ADVERTISEMENT

കള സിനിയിലെ അപ്പൂസിന് ബ്ലാക്കി എന്ന ഒരു വളർത്തുനായ മാത്രമേയുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ അപ്പൂസിനെ അവതരിപ്പിച്ച ആരിഷിന് ഇല്ലാത്ത വളർത്തുമൃഗങ്ങളില്ല. ചുമ്മാ നടക്കുമ്പോൾ പോലും കയ്യിലൊരു ഫിഷ് ബൗളുണ്ടെങ്കിൽ ആരിഷ് എന്ന അമ്പാടി ഹാപ്പി! പല തരത്തിലുള്ള മീനുകൾ, താറാവുകൾ, കോഴികൾ, തത്ത എന്നുവേണ്ട ഒരു പെറ്റ്ഹൗസ് തന്നെയുണ്ട് ആരിഷിന്റെ വീട്ടിൽ. ചേച്ചി മീനാക്ഷിക്കാണോ ആരിഷിനാണോ വളർത്തുമൃഗങ്ങളോടു കൂടുതൽ സ്നേഹം എന്നു ചോദിച്ചാൽ, മീനാക്ഷിയെ ഉത്തരം പറയാൻ പോലും സമ്മതിക്കാതെ ആരിഷ് പറയും, 'എനിക്കാ പെറ്റ്സിനെ കൂടുതലിഷ്ടം' എന്ന്. എല്ലാ പക്ഷിമൃഗാദികളോടും ഇഷ്ടമുണ്ടെങ്കിലും നായ്ക്കളോടും മീനുകളോടും ഒരിഷ്ടക്കൂടുതലുണ്ട് ആരിഷിന്. 

പെറ്റ്സിനൊപ്പം സൂപ്പർ കൂൾ

മൃഗങ്ങളോടുള്ള ഈ ഇഷ്ടം പലപ്പോഴും ഷൂട്ടിനു ചെല്ലുമ്പോൾ സഹായമാകാറുണ്ട്. കാരണം കുട്ടികളെ വച്ചുള്ള ഷൂട്ടിൽ മിക്കവാറും എന്തെങ്കിലുമൊരു ഓമനമൃഗങ്ങളും കാണും. പ്രത്യേകിച്ചും നായ്ക്കുട്ടികൾ! 'കള'യുടെ സെറ്റിൽ പക്ഷേ, ആരിഷിനെ കാത്തിരുന്നത് കരിമ്പുലിയെപ്പോലെ ഇരിക്കുന്ന ഒരു നായ ആയിരുന്നു. കെയ്ൻ കോർസോ ഇനത്തിൽപ്പെട്ട 'സോഫി'! അങ്ങനെ ആരുമായും അത്ര പെട്ടെന്നൊന്നും ഇണങ്ങാത്ത സോഫിയെ കണ്ടപ്പോൾ ആരിഷും ആദ്യമൊന്നു ഭയന്നു. പിന്നെ, കമ്പനിയായി. അതിനു സഹായിച്ചത് ടൊവീനോ അങ്കിളാണെന്ന് ആരിഷ്. സെറ്റിൽ ലൂഡോ കളിക്കാനും വർത്തമാനം പറയാനും എന്തിനും ഏതിനും ടൊവിനോ അങ്കിളാണ് കൂട്ട്. ഷൂട്ട് കഴിഞ്ഞു വീട്ടിൽ വന്നാലും ടൊവീനോ അങ്കിളിന്റെ വിശേഷങ്ങൾ തീരാറില്ല! ഇതുവരെ അഭിനയിച്ചവരിൽ ആരോടാണ് കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ആരിഷ് പറയും– ടൊവീനോ അങ്കിൾ! 

