ADVERTISEMENT

വടക്കൻ അയർലണ്ടിൽ താമസിക്കുന്ന ഫിയൻടൻ ഹ്യൂഗ്‌സ് എന്ന ബാലന്  ചെറിയ പ്രായത്തിൽ തന്നെ മണ്ണിനടിയിൽ നിധികൾ ഉണ്ടോയെന്ന്  കണ്ടെത്തുന്നതിൽ വലിയ താല്പര്യം ആയിരുന്നു. ഇതു മനസ്സിലാക്കിയ മാതാപിതാക്കൾ ഫിയൻടനിന്റെ പത്താം പിറന്നാളിന് ഒരു മെറ്റൽ ഡിറ്റക്ടർ സമ്മാനമായി നൽകി. മകന്റെ കൗതുകത്തിനുവേണ്ടി വാങ്ങി നൽകിയ സമ്മാനം വലിയൊരു കണ്ടെത്തലിന് വഴിയൊരുക്കുമെന്ന് അവരും കരുതിയിരുന്നില്ല.മുന്നൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു വാൾ ആണ് ഫിയൻടൻ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്. 

തന്റെ വീടിന് അടുത്തുള്ള നദിയുടെ കരയിൽ നിന്നുമാണ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വാൾ കണ്ടെത്തിയത്.സമ്മാനം കിട്ടിയ ശേഷം നടത്തിയ ആദ്യ രണ്ടു ശ്രമങ്ങളിലും കാര്യമായി ഒന്നും തന്നെ കണ്ടെത്താൻ ഫിയൻടനിന് കഴിഞ്ഞിരുന്നില്ല. അതിനാൽ വലിയ പ്രതീക്ഷയില്ലാതെയാണ് നദിയുടെ സമീപത്തേക്ക് പോയതും. മെറ്റൽ ഡിറ്റക്ടർ സൂചന നൽകിയ ഭാഗത്ത് കുഴിച്ചു നോക്കിയപ്പോൾ ആദ്യം മണ്ണിൽ പൊതിഞ്ഞ എന്തോ ഒരു വസ്തുവാണെന്നും മാത്രമേ തോന്നിയുള്ളൂ. വീട്ടിലെത്തി വൃത്തിയായി കഴുകി എടുത്തപ്പോഴാണ് ഏറെ പഴക്കമുള്ള ഒരു വാളിന്റെ ഭാഗമാണ്  കിട്ടിയത് എന്ന് ഫിയൻടനും അച്ഛനും തിരിച്ചറിഞ്ഞത്.

ഉടൻതന്നെ വടക്കൻ അയർലൻഡിലെ നാഷണൽ മ്യൂസിയവുമായി ബന്ധപ്പെട്ടു. മ്യൂസിയത്തിലെ ആർക്കിയോളജി വിഭാഗത്തിൻറെ ചുമതലയുള്ള ഗ്രീർ റാംസെ  നൂറ്റാണ്ടുകൾ പഴക്കമുള്ള വാൾ തന്നെയാണ് ഫിയൻടൻ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വാൾ പിടിയുടെ  ആകൃതിയും അലങ്കാര പണികളും പരിശോധിച്ചശേഷം 1700 നും 1800 നും ഇടയിലുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാളാണ് ഇതെന്ന് പുരാവസ്തു ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന ഫിലിപ്സ് ബ്രൂണർ എന്ന വ്യക്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

നിധി കണ്ടെത്തുന്നതിൽ ഏറെ താൽപര്യമുണ്ടായിരുന്നുവെങ്കിലും തന്നെ കൊണ്ട് എന്തെങ്കിലും കണ്ടെത്താനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലയെന്ന് ഫിയൻടൻ പറയുന്നു. ചരിത്രപ്രാധാന്യമുള്ള  വസ്തു കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കനിപ്പോൾ .അതേസമയം ഫിയൻടൻ കണ്ടെത്തിയ വാൾ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് അധികൃതർ തീരുമാനത്തിലെത്തിയിട്ടില്ല.

English Summary : Ten year old boy unearths centuries old sword in Iireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com