ഏഴാം വയസ്സിൽ ആദ്യ കവിതാസമാഹാരം; എഴുത്തിന്റെ ലോകത്ത് പിച്ചവച്ച് പാച്ചു

HIGHLIGHTS
  • പ്രകൃതിയാണ് ആ കവിതകളിലെ മുഖ്യ വിഷയം.
  • കവിതകൾ പുസ്തകമാക്കാൻ പ്രചോദനം നൽകിയത് സാനുമാഷാണ്
Pachunte Kavithakal
പാച്ചൂന്റെ കവിതകൾ
SHARE

ഇത് സൂര്യനെ ഒരുപാടു സ്നേഹിക്കുന്ന ഒരു നക്ഷത്രക്കുഞ്ഞിന്റെ കഥയാണ്. ഏഴുവയസ്സുകാരനായ അവന്റെ പേര് സദാശിവ്. ഇടപ്പള്ളി ശിവകീർത്തനത്തിൽ ഡോ. ജോഷിദേവിന്റെയും അഡ്വ. ശ്രീജയുടെയും മകൻ. പാച്ചു എന്ന ഓമനപ്പേരിലറിയപ്പെടുന്ന അവനിപ്പോൾ ഒരെഴുത്തുകാരൻ കൂടിയാണ്. ‘പാച്ച‌ൂന്റെ കവിതകൾ’ എന്ന, 43 കവിതകളുടെ സമാഹാരം പുറത്തിറക്കിയത് ഗ്രീൻ ബുക്സാണ്. പ്രകൃതിയാണ് ആ കവിതകളിലെ മുഖ്യ വിഷയം. മഴയും പുഴയും കിളികളും മഞ്ഞുമെല്ലാം അവൻ ഒരുപാടു പ്രിയത്തോടെ തന്റെ കുഞ്ഞിക്കവിതകളിൽ ചേർത്തുവയ്ക്കുന്നു. രണ്ടരവയസ്സു മുതലുള്ള പാച്ചുവിന്റെ കൗതുകങ്ങളാണ് 43 കവിതകളായി പിറവിയെടുത്തിരിക്കുന്നത്. കവിതകൾ പുസ്തകമാക്കാൻ പ്രചോദനം നൽകിയതും അതിന് അവതാരികയെഴുതി അനുഗ്രഹിച്ചതും പ്രഫ. എം.കെ.സാനുവാണ്. 

കുഞ്ഞു പാച്ചുവിന്റെ ഭാവനകൾക്ക് അക്ഷരങ്ങളിലൂടെ ജീവൻ നൽകിയത് അവന്റെ അമ്മ അഡ്വ. ശ്രീജയാണ്. നാലര വയസ്സു മുതൽ ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റി ഈണത്തിൽ പറയുമായിരുന്നു പാച്ചു. പിന്നെപ്പിന്നെ അതിനൊരു പാട്ടിന്റെയോ കവിതയുടെയോ താളമുണ്ടായി. അതു ശ്രദ്ധിച്ച ശ്രീജ ആ വരികൾ കുറിച്ചെടുത്തുതുടങ്ങി. അതു വായിച്ച സാനു മാഷാണ് പാച്ചുവിലൊരു കവിയുണ്ടെന്നും അവന്റെ കവിതകൾ പുസ്തകമാക്കണമെന്നും പറഞ്ഞത്. അവന്റെ വാക്കുകൾക്ക് അധികം എഡിറ്റിങ് നടത്തേണ്ടെന്നും സാനു മാഷ് നിർദേശിച്ചു. അങ്ങനെയാണ് ‘പാച്ച‌ൂന്റെ കവിതകൾ’ ഒരു പുസ്തകമായി വിരിഞ്ഞത്. ‘പാച്ച‌ൂന്റെ കവിതകൾ’ ഓൺലൈനിലും ലഭ്യമാണ്.

