കൊറോണക്കാലത്ത് കുട്ടികള്‍ വായിക്കാൻ : കെ.ആർ മീര

HIGHLIGHTS
  • ജീവിതത്തിലെ ആദ്യ പുസ്തകം റഷ്യൻ കുട്ടികഥകളാണ്.
  • സ്വന്തമായി വായിക്കാൻ തുടങ്ങിയ കാലത്ത് പ്രിയം മാലി കൃതികളോടായിരുന്നു.
K.R Meera
കെ. ആർ മീര
SHARE

ചെറിയ ജലദോഷമോ പനിയോ അല്ലാതെ കൊറോണയെന്നൊ നിപ്പയെന്നോ കേട്ടുകേള്‍വിപോലുമില്ലാത്ത കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാലും ആകാലം  ഒരു വിധത്തിൽ ക്വാറന്റീൻ തന്നെ ആയിരുന്നു കാരണം അന്നു ഞാൻ തനിച്ചായിരുന്നു. വീടിന്റെ വളപ്പിന് പുറത്ത് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല . കൂടെക്കളിക്കാൻ അനിയത്തി വളരുന്നതുവരെ നേരം കളയാൻ രണ്ടു മൂന്നു മാര്‍ഗ്ഗങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്നു വായന തന്നെ, രണ്ടു ചിത്രരചന , പിന്നെ പ്രകൃതി നിരീക്ഷണം. വളപ്പിലൊക്കെ ചുറ്റി നടന്ന് ചെടികളെയും ജീവികളെയും കണ്ടും അവയോടു സംസാരിച്ചും സമയം കളയുക. അതും കഴിഞ്ഞു സ്വന്തമായി കഥകള്‍ സൃഷ്ടിക്കുക.

ജീവിതത്തിലെ ആദ്യ പുസ്തകം റഷ്യൻ കുട്ടികഥകളാണ്.  വി.സുത്യേവിന്റെ കുട്ടിക്കഥകളും ചിത്രങ്ങളും അന്നത്തേതിലും അല്‍പം വലുപ്പക്കുറവോടെ പുസ്തകം ഇപ്പോഴും ലഭ്യമാണ്. ആ പുസ്തകത്തിലെ കഥകൾ അമ്മ വായിച്ചു തന്നിരുന്നു. ഈ ലോകത്തെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ കഥ കേട്ടു സമാധാനത്തോടെ ഉറങ്ങാനുള്ള സാഹചര്യങ്ങൾ ഉണ്ടാകണേ എന്നാണ് എന്റെ എല്ലാക്കാലത്തേയും പ്രാർഥന.

സ്വന്തമായി വായിക്കാൻ തുടങ്ങിയ കാലത്ത് പ്രിയം മാലി കൃതികളോടായിരുന്നു. മറ്റൊരു പ്രിയപ്പെട്ട പുസ്തകം പി.നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ. അക്കാലത്ത് ഏറ്റവും ഇളക്കിമറിച്ച പുസ്തകങ്ങളിൽ ഗലീലിയോ നാടകവും പരിണാമ സിദ്ധാന്തം കണ്ടുപിടിച്ച ചാൾസ് ഡാർവിന്റെ ‘ദ് വോയേജ് ദ് ബീഗിള്‍’ എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘ബീഗിള്‍ യാത്രയും’  മാക്സിം ഗോര്‍ക്കിയുടെ ‘അമ്മയും’ ഉണ്ട്. 

ടോൾസ്റ്റോയിയുടെ ‘ഒരാള്‍ക്കെത്ര ഭൂമി വേണം’ പോലെയുളള കഥകള്‍ രവീന്ദ്രനാഥ ടാഗോറിന്റെ കാബൂളിവാല , ലളിതാംബികാ അന്തർജനത്തിന്റെ മാണിക്കൻ , മാധിക്കുട്ടിയുടെ നെയ്പ്പായസം , ആൻഫ്രാങ്കിന്റെ ‍ഡയറി, ചെഖോവിന്റെ കഥകള്‍, ചാര്‍ലി ചാപ്ലിന്റെ എന്റെ കുട്ടിക്കാലം. ഒ.എൻ. വി കുറുപ്പിന്റെ വളപ്പൊട്ടുകള്‍, കുഞ്ഞുണ്ണിക്കവിതകള്‍, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികള്‍ എന്നിങ്ങനെ എല്ലാ കുട്ടികളും വായിച്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പുസ്തങ്ങൾ ഏറെയുണ്ട്. 

മുതിര്‍ന്നതിനു ശേഷം വായിച്ച ബാലസാഹിത്യ കൃതികളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ടോട്ടോചാനും ലിറ്റിൽ പ്രിൻസും ആണ്.  പ്രിയ എ.എസിന്റെ ചിത്രശലഭങ്ങളുടെ വീടും അക്ബര്‍ കക്കട്ടിലിന്റെ അധ്യയന യാത്രയുമാണ് എത്ര വായിച്ചാലും മടുക്കാത്ത മറ്റു രണ്ടു പുസ്തകങ്ങൾ.

English Summary : Children Should Read This Book During Covide Time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA