ADVERTISEMENT

1990ൽ ഇതുപോലൊരു തണുത്ത നവംബർ മാസത്തിലാണ് ഹോം എലോൺ പുറത്തിറങ്ങിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി ലോകം തയാറെടുക്കുന്നതിന് ആഴ്ചകൾ മുൻപ്.ഒരു ക്രിസ്മസ് കരോൾ ഗാനം പോലെ ഹോം എലോൺ എന്ന കുട്ടിസിനിമയെ ലോകം നെഞ്ചോടു ചേർത്തു. ഫലമോ? 

ഹോളിവുഡിൽ വമ്പൻ താരങ്ങൾ തിളങ്ങി നിന്ന വർഷമായിരുന്നു 1990.ആർനോൾഡ് ഷ്വാർസിനീഗറിന്റെ കിന്റർഗാർട്ടൻ കോപ്,പ്രിഡേറ്റർ 2, ബ്രൂസ് വില്ലിസിന്റെ ഡൈ ഹാർഡ് 2, റിച്ചഡ് ഗിയറും ജൂലിയ റോബർട്സും അഭിനയിച്ച പ്രെറ്റി വുമൺ, ജോണി ഡെപ്പിന്റെ എഡ്വേർഡ് സിസർഹാൻഡ്സ് തുടങ്ങി വൻചിത്രങ്ങൾ തീയറ്ററിലെത്തിയ വർഷം. എന്നാൽ ഇവയ്ക്കിടയിലും ഹോം എലോൺ പിടിച്ചു നിന്നു.ഒടുവിൽ 1990ൽ ഏറ്റവും കലക്‌ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഇത് മാറി.പിന്നീട് കസെറ്റുകളിലൂടെയും ചാനൽ ടെലിക്കാസ്റ്റിലൂടെയും ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സു കവർന്നങ്ങെടുത്തു ഈ ചിത്രം.

എട്ടുവയസ്സുകാരനായ അമേരിക്കൻ ബാലൻ‌ കെവിൻ മക്ക് ആലിസ്റ്ററിന്റെ കഥയാണ് ഹോം എലോൺ പറയുന്നത്. ഒരു മടിയനും ആത്മവിശ്വാസമില്ലാത്തവനും എന്തു കാര്യത്തിനും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവനുമായ കുട്ടിയാണ് കെവിൻ. അവന് ചേട്ടന്മാരും ചേച്ചിമാരുമായി ധാരാളം സഹോദരങ്ങളുമുണ്ട്. അതിനിടെ ക്രിസ്മസ് എത്താറായി. കെവിന്റെ പട്ടണത്തിലും വീടുകളിലും അലങ്കാരവിളക്കുകളും നക്ഷത്രങ്ങളും വെട്ടിത്തിളങ്ങി.

ഇതിനിടെ ഇത്തവണത്തെ ക്രിസ്മസ് ഫ്രാൻസിൽ ഒരു ബന്ധുവീട്ടിൽ ആഘോഷിക്കാമെന്നു കെവിന്റെ അച്ഛനും അമ്മയും തീരുമാനിക്കുന്നു. അതിനായി പെട്ടെന്നു പുറപ്പെട്ടതിനിടയിൽ കെവിനെ കൂടെക്കൂട്ടാൻ അവർ വിട്ടുപോയി. ഇതറിയാതെ കെവിന്റെ കുടുംബം അങ്ങ് ഫ്രാൻസിലെത്തി.

ഇതിനിടെ കെവിന്റെ വീട്ടിൽ ആളില്ലെന്നറിഞ്ഞ് രണ്ടു വിരുതൻ കള്ളൻമാർ വീട് കൊള്ളയടിക്കാൻ പ്ലാനിടുന്നു. ഹാരി,മാർവ് എന്നിവരായിരുന്നു ഇവർ. കെവിന് മുന്നിൽ രണ്ടു കടമകളായി. സ്വയം കാര്യങ്ങൾ ചെയ്യാൻ പഠിക്കണം, അതിനൊപ്പം കള്ളൻമാരെ വീട് കൊള്ളയടിക്കാൻ അനുവദിക്കാതിരിക്കണം. ഇതിനായി അവൻ നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും കള്ളൻമാരുടെ വിഫലശ്രമങ്ങളുമൊക്കെയാണ് സിനിമയെ പിന്നീട് രസകരമാക്കുന്നത്. ഒടുവിൽ മകനെ കാണാതെ വിഷമിച്ച് വലഞ്ഞ് നാട്ടിലെത്തുന്ന കെവിന്റെ അമ്മ കാണുന്നത് മിടുമിടുക്കനായി മാറിയ കെവിനെയാണ്.

ഇപ്പോൾ സംഗീതജ്ഞനെന്ന നിലയിൽ പ്രശസ്തനായ മക്കാളെ കുൽക്കിനാണ് കെവിന്റെ റോൾ ചെയ്തത്. മക്കാളെയുടെ കുട്ടിത്തം നിറഞ്ഞ ഭാവങ്ങളും ചേഷ്ടകളുമൊക്കെ ആളുകളെ ആകർഷിച്ചു. 12 ആഴ്ചകളാണ് സിനിമ ഇന്റർനാഷനൽ ബോക്സ് ഓഫിസിൽ ഒന്നാം സ്ഥാനത്ത് നിന്നത്. 1982ൽ പുറത്തിറങ്ങിയ ഈ.റ്റി എന്ന ചിത്രത്തിനു ശേഷം കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയ ഒരു ചിത്രം ഇത്ര വലിയ ഒരു വിജയം കൈവരിക്കുന്നത് ആദ്യമായിരുന്നു. 1992ലും 1997ലും ചിത്രത്തിനു രണ്ട് തുടർഭാഗങ്ങൾ കൂടിയിറങ്ങി. 

ഇന്നും ഹോളിവുഡിലെ ഏറ്റവും മികച്ച ക്രിസ്മസ് സിനിമകളിലൊന്നായാണ് ഹോം എലോൺ കരുതപ്പെടുന്നത്. തൊണ്ണൂറുകളിൽ കുട്ടിക്കാലം ചിലവിട്ടവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ് ഈ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com