ADVERTISEMENT

79 വർഷങ്ങൾക്ക് മുൻപ് 1942 ജൂൺ 12..തന്റെ പതിമൂന്നാം പിറന്നാളിനു സമ്മാനമായാണു ചുവപ്പും പിങ്കും വെള്ളയും കള്ളികളുള്ള പുറംചട്ടയും അടച്ചുപൂട്ടുമുള്ള ആ സുന്ദരൻ ഡയറി ആ ജൂതപ്പെൺകുട്ടിക്കു ലഭിച്ചത്. അവൾ ആ ഡയറിയിൽ അവളുടെ സ്വപ്നങ്ങളും പേടികളും പ്രതീക്ഷകളും അനുഭവങ്ങളും കോറിയിട്ടു. അഗ്‌നി പടർന്ന ആ അനുഭവങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ ഒരു ഭരണകൂടത്തിന്റെ ചെയ്തികൾ മറനീക്കി വെളിച്ചം കണ്ടത് ആ പതിമൂന്നു വയസ്സുകാരിയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്.

ഇപ്പോഴും ആളുകളിൽ ഞെട്ടലുണ്ടാക്കുന്ന നാത്​സി കാലഘട്ടത്തെപ്പറ്റിയുള്ള പുസ്തകങ്ങളും കുറിപ്പുകളും പലതുണ്ട്. എന്നാൽ ഒന്നും ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ അടുത്തെത്തില്ല. കാരണം, ഇതു സാഹിത്യമല്ല, അനുഭവങ്ങളാണ്. ഒരു കൊച്ചുപെൺകുട്ടിയുടെ പച്ചയായ അനുഭവങ്ങൾ. ഒരെഴുത്തുകാരിയോ ജേണലിസ്റ്റോ ആകാൻ കൊതിച്ചവളായിരുന്നു ആൻ ഫ്രാങ്ക്. ഒരു പക്ഷേ നാത്സി ക്രൂരതയിൽ, അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ അവൾ അതാകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ആൻ ജീവിച്ചിരുന്നെങ്കിൽ 92 വയസ്സുള്ള ഒരു മുത്തശ്ശിയായി മാറിയേനെ. ഇന്ന് അവളുടെ 92 ാം ജന്മദിനമാണ്.

 

ഫ്രാങ്ക് കുടുംബത്തിലെ മാലാഖ

 

ആൻലിസ് മേരി ഫ്രാങ്ക് എന്നു മുഴുവൻ പേരുള്ള ആൻ ഫ്രാങ്ക്, ഓട്ടോ ഫ്രാങ്കിന്റെയും ഈഡിത്തിന്റെയും മകളായി 1929 ജൂൺ 12നു ജർമനിയിലെ ഫ്രാങ്ക്ഫർട് നഗരത്തിലാണു ജനിച്ചത്. മാതാപിതാക്കൾ സ്‌നേഹത്തോടെ അവളെ അന്ന എന്നു വിളിച്ചു. അവരുടെ മാലാഖയായിരുന്നു അവൾ. 

വളരെ ലിബറൽ ചിന്തകൾ നയിച്ചിരുന്ന ഒരു കുടുംബമായിരുന്നു ആനിന്റേത്. പിതാവായ ഓട്ടോ ഫ്രാങ്ക് ജർമനിയിലെ മികച്ച ഒരു ബിസിനസ്സുകാരൻ. സമ്പത്തും സമാധാനവും ആനിന്റെ വീട്ടിൽ നിറഞ്ഞു നിന്നു. മക്കളിൽ വായനാശീലവും അറിവിനോടുള്ള താൽപര്യവും വർധിപ്പിക്കാൻ ഓട്ടോയും ഈഡിത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട്ടിൽ വിപുലമായ ഒരു ലൈബ്രറി അവർ മക്കൾക്കായി തയാർ ചെയ്തു.

എന്നാൽ സന്തോഷദിനങ്ങൾ എക്കാലവും നീണ്ടു നിന്നില്ല. 1933 ജനുവരിയിൽ ജർമനിക്ക് പുതിയൊരു ഭരണാധികാരിയായി. അഡോൾഫ് ഹിറ്റ്‌ലർ. അയാൾ പ്രതിനിധാനം ചെയ്തിരുന്നത് നാത്​സി എന്ന പാർട്ടിയെയാണ്.

ഹിറ്റ്‌ലർ ജർമനിയിൽ അധികാരത്തിലെത്തിയ അതേ നാളിലാണു ഓട്ടോ ഫ്രാങ്ക് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ പുതിയൊരു ഫാക്ടറി തുറന്നത്. ഫ്രൂട്ട് ജാമുകളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തുവിന്റെ ഉത്പാദനമായിരുന്നു ഓട്ടോയുടെ കമ്പനിക്ക്. താമസിയാതെ ആനും ചേച്ചി മാഗോട്ടും അച്ഛനുമമ്മയ്ക്കുമൊപ്പം ആംസ്റ്റർഡാമിൽ താമസം തുടങ്ങി. ആൻ അവിടെയൊരു സ്‌കൂളിൽ ചേർന്നു. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഒരേപോലെ മിടുക്കിയായിരുന്നു ആൻ. ഇതിനിടെ ആനിന്റെ മുത്തശ്ശിയും അവർക്കൊപ്പം താമസിക്കാനെത്തി.

തേടിയെത്തിയ വേട്ടക്കാർ

ഇതിനിടെ വർഷങ്ങൾ കൊഴിഞ്ഞു. ജർമനിയിലെ ഭരണാധികാരി ഹിറ്റ്ലർ സ്വേച്ഛാധിപതിയായി വളർന്നു. അയാളുടെ പാർട്ടിയായ നാത്സി, ജർമനിയിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ സംഘടനയായി മാറി. രണ്ടാം ലോകയുദ്ധവും ഇതിനിടെ പൊട്ടിപ്പുറപ്പെട്ടു. നെതർലൻഡ്‌സിൽ സ്വര്യജീവിതം നയിച്ചിരുന്ന ജൂതരെ ആശങ്കയിലാക്കിക്കൊണ്ട് 1940 മേയിൽ ഹിറ്റ്‌ലറുടെ പട നെതർലൻഡ്‌സിൽ അധിനിവേശം നടത്തി.

 

പിന്നീട് തേർവാഴ്ചയുടെ നാളുകളായിരുന്നു. നെതർലൻഡ്‌സിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ജൂതർ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് അയയ്ക്കപ്പെട്ടു. തന്റെ കുടുംബത്തെ എങ്ങനെ രക്ഷിക്കുമെന്നു തലപുകച്ച് ആലോചിക്കുകയായിരുന്നു ഓട്ടോ ഫ്രാങ്ക്. ഇതിനിടെ നാത്​സികളുടെ നിർബന്ധിത തൊഴിലിൽ ഭാഗഭാക്കാകാനും ലേബർ ക്യാംപിൽ റിപ്പോർട്ടു ചെയ്യാനും ആവശ്യപ്പെട്ട് ആനിന്റെ ചേച്ചി മാഗോട്ടിന് നാത്സി അധികൃതരിൽ നിന്നു കത്തു വന്നു. കോൺസൻട്രേഷൻ ക്യാംപിലേക്കുള്ള ആദ്യപടിയാണ് ഇതെന്നു ഓട്ടോ ഫ്രാങ്ക് ഭയന്നു. എന്തെങ്കിലും ചെയ്‌തേ പറ്റുള്ളുവെന്ന് അദ്ദേഹം തീരുമാനമെടുത്തു.

