ADVERTISEMENT

ഇന്ന് രാജ്യാന്തര ബാലവേല വിരുദ്ധ ദിനം. വിദ്യാലയങ്ങളിലും കളിസ്ഥലങ്ങളിലും വിടരേണ്ട ബാല്യങ്ങൾ പണിസ്ഥലങ്ങളിൽ ഉണങ്ങിക്കരിയുന്നത് തീർത്തും മനുഷ്യാവകാശ വിരുദ്ധമായ ഒരു കാര്യമാണ്.ഇത്തവണത്തെ ബാലവേല വിരുദ്ധ ദിനത്തിൽ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ നേടുന്ന രാജ്യമാണ് ഉത്തരകൊറിയ. ഖനികളിൽ വൻതോതിൽ കുട്ടികളെ ഉത്തര കൊറിയ ജോലിക്കു വച്ചിട്ടുണ്ടെന്നു 2 ആഴ്ച മുൻപ് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിനു പിന്നാലെരാജ്യാന്തര സമൂഹം ഇക്കാര്യത്തിൽ വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

 

ഉത്തര കൊറിയയേക്കാൾ ബാലവേല നടമാടുന്ന പല രാജ്യങ്ങളുമുണ്ട്. പക്ഷേ ഉത്തര കൊറിയയുടെ ബാലവേല നിരക്ക് കണക്കാക്കാൻ സാധിക്കാത്തതും അവിടെ പരിശോധന നടത്താൻ കഴിയാത്തതും സങ്കീർണമായ ഒരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

2017 ൽ യുഎൻ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ഉത്തര കൊറിയയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നു. കൃഷിയിടങ്ങൾ, പാറമടകൾ, ആക്രി പെറുക്കൽ, മറ്റ് കായികാധ്വാനമുള്ള ജോലികൾ എന്നിവയിലെല്ലാം ഉത്തര കൊറിയൻ കുട്ടികൾ ഭാഗഭാക്കാകുന്നെന്നാണു റിപ്പോർട്ടിന്റെ കണ്ടെത്തൽ. സ്കൂളിൽ പോകുന്ന കുട്ടികൾ സ്കൂൾ ടൈമിന്റെ പകുതി സമയവും വിവിധ ജോലികൾ ചെയ്യുകയാണെന്നും വെളിപ്പെടുത്തലുകളുണ്ട്.

ഉത്തര കൊറിയയിൽ നിന്നും ചിലപ്പോഴൊക്കെ ആളുകൾ രക്ഷ തേടി ദക്ഷിണ കൊറിയയിലേക്കു കടക്കാറുണ്ട്. ഇവരാണ് ഇത്തരം വെളിപ്പെടുത്തലുകൾ രാജ്യാന്തര അധികൃതരോട് നടത്തുന്നത്. കൊറിയയിലെ വർക്കേഴ്സ് പാർട്ടിയും അവിടത്തെ വിദ്യാഭ്യാസ മന്ത്രാലയവും ഇക്കാര്യത്തിൽ പങ്കാളികളാണെന്നും ഇതിന്റെ പേരിൽ കനത്ത അഴിമതി രാജ്യത്തുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 

പല കുട്ടികൾക്കും തങ്ങൾ ബാലവേല ചെയ്യുകയാണെന്ന യാതൊരു ബോധവും ഇല്ല. ഇതെല്ലാം തങ്ങളുടെ കടമകളുടെ ഭാഗമായി ചെയ്യുന്നു എന്ന ബോധമാണ് ഉള്ളത്. എല്ലാ കുട്ടികൾക്കും ഇത് അനുഭവിക്കേണ്ടി വരുന്നില്ലെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു. രാജ്യത്തെ കുടുംബങ്ങളിൽ ഭരണകൂടത്തോട് സ്വാധീനമുള്ളവരുടെയും പണക്കാരുടെയും വീട്ടിൽ നിന്നുള്ള കുട്ടികൾ ബാലവേലയിൽ നിന്നൊഴിവാകും. പാവപ്പെട്ട സാഹചര്യങ്ങളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുക്കേണ്ടിയും വരും. പണക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനത്തിനായി പ്രത്യേക സ്കൂളുകളുണ്ട്. അവർ ഇവിടെ കണക്കും ശാസ്ത്രവും ഇംഗ്ലിഷും ഉൾപ്പെടെ യഥാർഥ വിഷയങ്ങൾ പഠിച്ച് ഉന്നത ജോലികളിൽ പ്രവേശിക്കും. സാധാരണക്കാരുടെ മക്കൾ കിം ഭരണകൂടത്തിന്റെയും കുടുംബത്തിന്റെയും ചരിത്രവും വീരസ്യങ്ങളും വള്ളിപുള്ളി വിടാതെ പഠിച്ച് ബാലവേലയിലുമേർപ്പെട്ട് തങ്ങളുടെ സ്കൂൾജീവിതം തള്ളിനീക്കും.

 

കൺസ്ട്രക്ഷൻ സൈറ്റുകളിലും വിദ്യാർഥികളെ ബാലവേലയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നു പരക്കെ ആരോപണമുണ്ട്. ഉത്തര കൊറിയയിലെ ഏറെ ചർച്ചചെയ്യപ്പെടുന്ന സാംജിയോൺ പദ്ധതിയിൽ കുട്ടികളുടെ പ്രാതിനിധ്യം വളരെയേറെയുണ്ടെന്നാണു നിരീക്ഷകർ പറയുന്നത്. കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തേക്ക് വൈറസ് എത്താതിരിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ ചൈനയുമായുള്ള അതിർത്തികൾ അടച്ചിരുന്നു. ഇതു മൂലം രാജ്യത്തു വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഈ പ്രശ്നം രാജ്യത്തു ബാലവേലയുടെ തോത് കൂട്ടിയെന്ന് ആരോപണമുണ്ടാക്കുന്നുണ്ട്.

 

ഇതു കൂടാതെയും കുട്ടികളുടെ അധ്വാനം ചൂഷണം ചെയ്യുന്ന ധാരാളം പ്രവർത്തനങ്ങൾ ഉത്തര കൊറിയയിലുണ്ട്. കിം ജോങ് ഉന്നിന്റെയും പിതാവിന്റെയും മുത്തശ്ശന്റെയും ജന്മദിനങ്ങൾ ഉത്തര കൊറിയയിൽ വലിയ ആഘോഷമാണ്. ഇതിനായി ഒട്ടേറെ കലാപ്രവർത്തനങ്ങളും മറ്റു ജോലികളുമൊക്കെയുണ്ട്. ചെലവു ലാഭിക്കാൻ ഇവയിൽ നല്ലൊരു പങ്ക് ജോലികൾ കുട്ടികളെക്കൊണ്ട് നിർബന്ധിച്ചാണു ചെയ്യിക്കുന്നത്. ഉത്തര കൊറിയ മാത്രമല്ല, ലോകമെമ്പാടും ബാലവേല ഒരു വലിയ പ്രതിസന്ധിയാണ്. 16 കോടി കുട്ടികൾ ബാലവേല ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കോവിഡ് മൂലം ജീവിത സാഹചര്യങ്ങൾ നഷ്ടമായതിനാൽ ഒരു കോടിയോളം കുട്ടികൾ പുതുതായി ബാലവേല ചെയ്യാൻ തുടങ്ങിയിട്ടുണ്ടാകുമെന്നും ഐഎൽഒ പറയുന്നു.

 

English summary : International anti child labour day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com