ടൊവീനോയുടെ സ്വന്തം അപ്പൂസ്, ചേച്ചിപ്പെണ്ണിന്റെ അമ്പാടി; മീനാക്ഷിയും കുഞ്ഞനിയന്മാരും –വിഡിയോ

HIGHLIGHTS
  • പൊന്നേച്ചിയാണെങ്കിലും താനൊരു ചേച്ചിപ്പെണ്ണ് ടൈപ്പ് അല്ല
  • രണ്ടു മിനിറ്റിൽ കൂടുതൽ ഒരുമിച്ചിരുന്നാൽ അപ്പോൾ അടി വയ്ക്കും
SHARE

സിനിമയിലും മിനിസ്ക്രീനിലും മീനാക്ഷി എന്ന മീനൂട്ടി എല്ലാവരുടെയും കുഞ്ഞുവാവയാണ്. മീനാക്ഷിയുടെ ഭാഷയിൽ പറഞ്ഞാൽ 'കൊഞ്ചിക്കട്ട'. എന്നാൽ കോട്ടയം പാദുവയിലെ വീട്ടിൽ മീനാക്ഷി ചേച്ചിപ്പെണ്ണാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അമ്പാടിയുടെയും ഒന്നര വയസുള്ള കുഞ്ഞുവാവയുടെയും ചേച്ചിപ്പെണ്ണ്. പൊന്നേച്ചിയാണെങ്കിലും താനൊരു ചേച്ചിപ്പെണ്ണ് ടൈപ്പ് അല്ലെന്നാണ് മീനാക്ഷി പറയുക. അതിനു കാരണവുമുണ്ട്. രണ്ടു മിനിറ്റിൽ കൂടുതൽ ഒരുമിച്ചിരുന്നാൽ അപ്പോൾ അടി വയ്ക്കും. അനിയന്മാരോടല്ലാതെ പിന്നെ ആരോടാണ് ഇങ്ങനെ പിണങ്ങാനും ഇണങ്ങാനും കഴിയുക? എന്നാൽ എല്ലാ കുറുമ്പുകളും സുല്ല് പറയുന്ന ഒരു കാര്യമുണ്ട് വീട്ടിൽ. അക്കാര്യത്തിൽ മൂന്നു പേരും ഒറ്റക്കെട്ടാ! വീട്ടിലെ കാക്കത്തൊള്ളായിരം വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ! മീനുകളും തത്തയും കോഴിയും താറാവും പട്ടിക്കുട്ടികളും എന്നുവേണ്ട ഒരു മിനി കാഴ്ചബംഗ്ലാവ് തന്നെയുണ്ട് ഇവിടെ. വീട്ടിലെ കുട്ടിക്കുറുമ്പന്മാരുടെ വിശേഷങ്ങളുമായി മീനാക്ഷി മനോരമ ഓൺലൈനിൽ. 

video-interview-with-little-star-meenakshi

'എടീ ചേച്ചി'... പഠിപ്പിച്ചത്

'എനിക്ക് ആറു വയസുള്ളപ്പോഴാണ് അമ്പാടി (ആരിഷ്)  ഉണ്ടാകുന്നത്. ആ സമയത്ത് എന്റെ കൂട്ടകാർക്കൊക്കെ അനിയനോ അനിയത്തിയോ ഒക്കെയുണ്ട്. അവർ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നോ രണ്ടോ വയസായിരുന്നു. അവർ പരസ്പരം പേരായിരുന്നു വിളിച്ചിരുന്നത്. ഒരു എടാ പോടാ ബന്ധം. ഞാൻ ആലോചിച്ചു, അങ്ങനെ ആയാൽ വലുതാകുമ്പോൾ നല്ല കമ്പനി ആകുമല്ലോ. എനിക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് ഞാൻ അമ്പാടിയെക്കൊണ്ട് ചേച്ചി എന്നൊന്നും വിളിപ്പിച്ചില്ല. വലുതായി വന്നപ്പോൾ അവന് എന്തും വിളിക്കാനുള്ള ലൈസൻസ് ആയി ഈ 'എടീ' വിളി. ഇനി മാറ്റാൻ പറഞ്ഞാൽ അവൻ കേൾക്കുകയുമില്ല. ഒരു അബദ്ധം പറ്റിപ്പോയി. (ചേച്ചിയുടെ വർത്തമാനം അടുത്തിരുന്ന് കേട്ട അമ്പാടിയുടെ മുഖത്ത് കുസൃതിച്ചിരി) 

video-interview-with-little-star-meenakshi

ഞങ്ങൾ ഇടയ്ക്ക് വഴക്കിടും. വഴക്കിട്ടാൽ സോൾവ് ചെയ്യാൻ വരുന്നത് അമ്പാടി തന്നെയായിരിക്കും. കാരണം അവനാണ് വഴക്കുണ്ടാക്കുന്നത്. അപ്പോൾ അവൻ തന്നെ 'എടീ വാടീ...' എന്നൊക്കെ പറഞ്ഞ് വീണ്ടും കൂട്ടാകാൻ വരും. അപ്പോൾ ഞാൻ അൽപം ജാട കാണിച്ച് ഇരിക്കും. പക്ഷേ, കൂട്ടുകാരുടെ അടുത്ത് വഴക്കിട്ടാൽ അതു തീർക്കാൻ ഞാൻ തന്നെ മുൻകൈ എടുക്കും. അവരുടെ അടുത്ത് എന്റെ ജാട പറ്റില്ലല്ലോ! അത്ര വലിയ സീരിയസ് വഴക്കൊന്നും അല്ലാട്ടോ... ഒരു ടിവി റിമോട്ടിന് വേണ്ടിയൊക്കെ ആയിരിക്കും ഞങ്ങൾ അടി കൂടുക. 