ചങ്കിടിപ്പിക്കുന്ന ഒളിവു‍ജീവിതം

ആൻ ഫ്രാങ്കിന്റെ ജീവിതത്തിലെ ഏറ്റവും വിഷാദാത്മകമായ കാലമായിരുന്നു ആ രണ്ടു വർഷക്കാലം. തങ്ങൾ കുടുംബസമേതം സ്വിറ്റ്‌സർലൻഡിലേക്കു പോയെന്ന പ്രതീതിയും വ്യാജരേഖകളുമുണ്ടാക്കിയ ശേഷം ആനും ചേച്ചിയും മാതാപിതാക്കളും ഓട്ടോ ഫ്രാങ്കിന്റെ ബിസിനസ് സ്ഥാപനത്തിന്റെ തട്ടുമ്പുറത്ത് ഒളിച്ചു. താമസിയാതെ ഓട്ടോ ഫ്രാങ്കിന്റെ ബിസിനസ് പങ്കാളിയും ജൂതരുമായ ഹെർമൻ വാൻ പെൽസും ഭാര്യയും മകനും, ആംസ്റ്റർഡാമിലെ ഒരു ജൂത ഡെന്റിസ്റ്റായ ഫ്രിറ്റ്‌സ് ഫെഫർ എന്നിവർ കൂടി ഇവർക്കൊപ്പം സഹവസിച്ചു. ഓട്ടോ ഫ്രാങ്കിന്റെ സെക്രട്ടറിയും ഡച്ചുകാരിയുമായ മിയപ് ഗീസ് സ്വന്തം ജീവൻ പണയം വച്ച് ഇവർക്കെല്ലാം ഭക്ഷണമെത്തിച്ചു കൊടുത്തു.

ഒരു തട്ടിൻപുറ മുറിയിൽ ശബ്ദം പോലുമുണ്ടാക്കാതെ ഓരോ നിമിഷവും പിടിവീഴുമെന്നു ഭയന്ന് 25 മാസങ്ങൾ...8 മനുഷ്യാത്മാക്കൾ അവിടെ ദുരിതജീവിതം നയിച്ചു. ആൻ ഫ്രാങ്ക് ആ സ്ഥലത്തെ സീക്രട്ട് അനെക്‌സ് എന്നു വിളിച്ചു. ഏറിയ സമയവും ഡയറിയെഴുത്തിനാണ് അവൾ ചിലവഴിച്ചത്. കിറ്റി എന്ന ഒരു ഭാവനാ കഥാപാത്രത്തോട് പറയുന്ന രീതിയിലായിരുന്നു ആ കഥകൾ.

മരണത്തിലേക്കുള്ള യാത്ര

എന്നാൽ ആൻ ഫ്രാങ്കിനും കുടുംബത്തിനും ഭാഗ്യമുണ്ടായിരുന്നില്ല. ജർമൻ രഹസ്യപ്പൊലീസായ ഗെസ്റ്റപ്പോ, ഇവർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നു താമസിയാതെ മനസ്സിലാക്കി. എല്ലാവരെയും പിടികൂടിയ ജർമൻ പൊലീസ് സംഘങ്ങൾ ഇവരെ കുപ്രസിദ്ധ കോൺസൻട്രേഷൻ ക്യാംപായ ഓഷ്വിറ്റ്‌സിലേക്ക് അയച്ചു. ഓഷ്വിറ്റ്‌സിൽ ശാരീരിക പരിശോധനയുണ്ടായിരുന്നു. ആരോഗ്യമുള്ള ജൂതരെ ലേബർ ക്യാംപുകളിലേക്കയയ്ക്കും. ആരോഗ്യം കുറഞ്ഞവരെ ഗ്യാസ് ചേംബറുകളിലേക്കും.

വടക്കൻ ജർമനിയിലുള്ള ബെർഗൻ-ബെൽസൻ ക്യാംപിലേക്കാണു ആനും ചേച്ചി മാഗോട്ടും പോയത്. ഇവിടെ അവർക്കു തുടർച്ചയായ ജോലികൾ, പട്ടിണി തുടങ്ങി ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. 1945 ജനുവരിയിൽ അവരുടെ അമ്മയായ ഈഡിത്ത് പട്ടിണിമൂലം ഓഷ്വിറ്റ്‌സിൽ മരിച്ചു. തൊട്ടടുത്ത മാസം ആൻ ഫ്രാങ്കിനെയും ചേച്ചി മാഗോട്ടിനെയും തേടി മരണമെത്തി. ഇരുവരും ടൈഫസ് എന്ന സാംക്രമിക രോഗത്തിന്റെ പിടിയിലായിരുന്നു. താമസിയാതെ ഇവരുടെ ശവശരീരങ്ങൾ ഒരു കൂട്ടക്കുഴിമാടത്തിലേക്കു നാത്​സി അധികൃതർ എറിഞ്ഞുകളഞ്ഞു.

തട്ടിൻപുറത്തു താമസിച്ചിരുന്നവരിൽ ഓട്ടോ ഫ്രാങ്ക് അല്ലാതെ എല്ലാവരും മരിച്ചു കഴിഞ്ഞിരുന്നു. ലോകയുദ്ധം അവസാനിച്ചു. ഹിറ്റ്‌ലറും ആത്മഹത്യ ചെയ്തു. ഓട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിലേക്കു തിരികെയെത്തി. അദ്ദേഹത്തിന്റെ സെക്രട്ടറി മിയപ് ഗീസിന് ഒരു കാര്യം അദ്ദേഹത്തിനു നൽകാനുണ്ടായിരുന്നു. ആൻഫ്രാങ്കിന്‌റെ ഡയറിക്കുറിപ്പുകളായിരുന്നു അവ. നാത്​സികൾ ഫ്രാങ്ക് കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടു പോയതിനു ശേഷം അവിടെ നിന്നു മിയപ് കണ്ടെത്തവയായിരുന്നു ആ കുറിപ്പുകൾ.

ആ കുറിപ്പുകളിലൂടെ ആൻ ഫ്രാങ്കിന്റെ ചിന്തകളെ ഓട്ടോ ഫ്രാങ്ക് വായിച്ചു. താൻ കരുതിയതിലും എത്ര വ്യത്യസ്തയാണു തന്റെ മകളെന്ന് അദ്ദേഹം മനസ്സിലാക്കിയത് അപ്പോളാണ്. കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. 

അദ്ദേഹം പണിപ്പെട്ട് കുറിപ്പുകളെല്ലാം പുസ്തകരൂപത്തിലാക്കി. രണ്ടാം ലോകയുദ്ധം ജനമനസ്സുകളിൽ ആഴത്തിൽ മുറിവേൽപിച്ചാണ് കടന്നുപോയത്. അതിനാൽ തന്നെ അതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മടിച്ചിരുന്ന കാലമാണത്. കടന്നുപോയ കനൽക്കാലത്തിന്റെ ഓർമകൾ ജനങ്ങൾ സ്വീകരിക്കില്ലെന്നായിരുന്നു അവരുടെ വിശ്വാസം. ആൻ ഫ്രാങ്കിന്‌റെ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ പിന്നീട് ഹെറ്റ് അചെറ്റെറിയസ് എന്ന പേരിൽ ഡച്ച് ഭാഷയിൽ ഇതു പുറത്തിറങ്ങി.

യുഎസിലെ പ്രസാധകരും ആദ്യം ഇതിനു വില കൊടുത്തില്ല. പക്ഷേ ഒരു പ്രധാന എഡിറ്ററുടെ സെക്രട്ടറി നിർബന്ധം പിടിച്ചതിനാൽ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ 1952 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസാധകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇതിന്റെ സ്വീകാര്യത. പിന്നീട് ലോകത്ത് ഈ പുസ്തകത്തിന്‌റെ മൂന്നു കോടിയോളം പകർപ്പുകൾ വിറ്റഴിക്കപ്പെട്ടു. ലോകത്ത് പല സ്‌കൂളുകളിലും ഇതു പാഠ്യപദ്ധതിയുടെ ഭാഗമായി. പിൽക്കാലത്ത് ആൻ ഫ്രാങ്ക് ഒളിവിൽ കഴിഞ്ഞ തട്ടിൻപുറം ഒരു മ്യൂസിയമായി മാറി. 

വെറും 16 വർഷങ്ങളാണ് ആൻ ഫ്രാങ്ക് ഭൂമിയിൽ ജീവിച്ചത്. പക്ഷേ ലോകത്തെ പറ്റി മഹത്തായ ചിന്തകൾ ഈ സമയത്തിനിടെ തന്നെ അവൾ തന്നിൽ സ്വാംശീകരിച്ചിരുന്നു. ഞാൻ വിശ്വസിക്കുന്നു, ആളുകളെല്ലാം ഹൃദയം കൊണ്ട് നല്ലവരാണ്.- നാത്​സി ഭീകരതയുടെ വാൾമുനയിൽ നിൽക്കുമ്പോഴും അവൾ ഡയറിയിലെഴുതിയ വാക്കുകൾ. ആൻ ഫ്രാങ്ക് ലോകത്തിനൊരു പ്രത്യാശയുടെ ചിഹ്നമാണ്.

 

English summary: Anne Frank and Her Diary - Birthday special

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com