ADVERTISEMENT

മലപ്പുറം ∙ ലോക്ഡൗൺ കാലത്ത് അച്ഛൻ വാങ്ങിക്കൊടുത്ത ഒരു വേൾഡ് മാപ് പസിലിൽ പിടിച്ച് അഞ്ചു വയസ്സുകാരൻ അവ്യംഗ് കയറിയത് ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലേക്ക്. ഒരു മിനിറ്റുകൊണ്ട് 98 രാജ്യങ്ങളുടെ പേര്, അവയുടെ വലുപ്പ ക്രമത്തിൽ പറഞ്ഞാണ് അവ്യംഗ് എന്ന കൊച്ചുമിടുക്കൻ റെക്കോർഡ് കുറിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് വളാഞ്ചേരി ശാഖാ മാനേജർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി കൂടല്ലൂർ ഇല്ലത്ത് ഭവദാസ് നമ്പൂതിരിയുടെയും പാലക്കാട് മുളയങ്കാവ് ഒരുപുലാശ്ശേരി അനഘയുടെയും മകനായ അവ്യംഗ് ചെറുപ്പം മുതലേ അക്കങ്ങളും മറ്റും ഓർത്തുവയ്ക്കുന്നതിൽ മിടുക്കനായിരുന്നു. 

 

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നേരംപോക്കിന് അച്ഛൻ വാങ്ങിക്കൊടുത്ത വേൾഡ് മാപ് പസിൽ കളിക്കുന്നതിനിടെ അവ്യംഗ് രാജ്യങ്ങളുടെ പേരുകളും മനഃപാഠമാക്കി. ലോകത്തെ 195 രാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനവും തെറ്റാതെ പറയാൻ അവ്യംഗ് പഠിച്ചു. ഏറ്റവും വലിയ രാജ്യമായ റഷ്യ മുതൽ ചെറിയ രാജ്യമായ മാലി വരെ വലുപ്പക്രമത്തിൽ പറയുമെന്നതായിരുന്നു അവ്യംഗിന്റെ മിടുക്ക്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയതോടെയാണ് അവ്യംഗിന്റെ ‘റെക്കോർഡ് കരിയർ’ ആരംഭിച്ചത്. ഒരു മിനിറ്റിൽ വലുപ്പ ക്രമം അനുസരിച്ച് എത്ര രാജ്യങ്ങളുടെ പേരു പറയാം എന്നതായിരുന്നു ചോദ്യം. 98 രാജ്യങ്ങളുടെ പേരു പറഞ്ഞാണ് അവ്യംഗ് അന്ന് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് അധികൃതരെ അമ്പരപ്പിച്ചത്. പിന്നീട്, ഇതേ കഴിവിന് കഴിഞ്ഞ ഫെബ്രുവരിയിൽ ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിന്റെ ബഹുമതിയും അവ്യംഗിനെ തേടിയെത്തി. 

 

ബാങ്കിങ് രംഗത്തുള്ള അച്ഛന്റെയും കണക്കിൽ ബിരുദാനന്തരബിരുദമുള്ള അമ്മയുടെയും മകനായ അവ്യംഗ് ചെറുപ്പം മുതലേ കണക്കിൽ മിടുക്കനായിരുന്നു. രണ്ടു വയസ്സിൽ കലണ്ടർ നോക്കി 31 വരെ എണ്ണിയെടുക്കാൻ പഠിച്ചു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഫോൺ നമ്പർ മനഃപാഠമാക്കി. 10 അക്കമുള്ള സംഖ്യകൾ പോലും കൂട്ടിവായിക്കാൻ ശീലിച്ചു. ഇപ്പോൾ, ഏതു വർഷത്തിലെ ഏതു തീയതി പറഞ്ഞാലും അത് ആഴ്ചയിലെ ഏതു ദിവസമാണെന്ന് സെക്കൻഡുകൾക്കുള്ളിൽ പറയാൻ പരിശീലിച്ചുകൊണ്ടിരിക്കുകയാണ് അവ്യംഗ്. പുതിയ ടാസ്കുകളുമായി വീണ്ടും റെക്കോർഡ് ബുക്കുകളിൽ ഇടംനേടാനുള്ള ശ്രമത്തിലാണ് വളാഞ്ചേരി ഡൽഹി ഇന്റർനാഷനൽ സ്കൂളിലെ ഈ യുകെജി വിദ്യാർഥി.

 

English Summary: Five year old Avyang bags Asia book of records and India book of records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com