ADVERTISEMENT

നേരം വെളുത്താലുടൻ ഗൗരിക്കുട്ടിക്ക് അറിയേണ്ടത് എപ്പോഴാണ് നമ്മൾ കളിയ്ക്കാൻ പോകുന്നത് എന്നാണ് ? അച്ഛനോട് ഈ ചോദ്യം ചോദിക്കുന്നതിനൊപ്പം തന്നെ തന്റെ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തിരിക്കും ഗൗരി. അഞ്ചു വയസ്സാണ് അമേരിക്കയിലെ ഐഡാഹോയിൽ മാതാപിതാക്കൾക്കൊപ്പം സ്ഥിരതാമസമാക്കിയ ഗൗരിയുടെ പ്രായം. ഇഷ്ട ഹോബി ക്രിക്കറ്റ്.  ഹോബിയെന്നു പറയാൻ പറ്റില്ല, ക്രിക്കറ്റ് എന്നാൽ ഗൗരിക്ക് ജീവനാണ്. അതിനാൽ തന്നെ എപ്പോഴാണ് നമ്മൾ കളിയ്ക്കാൻ പോകുന്നത് എന്ന ചോദ്യം ക്രിക്കറ്റ് കളിയെപ്പറ്റിയാണ്. അച്ഛൻ സുജിത് ആണ് ഗൗരിയുടെ ക്രിക്കറ്റ് മോഹങ്ങൾക്ക് പൂർണ പിന്തുണ.

കേരളത്തിൽ കൊച്ചി പുതിയകാവിലാണ് ഗൗരിയുടെ വീട്. അച്ഛൻ സുജിത്തിനും അമ്മ ലക്ഷ്മിയ്ക്കുമൊപ്പം ഗൗരി ചെറുപ്പം മുതൽക്കേ അമേരിക്കയിലാണ്. അച്ഛൻ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടാണ് ഗൗരിക്ക് ക്രിക്കറ്റിനോട് ഇത്രയേറെ താല്പര്യം തോന്നിത്തുടങ്ങിയത്. രണ്ടു വയസ് മുതൽ ക്രിക്കറ്റ് ബാറ്റെടുത്ത് ബോള് അടിക്കാനുള്ള ശ്രമങ്ങളൊക്കെ ഗൗരി നടത്തിയിരുന്നു. എന്നാൽ അന്നത് അത്ര കാര്യമാക്കിയില്ല. എന്നാൽ മൂന്നു വയസ് കഴിഞ്ഞതോടെ ബോളുകൾ കൃത്യം ലക്ഷ്യസ്ഥാനത്തേക്ക് അടിച്ചിടാനുള്ള ഗൗരിയുടെ മികവ് അച്ഛനും അമ്മയും ശ്രദ്ധിച്ചു തുടങ്ങി.

അതോടെയാണ് കൃത്യമായ ഒരു പരിശീലനം നൽകി തുടങ്ങിയത്. തുടക്കം അച്ഛന്റെ കീഴിൽ തന്നെയായിരുന്നു. വിവിധതരം ബോളുകൾ എങ്ങനെ നേരിടണം എന്നെല്ലാം ഗൗരി പഠിച്ചെടുത്തു. എന്നാൽ അച്ഛനും മകൾക്കും സമയം ലഭിക്കുന്നതിനനുസരിച്ച് മാത്രമായിരുന്നു പരിശീലനം. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതൊടെ അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം ആയി. അതോടെ ഗൗരി തന്റെ ക്രിക്കറ്റ് പരിശീലനം കൂടുതൽ ഉഷാറാക്കി. 

little-girl-gowri-junior-dhoni-and-cricket1

വീടിനോട് ചേർന്നുള്ള ഒരു ഗാരേജ് വൃത്തിയാക്കി അവിടെ ആയിരുന്നു പരിശീലനമത്രയും. ഗൗരിയുടെ ചില ബാറ്റിങ് വിഡിയോകൾ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഗൗരിക്ക് ആരാധകരായി. കുട്ടികൾ പലരും ഈ പ്രായത്തിൽ ക്രിക്കറ്റ് കളിയ്ക്കാൻ ആരംഭിക്കുമെങ്കിലും ഗൗരിയുടെ പ്രൊഫഷണലിസം മറ്റൊരു ലെവൽലാണെന്ന് വിഡിയോകൾ കണ്ടവർ വിധിയെഴുതി. 

കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് പ്രതീഷ് പി ഹരിദാസ് കുഞ്ഞു ഗൗരിക്ക് പരിശീലനത്തിനായി പൂർണ പിന്തുണയും നൽകി കൂടെ നിൽക്കുന്നുണ്ട്. ഭാവിയിൽ ആരാകണമെന്നു ചോദിച്ചാൽ ഗൗരി ഒരു സംശയവും കൂടാതെ അപ്പോൾ മറുപടി പറയും, എനിക്ക് ധോണി അങ്കിളിനെ പോലെ ഒരു ക്രിക്കറ്റർ ആയാൽ മതി. ഗൗരിയുടെ ഓരോ ഷോട്ടുകളും ധോണിയുടെ ഷോട്ടുകളോട് അതിയായ സാദൃശ്യം ഉള്ളതിനാൽ തന്നെ ഈ മിടുക്കിയെ ജൂനിയർ ധോണി എന്നും ചിലർ വിളിക്കുന്നു.  

English Summary : Little girl Gowri and cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com