interview-with-kala-movie-little-star-aarish-anoop3

നായസ്നേഹം പുലിവാലായപ്പോൾ

വീട്ടിലായാലും സെറ്റിലായാലും നായകളെ കണ്ടാൽ ആരിഷിന് പ്രത്യേക സ്നേഹമാണ്. അവയെ കൊഞ്ചിക്കാനും അവയ്ക്കൊപ്പം കളിയ്ക്കാനും ആരിഷ് മുൻപിൽ കാണും. അങ്ങനെ ഒരിക്കൽ ഒരു തെരുവുനായയുടെ കടി കിട്ടിയിട്ടുണ്ട്. അതിരപ്പിള്ളി ഭാഗത്ത് ചേച്ചി മീനാക്ഷിയുടെ കൂടെ ഒരു ഷൂട്ടിന് പോയതായിരുന്നു. ഒരു തട്ടുകടയിൽ നിന്നായിരുന്നു ഭക്ഷണം. അതിനു മുൻപിലുണ്ടായിരുന്ന തെരുവുനായയുമായി ആരിഷ് കമ്പനി കൂടി. ഒടുവിൽ നല്ലൊരു കടിയും കിട്ടി. നീയെന്താ ചെയ്തേയെന്നു ചോദിച്ച അച്ഛന് ആരിഷ് കൊടുത്ത മറുപടിയാണ് രസം– 'അച്ഛാ... ആ പട്ടിയുടെ കാൽപാദം നല്ല ഇഡ്ഡലി പോലെയാ ഇരിക്കുന്നേ.. അതൊന്നു തൊട്ടു നോക്കീതാ!' എന്ന്. എന്തായാലും രാത്രിയിൽ വാഹനം പോലുമില്ലാത്ത ആ സ്ഥലത്തു നിന്നു ആരിഷിനെ ആശുപത്രിയിലെത്തിക്കാൻ അച്ഛൻ അനൂപ് അൽപമൊന്നുമല്ല വിഷമിച്ചത്. ഒരു തവണ കടി കിട്ടിയെന്നു കരുതി നായ്ക്കളോട് പേടിയൊന്നുമില്ല. സ്നേഹം കൂടിയിട്ടേ ഉള്ളൂ. ഇപ്പോൾ ഇൻജക്ഷൻ എടുത്തല്ലോ... ധൈര്യമായില്ലേ എന്ന ലൈനിലാണ് കക്ഷി. 

സെറ്റിൽ വികൃതിക്കുട്ടി, ക്യാമറയ്ക്കു മുൻപിൽ സൂപ്പർസ്റ്റാർ

സെറ്റിൽ ചെന്നാൽ എല്ലാവരുമായും കൂട്ടാകാൻ ആരിഷിന് അധികം സമയമൊന്നും വേണ്ട. പ്രൊഡക്ഷനോ ആർട്ടോ, കോസ്റ്റ്യൂമോ... ഡിപ്പാർട്ട്മെന്റ് ഏതായാലും ആരിഷ് അവിടെ അമ്പാടി കണ്ണനാകും. കുഞ്ഞു വികൃതികളും തമാശകളും ഒപ്പിച്ച് പറന്നു നടക്കും. പൃഥ്വിരാജ് നായകനാകുന്ന കടുവയിൽ താരത്തിന്റെ മകനായിട്ടാണ് ആരിഷ് അഭിനയിക്കുന്നത്. ഒരു രണ്ടുനിലയുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ. ഒന്നു ശ്രമിച്ചാൽ പുരപ്പുറത്തു കയറാവുന്ന തരത്തിലാണ് വീടിരിക്കുന്നത്. ഷൂട്ടിനിടയിൽ ഒരു ദിവസം സെക്യൂരിറ്റിക്കാർ കണ്ട കാഴ്ച മേൽക്കൂരയ്ക്കു മുകളിൽ കൂളായി ഇരിക്കുന്ന ആരിഷിനെയാണ്. താഴെയിറക്കി ചോദിച്ചപ്പോൾ, ചുമ്മാ ഒരു രസത്തിന് കയറിയതാണെന്ന് മറുപടി. പക്ഷേ, ഈ ലൊട്ടുലൊടുക്കു പരിപാടികളൊന്നും ഷൂട്ടിന് തടസമാകാതെ നോക്കാൻ ആരിഷിന് അറിയാം. ഷൂട്ടിനിടയിൽ കുട്ടിക്കളിയൊന്നുമില്ല. എവിടെയൊക്കെ കളിച്ചും ചിരിച്ചും നടന്നാലും ക്യാമറയ്ക്കു മുൻപിൽ ആക്ഷൻ പറഞ്ഞാൽ ഞൊടിയിടയിൽ ആരിഷ് ആ കഥാപാത്രമാകും. 

interview-with-kala-movie-little-star-aarish-anoop1

ഡബിങ് എല്ലാം ഒറ്റയ്ക്ക്

സിനിമയിൽ തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത് ആരിഷ് തന്നെയാണ്. സെറ്റിൽ പറഞ്ഞ ഡയലോഗ് അതേപടി ഓർത്തിരിക്കും. ഡബിങ് സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ ആദ്യം സീൻ കാണും. പിന്നെ സ്ക്രീൻ ഓഫ് ചെയ്താൽ മതി. അഭിനയിച്ചപ്പോൾ പറഞ്ഞ ഡയലോഗ് അതേ മോഡുലേഷനിൽ കക്ഷി പറയും. സ്ക്രീനിലെ ദൃശ്യങ്ങൾ നോക്കി ഡബ് ചെയ്യുന്നതിനേക്കാൾ സീൻ കണ്ടതിനുശേഷം സ്ക്രീൻ ഓഫാക്കി ചെയ്യുന്നതാണ് ആരിഷിന്റെ ശൈലി. ഡബ് ചെയ്യുമ്പോൾ സ്ക്രീനിൽ നോക്കിയാൽ കൂടെ അഭിനയിച്ചവരുടെ ഡയലോഗിലാകും ശ്രദ്ധ. അതൊഴിവാക്കാനാണ് ഈ സ്ക്രീൻ ഓഫാക്കൽ പരിപാടി. 

വീട്ടിലെ പൂപ്പിയും ചോക്കോയും

പൂപ്പി, ചോക്കോ എന്നു പേരുള്ള രണ്ടു നായകളും കോക്കറ്റീൽ (cockatiel) പക്ഷികളുമാണ് വീട്ടിലെ ആരിഷിന്റെ പ്രധാന കൂട്ടുകാർ. പൂപ്പിയെ റോഡിൽ നിന്നെടുത്തു വളർത്തിയതാണ്. വീട്ടിലെ ആരിഷിന്റെ കുസൃതികൾക്കൊപ്പം പൂപ്പിയും ചോക്കോയും കാണും. ആരിഷിന്റെ ഇരട്ടിവലുപ്പമുണ്ട് ചോക്കോ എന്ന ജർമ്മൻ ഷെപ്പേർ‍‍‍‍‍ഡ് നായയ്ക്ക്! പക്ഷേ, കളിക്കുമ്പോൾ ഈ വലിപ്പമൊന്നും ഒരു പ്രശ്നമല്ല. പക്ഷേ, ടെൻഷൻ വീട്ടുകാർക്കാണ്. ഓടിക്കളിച്ച് എന്തെങ്കിലും പരിക്കു പറ്റിയാൽ ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ലുക്കിനെ ബാധിക്കുമല്ലോ!  എങ്കിലും കണ്ണൊന്നു തെറ്റിയാൽ ആരിഷ് പൂപ്പിക്കും ചോക്കോയ്ക്കും ഒപ്പം കളിക്കാനിറങ്ങും. അക്വേറിയത്തിലെ മീൻകുഞ്ഞുങ്ങളോട് വർത്തമാനം പറഞ്ഞും കോക്കറ്റീൽ പക്ഷികളോട് കുസൃതി കാണിച്ചും പാദുവായിലെ വീട്ടിൽ ഒരു വണ്ടർലാൻഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആരിഷ്. ചേച്ചിയോടൊപ്പം അഭിനയിച്ച അമീറ റിലീസായി. ജയരാജ് സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയും പൃഥ്വിരാജിന്റെ കടുവയുമാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. 

English summary: Interview with Kala movie little star Aarish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com