ADVERTISEMENT

ലോക്ഡൗൺ കാലത്ത്, എല്ലാവരും വീടിനുള്ളിൽ തന്നെ ലോക്ക് ആയിരുന്ന ആ അവസ്ഥയിലാണ് യുട്യൂബിൽ ഏറ്റവും കൂടുതൽ ചാനലുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിൽ എത്രപേർ ലോക്ഡൗണിന് ശേഷവും ചാനലുകളുമായി മുന്നോട്ട് പോയി എന്നത് വ്യക്തമല്ല. അതുപോലെ തന്നെ ലോക്ക് ഡൗണിൽ വിരസതമാറ്റാൻ അച്ഛനുമായി ചേർന്ന് ഗൗരി എന്ന കൊച്ചു മിടുക്കിയും ഒരു വ്ലോഗ് ആരംഭിച്ചു. മൈൻഡ് ട്രീ വ്ലോഗ് എന്നു പേരിട്ട ഈ യൂ ട്യൂബ് ചാനലിന് ഒരു പ്രത്യേകതയുണ്ട്, ഗൗരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകൃതി നിരീക്ഷണമാണ് ഗൗരി ഇതിലൂടെ ചെയ്യുന്നത്. 

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശിയായ ഗൗരി എന്ന പത്ത് വയസുകാരി തീർത്തും അവിചാരിതമായാണ് വ്ലോഗിങ്ങിലേക്ക് എത്തുന്നത്. ഈ അവധിക്കാലത്ത് സൈക്കിൾ പ്രേമിയായ ഗൗരിക്ക് അച്ഛൻ ഒരു സൈക്കിൾ വാങ്ങിക്കൊടുത്തു.പക്ഷെ എന്ത് ചെയ്യാൻ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സൈക്കിളുമായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെയായി. അങ്ങനെയിരിക്കെ ഗൗരിയുടെ അച്ഛൻ അനീഷ് ഒരു കൗതുകത്തിനായി മകളെ വച്ച് ഒരു വിഡിയോ ചെയ്തു. ഗൗരി പ്രെസന്റ് ചെയ്യുന്ന രീതി കണ്ടപ്പോൾ ഗൗരിക്ക് സ്വന്തമായി ഒരു വ്ലോഗ് ചെയ്യാൻ കഴിയുമെന്ന് അച്ഛന് മനസിലായി. 

ഇഷ്ടപ്പെട്ട വിഷയത്തെപ്പറ്റി വ്ലോഗ് ചെയ്തോളു എന്ന് പറഞ്ഞപ്പോൾ ഗൗരിക്കും സന്തോഷം. കാരണം ഗൗരിക്ക് ഏറ്റവും ഇഷ്ടം പ്രകൃതി നിരീക്ഷണമാണ്. തനിക്ക് ചുറ്റുമുള്ള പൂക്കളെയും പുഴുക്കളേയും ഉറുമ്പുകളെയും ചിത്രശലഭങ്ങളെയും എന്ന് വേണ്ട ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനെയും സശ്രദ്ധം വീക്ഷിക്കുന്ന ആളാണ് ഗൗരി. ആയിടയ്ക്കാണ് വീടിനടുത്തുള്ള തൊടിയിൽ ഒരു പൂമ്പാറ്റയുടെ പ്യൂപ്പ ഉള്ളത് ശ്രദ്ധയിൽ പെടുന്നത്. അങ്ങനെ മൈൻഡ് ട്രീ വ്ലോഗിന്റെ ആദ്യ വ്ലോഗ് ആയി ഗൗരി പൂമ്പാറ്റകളുടെ കഥ പറഞ്ഞു.

mindtree-vlog-by-gowri1

അച്ഛൻ അനീഷും 'അമ്മ ജ്യോതിയുമാണ് വ്ലോഗുകൾ അവതരിപ്പിക്കുന്നതിനായി ഈ മിടുക്കിയെ സഹായിക്കുന്നത്. തൃശൂർ ഭാഷയിൽ വളരെ ഒഴുക്കോടെയുള്ള ഗൗരിയുടെ അവതരണം കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുന്നു. അതു തന്നെയാണ് ഈ കുട്ടി വ്‌ളോഗറുടെ വിഡിയോകളുടെ പ്രത്യേകതയും. അച്ഛമ്മയുടെ പുറകെ നടന്ന് ചെറുപ്പം മുതൽക്ക് ആരംഭിച്ചതാണ് പ്രകൃതി നിരീക്ഷണം. അതിനാൽ തന്നെ കൂടുതൽ കാര്യങ്ങൾ വ്‌ളോഗിലൂടെ പങ്കുവയ്ക്കുമ്പോൾ ഗൗരിക്ക് വലിയ സന്തോഷമാണ്. 

വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല ഗൗരിക്ക്. അതിനുള്ള സമയവും ആയിട്ടില്ലലോ, എന്നാൽ തനിക്ക് ഫോസിലുകളെക്കുറിച്ചു പഠിക്കാനാണ് ഇഷ്ടമെന്ന് ഈ മിടുക്കി മാതാപിതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. വിഡിയോ ചെയ്യുന്നതിൽ കുടുംബത്തിലെ എല്ലാവരും ഗൗരിക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. വിഡിയോകളിലൂടെ കൂടുതൽ പക്ഷികളുടെയും കുഞ്ഞു കുഞ്ഞു മൃഗങ്ങളുടെയും ഒക്കെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാമല്ലോ എന്ന സന്തോഷത്തിലാണ് ഗൗരി. 

English Summary : MindTree Vlog by Gowri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com