ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥ വന്നതോടെ കുട്ടികളുടെ കൂട്ടുകാർക്കൊപ്പമുള്ള കളിചിരി നേരം അങ്ങില്ലാതെയായി.  ഈ കൊറോണക്കാലം ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വരുത്തിവച്ച തീരാനഷ്ടങ്ങളേറെയാണ്. പുത്തൻ യൂണിഫോമും പുസ്തകങ്ങളുമായി സ്കൂളിലേയ്ക്കെന്ന സ്വപ്നമാണ് ആദ്യം ഇവർക്ക് നഷ്ടമായത്. സ്കൂളിലും പാർക്കിലും പറമ്പിലുമൊക്കെ കളിച്ചും പഠിച്ചും ആസ്വദിക്കേണ്ട സമയമാണ് കൂട്ടിലടച്ച കിളികളെപ്പോലെ ഈ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത്. പതിയെ ഈ കാലവും അവസാനിക്കുമെന്ന പ്രതീക്ഷകൾ മാത്രമാണിനി ബാക്കി. 

ഇങ്ങനെ കൂട്ടിലടയ്ക്കപ്പെട്ട കൊച്ചുകൂട്ടുകാരുടെ അവസ്ഥ എടുത്തുകാണിക്കുന്ന ഒരു കുഞ്ഞു കാവ്യചിത്രമാണ് ‘കൂട്’ എന്ന വിഡിയോ. അഞ്ച് വയസുകാരൻ സഖറിയാസ് ആന്റണിയാണ് കാലികപ്രസക്തമായ ഈ കുഞ്ഞു കവിതയിലെ കൂട്ടിലടയ്ക്കപ്പെട്ട ‘കിളി’യായി പാടി അഭിനയിച്ചിരിക്കുന്നത്. യുവകവിയും സഖറിയാസിന്റെ അച്ഛനുമായ ആന്റണി പി ജെ യുടേതാണീ കുഞ്ഞു കവിത. 

ആലപ്പുഴ മോണിങ്സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു കെ ജി വിദ്യാർഥിയാണ് സഖറിയാസ്.  അച്ഛന്റെ കവിത അതിമനോഹരമായി ചൊല്ലി അഭിനയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.  അഭിനയവും കവിത ചൊല്ലലും കൂടാതെ ചിത്രരചനയിലും നൃത്തത്തിലുമൊക്ക കുഞ്ഞു സഖറിയാസ് കഴിവ് തെളിയിച്ചിട്ടുണ്ട്. മാർട്ടീനയാണ് സഖറിയാസിന്റെ അമ്മ. 

English Summary : Poetic short film koodu by Zacharias Antony 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com