ഭാഷ മാത്രമല്ല ഈ കുഞ്ഞിന് വഴങ്ങുന്നത്. കണക്കും ജനറൽ നോളജുമെല്ലാം പാച്ചുവിന് ഏറെയിഷ്ടം. തൃപ്പൂണിത്തുറ ചോയിസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പാച്ചുവിന് സ്കൂളിൽനിന്നും നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അമ്മ പറയുന്നു. കുഞ്ഞുങ്ങൾക്കു മാത്രമല്ല മാതാപിതാക്കൾക്കും നല്ല കെയർ നൽകുന്ന അധ്യാപന രീതിയാണ് അവിടെ പിന്തുടരുന്നത്. അച്ഛനമ്മമാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ, ഹോംവർക്കും മറ്റും ചെയ്യാതെത്തുന്ന കുട്ടികളെ ഒരിക്കലും അധ്യാപകർ വഴക്കു പറയുകയോ ശിക്ഷിക്കുകയോ ചെയ്യാറില്ല. മാത്രമല്ല, പ്രശ്നങ്ങളിൽ അവരെ ചേർത്തുപിടിക്കുകയും അവരിലെ സർഗാത്മകതയ്ക്ക് നല്ല പ്രോത്സാഹനം നൽകുകയും ചെയ്യുമെന്നും ശ്രീജ പറയുന്നു.

പാച്ചുവിന്റെ കുഞ്ഞുലോകം ഭാവനയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഇന്റർനാഷനൽ തോട്ടാണ് അവന്റെ മനസ്സിലെപ്പോഴുമുള്ളതെന്നുമാണ് അവന്റെ അമ്മ പറയുന്നത്. ലോകകാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പാച്ചുവിന് നൂറുനാവാണ്. രാജ്യങ്ങളുടെ ചരിത്രത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്. സ്പേസ് സയന്റിസ്റ്റ് ആകാൻ ആഗ്രഹിക്കുന്ന പാച്ചുവിന്റെ ആരാധ്യ പുരുഷന്മാർ നരേന്ദ്രമോദിയും ഡോണൾഡ് ട്രംപുമാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പു പരാജയത്തെ പാച്ചു നോക്കിക്കാണുന്നതിങ്ങനെ: ‘തിരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യത്തേക്കാൾ ട്രംപ് മുൻഗണന കൊടുത്തത് കൊറോണയെന്ന മഹാവ്യാധിയെ നിയന്ത്രിക്കാനാണ്. പക്ഷേ ജോ ബൈഡൻ പ്രവർത്തിച്ചത് ഇലക്‌ഷനെ മുന്നിൽക്കണ്ടുകൊണ്ടു മാത്രമാണ്. ഇതു മനസ്സിലാക്കാതെയാണ് അമേരിക്കൻ ജനത ബൈഡനെ ജയിപ്പിച്ചത്!’ അടുത്ത തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും പാച്ചുവിനുണ്ട്. എന്നെങ്കിലുമൊരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണണമെന്നും അദ്ദേഹത്തോടൊപ്പം അഞ്ചു മിനിറ്റ് ചെലവഴിക്കണമെന്നുമാണ് പാച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്.

Pachu With M. K. Sanu
പ്രഫ. എം.കെ.സാനുവിനൊപ്പം പാച്ചു

കവിതയെഴുത്ത് പാച്ചുവിന് പാഷനാണെങ്കിൽ ചിത്രംവരയും ഫൊട്ടോഗ്രഫിയും യാത്രയുമാണ് ഹോബികൾ. അച്ഛനിൽ നിന്നാണ് ചിത്രം വരയ്ക്കാനുള്ള കഴിവ് പാച്ചുവിന് കിട്ടിയത്. ചക്രവർത്തി ഷാജഹാനെയും അദ്ദേഹത്തിന്റെ താജ്മഹലിനെയും ഒരുപോലെയിഷ്ടമാണ് പാച്ചുവിന്. താജ്മഹലിന്റെ ചിത്രമൊക്കെ വരച്ചു സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ താജ്മഹൽ കാണാൻ പോകണമെന്ന പ്ലാനുമുണ്ട്. സംഗീതലോകത്ത് പാച്ചുവിനേറെയിഷ്ടം നിക്ക് ജൊനാസിനെയാണ്. സിനിമാലോകത്ത് ഏറെ പ്രിയം മോഹൻലാലിനോടും. ലൂസിഫറിലെ ഡയലോഗുകൾ കാണാപ്പാഠം. 

മുന്നിൽ കാണുന്ന, കേൾക്കുന്ന, അറിയുന്ന എന്തിനെക്കുറിച്ചും പാച്ചു കവിതയെഴുതും. പഠിക്കാൻ ഒട്ടും നിർബന്ധിക്കാത്ത അമ്മയെക്കുറിച്ചും പാച്ചു കവിതയെഴുതിയിട്ടുണ്ട്. അമ്മയ്ക്ക് തന്നെ കലക്ടറാക്കാനാണ് ഇഷ്ടമെന്ന് പാച്ചുവിനറിയാം. അതും അവൻ കവിതയാക്കിയിട്ടുണ്ട്. താനും കുടുംബവും ശിവഭക്തരാണെന്നും അതുകൊണ്ടാണ് മകൻ ജനിച്ചപ്പോൾ സദാശിവ് എന്ന പേരു നൽകിയതെന്നും ശ്രീജ പറയുന്നു. പാച്ചുവിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് തനിക്ക് കടുത്ത തോതിൽ പ്രമേഹമുണ്ടായിരുന്നുവെന്നും അതിൽ നിന്നു രക്ഷിച്ചത് ശിവഭക്തിയായിരുന്നുവെന്നും ശ്രീജ പറയുന്നു. സദാശിവ് എന്നു പേരിടാനും കാരണമുണ്ട്. മകനിടാനുള്ള കുറേ പേരുകൾ എഴുതിയ പേപ്പറുകളിൽനിന്ന് ഒരെണ്ണം ക്ഷേത്രത്തിൽ വച്ച് തിരഞ്ഞെടുത്തപ്പോൾ ബ്ലാങ്ക് പേപ്പറാണ് കിട്ടിയത്. അതേക്കുറിച്ച് തിരുമേനിയോട് പറഞ്ഞപ്പോൾ, ഇതിലൊന്നും എഴുതാത്ത ഒരു പേര് മനസ്സിലില്ലേ ആ പേരു തന്നെ കുഞ്ഞിന് നൽകൂ എന്നായിരുന്നു മറുപടി. അങ്ങനെയാണ് മകന് സദാശിവ് എന്ന പേരു നൽകിയതെന്ന് ആ അമ്മ ഓർക്കുന്നു.

വാക്കുകളെ ഏറെ സ്നേഹിക്കുന്ന മകൻ എഴുതുമ്പോൾ പ്രായത്തിന്റേതായ തെറ്റുകൾ വരാറുണ്ടെന്നും പക്ഷേ ഒഴുക്കോടെ സംസാരിക്കാനായ ശേഷം മാത്രം എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് പാച്ചുവിന്റെ അമ്മയുടെ നിലപാട്. പാച്ചു ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യുമെന്നും അസാധാരണ വാക്കുകളാണ് അവൻ കൂടുതലായും ഉപയോഗിക്കാറുള്ളതെന്നും അമ്മ പറയുന്നു. ഇംഗ്ലിഷ് നന്നായി എഴുതാനറിയാവുന്ന പല  മലയാളിക്കുട്ടികൾക്കും ഒഴുക്കോടെ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടാറു ണ്ടെന്നും അതൊഴിവാക്കാനാണ് സംസാരത്തിൽ കൂടുതൽ ശ്രദ്ധിക്കട്ടെ എന്ന  തീരുമാനമെന്നുമാണ് അമ്മയുടെ പക്ഷം. 

ഒരുപാടു നീളമുള്ള വാക്കുകളൊക്കെ ഹൃദിസ്ഥമാക്കാൻ‌ പാച്ചുവിന് ഏറെയിഷ്ടമാണെന്നും അവന്റെ ആ ഇഷ്ടത്തെ താനും അവന്റെ അധ്യാപകരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീജ പറയുന്നു. കവിതകളുടെ ലോകത്തുനിന്നു പതുക്കെ കഥകളുടെ ലോകത്തേക്കും പാച്ചു പിച്ച വച്ചു  തുടങ്ങിയിട്ടുണ്ട്. അവന്റെ കൂടുതൽ മികച്ച സർഗാത്മക സൃഷ്ടിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന പ്രതീക്ഷയും പാച്ചുവിന്റെ കുടുംബം പങ്കുവയ്ക്കുന്നു.

English Summary : Pachunte Kavithakal Poem Collections By Sadasiv

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA