ADVERTISEMENT

ചിത്രരചനയുടെ ലോകത്ത് അത്ഭുതമായി മാറിയിരിക്കുകയാണ് അലക്സ് ബേക്കർ എന്ന് 11 വയസ്സുകാരൻ. ഓട്ടിസം ബാധിതനായ ഈ മിടുക്കൻ വരയ്ക്കുന്നത് അത്രയും  താൻ കണ്ട സ്ഥലങ്ങളാണ്. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? സ്ഥലങ്ങളെല്ലാം ഓർത്തെടുത്ത് ഓരോ വിശദാംശങ്ങളും കൃത്യമായി പകർത്താനുള്ള കഴിവാണ് അലക്സിനെ വ്യത്യസ്തനാക്കുന്നത്. 

ഫോട്ടോഗ്രാഫിന്റെയോ മോഡലുകളുടെയോ സഹായമില്ലാതെയാണ് അലക്സ് ഓരോ സ്ഥലവും  വരച്ചെടുക്കുന്നത്. കാണുന്ന സ്ഥലങ്ങൾ അത്രയും ഒരു ഫോട്ടോഗ്രാഫ് പോലെ അലക്സിന്റെ ഉള്ളിൽ പതിയും. പിന്നീട് ഓർമ്മയിൽ പതിഞ്ഞ ഈ രൂപത്തിന്റെ അടിസ്ഥാനത്തിലാണ് വരകൾ ഒക്കെയും. കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും എല്ലാം ഓരോ ഭാഗവും വിട്ടു പോകാതെ അതേപടി പകർത്തിയിരിക്കുകയാണ് ഈ മിടുക്കൻ.

alex-autistic-schoolboy-spends-hours-drawing-detailed-cityscapes-from-memory1

ലണ്ടനിലെ ടവർ ബ്രിഡ്ജ്, പാർലമെൻറ് മന്ദിരങ്ങൾ, ഈഫൽ ഗോപുരം, മാൻഹട്ടൻ നഗരം എന്നിങ്ങനെ അലക്സ് വരച്ചിട്ട ചിത്രങ്ങൾ നിരവധിയാണ്. ഈ സ്ഥലങ്ങളുടെ ഫോട്ടോഗ്രാഫുകളുമായി താരതമ്യം ചെയ്താൽ അവയിലെ ഏറെ സങ്കീർണമായ വിശദാംശങ്ങൾ വരെ  അലക്സിന്റെ ചിത്രത്തിലും ഉണ്ടാകും. രണ്ടാം വയസ്സു മുതൽ തന്നെ ചിത്രരചനയിൽ അലക്സ് ഏറെ താൽപര്യം കാണിച്ചിരുന്നു. നേരിട്ട്  കണ്ടതോ പുസ്തകത്തിൽ കണ്ടതോ  ആയ സ്ഥലങ്ങളെല്ലാം പിന്നീട് ഒരിക്കൽ കൂടി കാണാതെ അതേ പടി പകർത്താനുള്ള അവന്റെ കഴിവ് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ  കൂടുതൽ പ്രോത്സാഹനം നൽകി തുടങ്ങി. ഓരോ ചിത്രവും വരച്ചു തീർക്കുന്നതിനു വേണ്ടി മണിക്കൂറുകൾ  ചെലവിടാനും ഈ മിടുക്കൻ തയ്യാറാണ്.

അലക്സ് വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെ നിരവധി ആരാധകരുമുണ്ട് ഈ മിടുക്കന്. അസാധാരണമായ ഈ കഴിവിന് എല്ലാ ഭാഗത്തുനിന്നും മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു. അലക്സ് വരച്ച മികവുറ്റ ചിത്രങ്ങൾ വില്പനയ്ക്ക് വെക്കാനും പദ്ധതിയുണ്ട്.

കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഏറെ സങ്കീർണമായ നഗരങ്ങൾ വരയ്ക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് അലക്സ് പറയുന്നു. ലണ്ടനിലെ സ്ഥലങ്ങൾ നേരിട്ടുകണ്ട ഓർമ്മയിൽ നിന്നുമാണ് വരയ്ക്കുന്നത്. എന്നാൽ ഇനിയും ന്യൂയോർക്കിൽ പോകാൻ അവസരം ലഭിച്ചിട്ടില്ല. എന്നെങ്കിലും ന്യൂയോർക്ക് നഗരം കാണണമെന്നും അവിടെ കാണുന്ന ഓരോ സ്ഥലങ്ങളും ചിത്രങ്ങളായി പകർത്തണം എന്നതുമാണ് ഈ  കൊച്ചുമിടുക്കന്റെ  ഏറ്റവും വലിയ ആഗ്രഹം.

English summary : Alex autistic schoolboy spends hours drawing detailed cityscapes from memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com