ADVERTISEMENT

രണ്ടു വയസ്സ് എന്നാൽ വാക്കുകൾ കൂട്ടിച്ചേർത്ത് പറഞ്ഞു തുടങ്ങുന്ന പ്രായം. അല്ലേ ? എന്നാൽ കുഞ്ഞ് ഈഥന് അത് ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമൊക്കെ റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള പ്രായമാണ്. കളിപ്പാട്ടങ്ങളെക്കാൾ കൂടുതൽ അക്കങ്ങളെയും അക്ഷരങ്ങളെയും ഇഷ്ടപ്പെടുന്ന ഈഥൻ ഇപ്പോൾ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്.

രണ്ടു വയസ്സും നാലുമാസവും മാത്രമാണ് കുഞ്ഞ് ഈഥന്റെ പ്രായം. ഇതിനോടകം തന്നെ സംഖ്യകളും  ഇംഗ്ലീഷ് അക്ഷരമാലയും വാക്കുകളും എല്ലാം ഈ കുരുന്നിന് മനഃപാഠമാണ്. അക്ഷരമാലയും 1 മുതൽ 100 വരെയുള്ള അക്കങ്ങളും വിപരീത ക്രമത്തിൽ കൃത്യമായി പറഞ്ഞുകൊണ്ടാണ് ഈഥൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഇംഗ്ലീഷ് അക്ഷരമാല Z മുതൽ A വരെ എന്ന വിപരീത രീതിയിൽ ക്രമപ്പെടുത്തുക, ഒന്നു മുതൽ 100 വരെയുള്ള അക്കങ്ങൾ അവരോഹണക്രമത്തിൽ  എഴുതുകയും പറയുകയും ചെയ്യുക, ഒന്നുമുതൽ പത്തുവരെയുള്ള അക്കങ്ങളുടെ വർഗ്ഗങ്ങൾ പറയുക, ഇംഗ്ലീഷ് അക്ഷരമാല A മുതൽ Z വരെ ശരിയായി ക്രമപ്പെടുത്തുക, 18 നിറങ്ങൾ- 16 ആകൃതികൾ- 15 മൃഗങ്ങളുടെ ശബ്ദങ്ങൾ എന്നിവ തിരിച്ചറിയുക,  ഒന്നിനും നൂറിനും ഇടയിലുള്ള ഇരട്ട സംഖ്യകൾ ക്രമത്തിൽ പറയുക,  ഒന്നിനും നൂറിനും ഇടയിലുള്ള ഒറ്റസംഖ്യകൾ ക്രമത്തിൽ പറയുക  എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് ഈഥൻ റെക്കോഡുകൾ നേടിയത്. ഈ വിഭാഗങ്ങളിൽ കൃത്യമായി പ്രകടനം കാഴ്ചവെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് ഈഥൻ സൃഷ്ടിച്ചിരിക്കുന്നത്.

രണ്ടു വയസ്സും ഒരു മാസവും മാത്രം പ്രായമുള്ളപ്പോൾ ഇംഗ്ലീഷ് അക്ഷരമാല വിപരീത രീതിയിൽ ക്രമപ്പെടുത്തി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഗ്രാൻഡ് മാസ്റ്റർ എന്ന ടൈറ്റിലും ഈ കുരുന്നു പ്രതിഭ നേടിയിരുന്നു. മത്സരിച്ചത് 1 മുതൽ 100 വരെയുള്ള അക്കങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ആയിരം വരെയുള്ള അക്കങ്ങൾ ഈഥന് ഹൃദ്യസ്ഥമാണ്. സംഖ്യകൾ എഴുതാനും വാക്കുകളും ചെറിയ വാക്യങ്ങളും വായിക്കുവാനും ചെറുപ്രായത്തിൽ ഈ കൊച്ചുമിടുക്കൻ പഠിച്ചുകഴിഞ്ഞു. ഒന്നു മുതൽ 14 വരെയുള്ള അക്കങ്ങളുടെ ഗുണന പട്ടികയും ഈഥന് മന:പാഠമാണ്.

ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പറയാനുള്ള ശ്രമത്തിലാണ് ഈഥൻ ഇപ്പോൾ. ഇതിനെല്ലാം പുറമേ നഴ്സറി ഗാനങ്ങൾ  തെറ്റാതെ പാടാനും 'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ' എന്ന നഴ്സറി പാട്ട് തന്റെ കളി പിയാനോയിൽ കൃത്യമായി  വായിക്കാനും ഈഥന് അറിയാം.

ഒരു വയസ്സ് പ്രായമുള്ളപ്പോൾ തന്നെ മറ്റു  അക്ഷരങ്ങളും അക്കങ്ങളും ചിത്രങ്ങളും കണ്ടു പഠിക്കാനായിരുന്നു ഈഥന്  താല്പര്യം. ഇത് തിരിച്ചറിഞ്ഞ കൊച്ചി സ്വദേശിയായ അച്ഛൻ അശ്വിൻ രാജുവും കണ്ണൂർ സ്വദേശിനിയായ അമ്മ ഹർഷ മാത്യൂസും തന്നെയാണ് മകന് എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നത്.  മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലാണ് ഈഥൻ താമസിക്കുന്നത്.  താൻ സൃഷ്ടിച്ച റെക്കോർഡുകളെ കുറിച്ച് ഒന്നുമറിയാതെ കളിച്ചുനടക്കുകയാണ് കുഞ്ഞ് ഈഥൻ. തന്റെ നേട്ടങ്ങളെക്കുറിച്ച് അവൻ തിരിച്ചറിയുന്ന പ്രായമെത്താൻ കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

 English Summary : Two year old Ethan entered India book of records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com