ടൊവീനോയുടെ സ്വന്തം അപ്പൂസ്

അമ്പാടിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ടൊവീനോ ചേട്ടന്റെ 'കള' എന്ന സിനിമയിൽ ചേട്ടന്റെ മകന്റെ വേഷമാണ്. അപ്പൂസ് എന്നാണ് ചിത്രത്തിലെ പേര്. പിന്നെ ചെയ്തത് സൂപ്പർ ഹീറോ എന്ന സിനിമയാണ്. കുട്ടിത്താരം തെന്നലിനൊപ്പമാണ് അമ്പാടി അഭിനയിച്ചിരിക്കുന്നത്. ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്. ആരും ടൊവീനോ ചേട്ടനെ ഒന്നും പറയാൻ പാടില്ല. ഷൂട്ട് കഴിഞ്ഞ് വരാറുള്ള ദിവസങ്ങളിൽ ടൊവീനോ ചേട്ടന്റെ വിശേഷങ്ങൾ പറഞ്ഞു തീരില്ല. 'ടൊവീനോ ചേട്ടൻ കളിക്കാൻ കൂടും. ഒത്തിരി വർത്തമാനം പറയും. ഞങ്ങൾ ലൂഡോ കളിക്കും,' ഇടയ്ക്ക് കയറി അമ്പാടിയുടെ ടൊവീനോ വിശേഷം. ആ സിനിമയ്ക്കു വേണ്ടി അമ്പാടി മുടി നന്നായി വളർത്തിയിരുന്നു. ഇപ്പോൾ കുറച്ചു മുടി വെട്ടിക്കളഞ്ഞു. (കുറച്ചല്ല... കുറച്ചേറെ വെട്ടിക്കളഞ്ഞെന്ന് അമ്പാടിയുടെ കമന്റ്). മുടി വെട്ടാൻ പോയപ്പോൾ അമ്പാടി ഭയങ്കര ബഹളമായിരുന്നു. പക്ഷേ, അച്ഛനും അമ്മയും വിട്ടില്ല. മുടി വെട്ടിക്കളഞ്ഞു. 

video-interview-with-little-star-meenakshi2

മീനാക്ഷിക്ക് സ്കൂളിൽ പോകാൻ മടിയാ?

റെഗുലർ ആയി സ്കൂളിൽ പോയ കാലം മറന്നു. ഇപ്പോൾ ഒരു ടീച്ചർ വീട്ടിൽ വന്നു പഠിപ്പിക്കും. പരീക്ഷയ്ക്ക് മാത്രമേ സ്കൂളിൽ പോകൂ. എനിക്ക് സ്കൂളിൽ അങ്ങനെ കൂട്ടുകാരില്ല.  ഈ വർഷം ശരിക്കും പത്താം ക്ലാസ് എഴുതേണ്ടതായിരുന്നു. കോവിഡും ലോക്ഡൗണും ഒക്കെ ആയതുകൊണ്ട് അടുത്ത വർഷം ബോർഡ് എക്സാം എഴുതാമെന്നാണ് കരുതുന്നത്. എനിക്കൊരു കൂട്ടിന് ഞാൻ എന്റെ ചില കൂട്ടുകാരെ അടുത്ത വർഷം പത്ത് എഴുതാമെന്ന് പറഞ്ഞ് ചാക്കിടാൻ നോക്കി. പക്ഷേ, നടന്നില്ല. അവരൊക്കെ ഈ വർഷം തന്നെ പത്ത് എഴുതും. പക്ഷേ, അമ്പാടിക്ക് സ്കൂളിൽ പോകാൻ വലിയ ഇഷ്ടമാണ്. അവന് നിറയെ കൂട്ടുകാരൊക്കെയുണ്ട്.    

video-interview-with-little-star-meenakshi1

ചേച്ചി കളിക്കാൻ കൂടില്ലെന്ന് അമ്പാടി

അമ്പാടിയുടെ ഏറ്റവും വലിയ പരാതി ഞാൻ കളിക്കാൻ കൂടില്ലെന്നതാണ്. വിളിച്ചാലും ഞാൻ അങ്ങനെ പോവില്ല. സത്യത്തിൽ ഞാനൊരു ചേച്ചിക്കുട്ടി ടൈപ്പ് അല്ലേയല്ല. ചില സമയത്ത് ഇവനെ കാണുമ്പോൾ പാവം തോന്നും. പാവം തോന്നി ചെന്നു കഴിഞ്ഞാൽ രണ്ടു സെക്കൻഡിനുള്ളിൽ അവിടെ അടിയും ബഹളവും ആകും. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് ഞങ്ങളുടെ താൽപര്യങ്ങളും വേറെ വേറെയാണ്. ഞാൻ ചക്ക എന്നു പറയുമ്പോൾ അവൻ മാങ്ങ എന്നു കേൾക്കും. ഞാനെന്തെങ്കിലും സീരിയസ് ആയി പറയാൻ തുടങ്ങിയാൽ അവൻ ഡോറ ബുജിക്കഥകളുമായി വരും. അതോടെ എന്റെ റിലേ ഔട്ടാകും. പിന്നെ ഇപ്പോൾ വാവ ഉള്ളതുകൊണ്ട് അവന്റെ ഒപ്പമാണ് കളിക്കുക. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അമീറ. അത് ഉടനെ റിലീസ് ആകും.    

 English Summary : Video interview with little star Meenakshi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA