ADVERTISEMENT

കൊറോണ വൈറസ് ലോകമെങ്ങും പിടിമുറുക്കിയതോടെ പൊതു ഇടങ്ങളിൽ അകലം പാലിക്കുക എന്നത് നമ്മുടെ എല്ലാം ശീലമായിക്കഴിഞ്ഞു. ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും മറ്റുള്ളവരുടെ അരികിലേക്ക് എത്തുമ്പോൾ ഈ ഒരു മീറ്റർ എന്ന കണക്ക് പാലിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതിന് പരിഹാരമായി ഒരു ഉഗ്രൻ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശിനിയായ നേഹ ശുക്ല എന്ന കൊച്ചുമിടുക്കി. സാമൂഹിക അകലം തെറ്റിച്ചാൽ കൃത്യമായി സിഗ്നൽ തരുന്ന ഒരു തൊപ്പിയാണ് നേഹ നിർമ്മിച്ചിരിക്കുന്നത്.

അമേരിക്കൻ വിദ്യാർഥിനികളുടെ സംരംഭകരാകാനുള്ള കഴിവ് വളർത്തിയെടുക്കുന്നതിന് വേണ്ടി നടത്തുന്ന 'ഗേൾസ് വിത്ത് ഇംപാക്ട്' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു നേഹയുടെ ഈ തകർപ്പൻ കണ്ടുപിടിത്തം. രോഗം പടർന്നു പിടിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നതിന്റെ പ്രധാനകാരണം കൃത്യമായ സാമൂഹിക അകലം പാലിക്കാത്തതാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് സാമൂഹിക അകലം ഉറപ്പുവരുത്താൻ എന്തെങ്കിലും മാർഗം കണ്ടെത്തണം എന്ന ചിന്ത നേഹയ്ക്ക് ഉണ്ടായത്. അങ്ങനെ അൾട്രാസോണിക് സെൻസറുകളും മൈക്രോപ്രൊസസ്സറുകളും ഘടിപ്പിച്ച തൊപ്പി എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.

എൻജിനീയറിംഗിലും സാങ്കേതികവിദ്യകളിലും എല്ലാം അതീവ താല്പര്യമുള്ള നേഹ ഒടുവിൽ താൻ മനസ്സിൽ കണ്ടതുപോലെ പോലെ തന്നെയുള്ള ഒരു ഉപകരണം നിർമ്മിച്ചെടുക്കുകയും ചെയ്തു. തൊപ്പി വെച്ച് പുറത്തിറങ്ങുന്ന സമയത്ത് മറ്റുള്ളവർ ആറടി അകലത്തിനുള്ളിൽ എത്തിയാൽ അപ്പോൾ തന്നെ ബീപ് ശബ്ദത്തിലൂടെയും വൈബ്രേഷനിലൂടെയും തൊപ്പി സിഗ്നൽ തരും. ബാറ്ററി ഉപയോഗിച്ചാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനം.

രണ്ടുമാസം സമയമെടുത്താണ്  ഉപകരണത്തിന്റെ ആദ്യമാതൃക നേഹ നിർമ്മിച്ചത്. കൂടുതൽ സൗകര്യപ്രദമായി  ധരിക്കാവുന്ന രീതിയിൽ ഉപകരണത്തിന് രൂപമാറ്റം വരുത്താനാണ് നേഹയുടെ ഇപ്പോഴത്തെ ശ്രമം. അമേരിക്കയിലെ ചില പ്രമുഖ മാധ്യമങ്ങളിൽ നേഹയുടെ ഈ കണ്ടുപിടിത്തം ഇടം നേടിയിരുന്നു. ഇതിനുപുറമേ ടൈംസ് സ്ക്വയറിലെ  നാസ്ഡാക് സ്ക്രീനിലും നേഹയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കോവിഡ് ഭീഷണി എല്ലാം ഒഴിഞ്ഞിട്ട് തന്റെ സ്വദേശമായ ഇന്ത്യയിലേക്ക് എത്താൻ കാത്തിരിക്കുകയാണ് ഇൗ മിടുക്കി.

 English Summary : Indian origin girl Nneha Shukla invents cap to ensure social distancing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com