ADVERTISEMENT

ബാർബർ ഷോപ്പിൽ മുടിവെട്ടാൻ ഇരിക്കുന്നതിനിടെ സങ്കടം സഹിക്കവയ്യാതെ പ്രതികരിക്കുന്ന അനുശ്രുത് എന്ന കൊച്ചു മിടുക്കന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുടി വെട്ടുന്ന ആളോട് ഉള്ളിലെ ദേഷ്യം മുഴുവൻ പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രുതിന്റെ ഇരിപ്പ്. ഇപ്പോഴിതാ അതേ വിഡിയോ വീണ്ടും ജനശ്രദ്ധ ആകർഷിക്കുകയാണ്. എന്നാൽ ഇത്തവണ അതിനു കാരണക്കാരായതാകട്ടെ മുംബൈ പൊലീസും .

മുംബൈ പൊലീസ് ഈ വിഡിയോ ഷെയർ ചെയ്തതിനു പിന്നിൽ ഒരു കാരണവുമുണ്ട്. ജനങ്ങൾക്കുള്ള ഒരു ബോധവൽക്കരണം എന്ന നിലയിലാണ്  വിഡിയോയിലെ ഒരു ഭാഗം പങ്കുവെച്ചിരിക്കുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ഉദ്ദേശിച്ചാണ് പോസ്റ്റ്. കൊറോണ പടർന്നു പിടിക്കുന്നതിനിടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരോട്  ഉത്തരവാദിത്വബോധമുള്ള മുംബൈയിലെ ജനങ്ങൾ  ഇങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് അനുശ്രുത്  രോഷാകുലനാകുന്ന ഭാഗം മുംബൈ പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവർക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു മാർഗം മുംബൈ പൊലീസ് സ്വീകരിച്ചത്. എന്തായാലും അനുശ്രുതിന്റെ വിഡിയോ പോലെതന്നെ  മുംബൈ പൊലീസ് ഷെയർ ചെയ്ത വിഡിയോ ഭാഗവും ഹിറ്റായിക്കഴിഞ്ഞു. ഒരു സുരക്ഷാ സന്ദേശം ഇത്ര  രസകരമായി  എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ അവതരിപ്പിച്ചതിന്  അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സൈബർ ലോകം.

ഇൻസ്റ്റാഗ്രാമിൽ മാത്രം അര ലക്ഷത്തിന് മുകളിൽ ആളുകൾ മുംബൈ പൊലീസ് പങ്കുവെച്ച വിഡിയോ കണ്ടുകഴിഞ്ഞു. ജനങ്ങളിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കാൻ ഇങ്ങനെയൊരു വഴി കണ്ടെത്തിയതിന് മുംബൈ പൊലീസിന്റെ സമൂഹമാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക്  പുരസ്കാരം നൽകണമെന്ന തരത്തിലും പ്രതികരണങ്ങൾ നിറയുന്നുണ്ട്.

 English Summary : Mumbai police shares viral video of kid getting haircut covid19 awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com