ADVERTISEMENT

കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിത്തുടങ്ങാനാവാത്ത പ്രായത്തിൽ തന്നെ മനസ്സാന്നിധ്യവും ധൈര്യവുംകൊണ്ട് കുട്ടികൾ ചിലപ്പോൾ നമ്മുടെ അമ്പരപ്പിക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് ഫ്ലോറിഡയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ ഒഴുക്കിനെ തുടർന്ന്  നദിയിൽ കുടുങ്ങിപ്പോയ അച്ഛനെയും അനുജത്തിയേയും രക്ഷിക്കാൻ ഒരു ഏഴുവയസുകാരൻ നിർത്താതെ നീന്തിയത് ഒരു മണിക്കൂറാണ്. വീക്കെൻഡ് ആസ്വദിക്കാൻ അച്ഛൻ സ്റ്റീവൻ പൗസ്റ്റിനും നാലുവയസുകാരി അനുജത്തി അബിഗെയ്ലിനുമൊപ്പം സെന്റ് ജോൺസ് നദിയിൽ ബോട്ടിങ്ങിന് ഇറങ്ങിയ ചേസ് പൗസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

നദിയിൽ നങ്കൂരമിട്ട് ബോട്ട്  നിർത്തിയശേഷം മീൻ പിടിക്കുകയായിരുന്നു അച്ഛനും മക്കളും. എന്നാൽ ഇതിനിടെ ഒഴുക്ക് ശക്തമായി. ഇതോടെ ബോട്ടിൽ ബാലൻസ് ചെയ്യനാവാതെ അബിഗെയ്ൽ പുഴയിലേക്ക് വീഴുകയും ചെയ്തു. കുട്ടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. അബിഗെയ്ലിനൊപ്പമെത്താൻ സ്റ്റീവനും ചേസും വെള്ളത്തിലേക്ക് എടുത്തു ചാടി. മകളെയും കയ്യിലെടുത്ത് ബോട്ടിലേക്ക് നീന്തി അടുക്കാൻ സ്റ്റീവൻ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതോടെ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. 

കാര്യങ്ങൾ അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയ ചേസ് ഉടൻതന്നെ കര ലക്ഷ്യമാക്കി നീന്തുകയായിരുന്നു. മകൻ നീന്തി നീങ്ങുന്നത് കണ്ട്  ഏറെ ഭയപ്പെട്ടെങ്കിലും തനിക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് സ്റ്റീവൻ പറയുന്നു. നീന്തലിനിടെ ക്ഷീണിച്ചുപോകാതിരിക്കാൻ  മലർന്നു കിടന്നും പലരീതിയിൽ നീന്തിയുമാണ് കുഞ്ഞു ചേസ് മുന്നോട്ടുനീങ്ങിയത്. ഒഴുക്ക് എതിർദിശയിൽ ആയതിനാൽ ഒരു മണിക്കൂറിനു മുകളിൽ കിണഞ്ഞു പരിശ്രമിച്ചാണ് കരയിലെത്തിയത്. ഉടൻതന്നെ സമീപത്തുള്ള വീട്ടിലേക്ക് ഓടിയെത്തി സഹായമഭ്യർത്ഥിച്ചു .

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ജാക്സൺവില്ലേ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറ്, ജാക്സൺവില്ലേ പൊലീസ്, ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ എന്നിവിടങ്ങളിൽനിന്നും ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പാഞ്ഞെത്തി. ഈ സമയമത്രയും മകളുമായി കരയിലേക്ക് നീന്താനുള്ള ശ്രമം നടത്തുകയായിരുന്നു സ്റ്റീവൻ. ബോട്ടിൽ നിന്നും ഒരു മൈൽ അകലെയായി ആണ് സ്റ്റീവനെയും മകളെയും സുരക്ഷാസേന കണ്ടെത്തിയത്.

 

സ്വന്തം ജീവൻ പണയംവെച്ച് അച്ഛനെയും അനുജത്തിയേയും രക്ഷിക്കാൻ ചേസ് കാണിച്ച സാഹസം വാർത്തയായതോടെ സൂപ്പർഹീറോ എന്നാണ് പലരും ഈ കുഞ്ഞുമിടുക്കനെ വിശേഷിപ്പിക്കുന്നത്. എന്നാൽ നദിയിൽ ഇറങ്ങിയ സമയത്ത് ചേസും സ്റ്റീവനും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടതായിരുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സ്റ്റീവനും മക്കളും നിയമം പാലിച്ചിരുന്നതായും ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.

English summary :  Seven year old boy swims an hour to save his father and little sister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com