ADVERTISEMENT

ആറാം വയസ്സിൽ റോഡ് കോൺ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചാണ് യുകെ സ്വദേശിയായ മിക്കി പൗള്ളി എന്ന് 10 വയസുകാരന് കാഴ്ചശക്തി നഷ്ടമായത്. എന്നാൽ കാഴ്ച ഇല്ലാതായി എന്നുകരുതി തന്റെ പ്രിയപ്പെട്ട ഗെയിമായ ഫുട്ബോൾ  ഉപേക്ഷിക്കാൻ  കുഞ്ഞു മിക്കി തയ്യാറായിരുന്നില്ല. തന്റെ പരിമിതികളെ മറികടന്ന്  ചിട്ടയായ പരിശീലനങ്ങളിലൂടെ ഇംഗ്ലണ്ടിലെ  അന്ധ ഫുട്ബോൾ ടീമിൽ  ഈ കൊച്ചുമിടുക്കൻ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ അവൻറെ പരിശ്രമങ്ങൾക്ക് സാക്ഷാൽ ലയണൽ മെസ്സി തന്നെ അംഗീകാരം നൽകിയിരിക്കുകയാണ്. തൻറെ 12 അംഗ സ്വപ്ന ടീമിലേക്ക് മെസ്സി മിക്കിയെയും തിരഞ്ഞെടുത്തുകഴിഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമാണ്  സ്വപ്ന ടീമിലേക്കുള്ള 12 അംഗങ്ങളെ മെസ്സി തിരഞ്ഞെടുത്തത്. ഇതിൽ യുകെയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി മിക്കിയിണ്. തീരെ ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ കളിയിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന മിക്കിയ്ക്ക്‌ കഴിഞ്ഞ നാലു വർഷക്കാലം കഠിനമായ യത്നങ്ങൾ തന്നെ വേണ്ടി വന്നിരുന്നുവെന്ന് അച്ഛനായ ജോൺ പൗള്ളി പറയുന്നു.

പ്രതികൂലസാഹചര്യങ്ങളെ സധൈര്യം മറികടന്നവർക്കുള്ള ആദരമായാണ് മെസ്സി തന്റെ 12 അംഗ ടീം രൂപീകരിക്കുന്നത്. ഓർകാം എന്ന കമ്പനിയുമായി കൈകോർത്താണ്  പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കാഴ്ചശക്തി ഇല്ലാത്തവർക്ക് സമീപമുള്ള വസ്തുക്കളും എഴുത്തുകളും ശബ്ദത്തിന്റെ സഹായത്തോടെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയാണ് ഓർകാം. 

മെസ്സിയുടെ ടീമിലാണ് ഇടംനേടിയതെങ്കിലും ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനാണ് മിക്കി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ഇതുവരെ മെസ്സിയെ നേരിട്ട് കാണാൻ മിക്കിക്ക് സാധിച്ചിട്ടില്ല. എന്നാലും അധികം വൈകാതെ കണ്ടുമുട്ടാനാവുമെന്നാണ് പ്രതീക്ഷ. മെസ്സിയെ കണ്ടുകഴിഞ്ഞാൽ ചോദിക്കാനുള്ള ഒരു ചോദ്യവും ഈ കൊച്ചുമിടുക്കൻ കരുതി വച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ആഴ്സണലിന് വേണ്ടി കളിക്കാൻ ഇറങ്ങാമോ എന്നതാണത്.

 English Summary : Ten year old blind british boy chosen in Lionel Messis dream team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com