവൻ ഏറെനേരം അതിനെ നോക്കി നിന്നു. ആനയ്ക്ക് ഭാവമാറ്റം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയതോടെ അല്പം കൂടി അരികിലെത്തി തുമ്പികൈയ്യിൽ തലോടുകയും ചെയ്തു. എന്നാൽ കുഞ്ഞ് അരികിലെത്തിയിട്ടും ഒരു പരാതിയും ഇല്ലാത്തതുപോലെ ആന വളരെ ശാന്തനായി തലയാട്ടിനിന്ന് പുല്ലു തിന്നുന്നതായി ദൃശ്യങ്ങളിൽ കാണാം.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദയാണ്  ദൃശ്യങ്ങൾ  ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി. മനോഹരമായ ബന്ധത്തിന്റെ തുടക്കമാണിതെന്നും മനുഷ്യനെക്കാൾ അധികം കരുണയുള്ളവരാണ് മൃഗങ്ങൾ എന്നുമെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ . എന്നിരുന്നാലും  ഇത്ര ചെറിയ ഒരു കുട്ടിയെ ഒരു കാട്ടാനയ്ക്ക് അരികിലേക്ക് നീങ്ങാൻ അനുവദിച്ചതിലുള്ള  ആശങ്കയും പലരും പങ്കുവെയ്ക്കുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആനയെ കാണുമ്പോൾ ആരും സമീപത്തേക്ക് എത്താൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുകളും പ്രതികരണങ്ങളിൽ നിറയുന്നു.

English Summary : Little boy pet giant african elephant's trunk - Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA