സ്വന്തമായൊരു ലിപി, രാജ്യങ്ങളുടെ പതാക കാണാതെ വരയ്ക്കൽ, റഷ്യൻ ഭാഷയിൽ പാട്ട് ; താരമായി മാർഷൽ

manadu-lipi-by-marshal-the-fifth-standard-student
മാർഷൽ ദേശീയഗാനം പുതിയ ലിപിയിൽ എഴുതിയത്, മാർഷലിന്റെ മാനഡു ലിപി,
SHARE

സ്വന്തമായൊരു ലിപി, നൂറോളം രാജ്യങ്ങളുടെ പതാക കാണാതെ വരയ്ക്കൽ, റഷ്യൻ ഭാഷയിൽ പാട്ടുപാടൽ...നാട്ടിലെ താരമാകുകയാണ് മാർഷൽ എന്ന അഞ്ചാംക്ലാസുകാരൻ. ലോക്ഡൗൺ കാലം വീട്ടിലിരുന്ന കുട്ടികളെല്ലാം പലവിധ പരീക്ഷങ്ങൾ നടത്തിയപ്പോൾ മാർഷൽ അൽപം വ്യത്യസ്തനാമൊരു ബാലനായി. അങ്ങനെയാണ് നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുതിയ ലിപി വികസിപ്പിച്ചെടുത്തത്. കണ്ടെത്തിയ ഭാഷ ഉപയോഗിച്ച് ദേശീയഗാനം വരെ തർജമ ചെയ്തു കഴിഞ്ഞു ഈ കൊച്ചുമിടുക്കൻ. ഈ മിടുക്ക് തിരിച്ചറിഞ്ഞതോടെ അഭിനന്ദന പ്രവാഹവുമായി നാട് ഒഴുകിയെത്തുകയാണ്. 

മാനഡു 

മാർഷൽ വി. ഷോബിൻ കണ്ടുപിടിച്ച ലിപിയുടെ പേരാണ് മാനഡു. 32 അക്ഷരങ്ങളാണ് മാനഡുവിലുള്ളത്. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മാർ‌ഷൽ. കണ്ടുപിടിച്ച ലിപി ഉപയോഗിച്ച് വാക്കുകളും വാക്യങ്ങളും രൂപപ്പെടുത്താനുള്ള പരിശീലനത്തിലാണിപ്പോൾ മാർഷൽ. റഷ്യൻ, കൊറിയൻ, ജാപ്പനീസ്, ബർമീസ്, ഗുജറാത്തി ഭാഷകളുടെ പ്രാഥമിക പാഠങ്ങളും അഭ്യസിച്ചു കഴിഞ്ഞു മാർഷൽ. ഓരോ ഭാഷയും പഠിക്കാനുള്ള ആപ്പ് ഡൗൺലോഡ് ചെയ്താണ് പഠനം. അക്ഷരങ്ങളിലാണ് അഭ്യാസമെങ്കിലും ഇഷ്ട വിഷയങ്ങൾ സയൻസും കണക്കും. സ്വപ്നം ശാസ്ത്രജ്ഞനാകുക എന്നതും.

ചിത്രംവര, പിയാനോ

കഴിവുകൾ ഇവിടെ തീർന്നില്ല. ചിത്രംവരയാണ് മാർഷൽ കയ്യൊപ്പു ചാർത്തിയ മറ്റൊരു മേഖല. ത്രിഡി പെയിന്റിങ്ങിലും പേപ്പർ ക്രാഫ്റ്റുകളിലും മികവു തെളിയിച്ചു. നല്ലൊരു പിയാനോ ആർട്ടിസ്റ്റ് കൂടിയാണ് മാർഷൽ. 

ഇതാണ് വീട്

മൺകട്ട കൊണ്ടു നിർമിച്ച ഒറ്റമുറി വീട്ടിലാണ് മാർഷലും കുടുംബവും താമസം. കല്ലാനോട് –കൂരാച്ചുണ്ട് റോഡിൽ കാനാട്ട് ജംക്‌ഷനു സമീപമാണ് വീട്. കാർപെന്ററായ ഷോബിന്റെയും മായയുടെ മകനാണ് ഷോബിൻ. സഹോദരങ്ങൾ ഏബൽ, എൽവിസ്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ അടുത്ത വീട്ടിലെ സ്മാർട് ഫോൺ സഹായത്തോടെയാണ് ഈ നേട്ടങ്ങളുടെ കൊടുമുടി മാർഷൽ കയറുന്നതെന്ന് അറിയുമ്പോൾ അതിനു തിളക്കമേറും. ക്ലാസ് അധ്യാപികയായ സ്വപ്ന ജോസഫാണ് മാർഷലിന്റെ കഴിവ് തിരിച്ചറിഞ്ഞതും വേണ്ട പ്രോത്സാഹനങ്ങൾ നൽകിയതും. 

മാർഷലിന്റെ അധ്യാപിക സ്വപ്ന ജോസഫിന്റെ വാക്കുകൾ ‘മാർഷൽ എന്റെ ക്ലാസിലെ മിടുക്കനായ വിദ്യാർഥിയാണ്. അവന്റെ ഉള്ളിലെ കഴിവുകളെക്കുറിച്ച് മനസ്സിലായതോടെ നല്ല പിന്തുണ നൽകി. പരിമിതമായ ജീവിത സാഹചര്യങ്ങളുള്ള മാർഷലിന് നാടിന്റെ പിന്തുണ അത്യാവശ്യമായിരുന്നു. ഇപ്പോൾ കഴിവുകൾ പുറംലോകം അറിഞ്ഞ്, അവനെ അഭിനന്ദിക്കാൻ തുടങ്ങിയതോടെ അവനെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു.’ 

English Summary : Manadu lipi by Marshal the fifth standard student

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA