ADVERTISEMENT

സർക്കാർ കുട്ടികൾക്കായി തരുന്ന ഭക്ഷ്യക്കിറ്റിൽ ബിസ്ക്കറ്റോ സ്നാക്സോ വേണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുഞ്ഞ് മിടുക്കിയാണ് അനറ്റ്. കത്ത് വായിച്ചതും സർക്കാർ ഉടൻ തന്നെ തീരുമാനമെടുത്തു, സ്കൂളുകൾ വഴി അടുത്ത മാസവും സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താൽ അതിൽ ബിസ്കറ്റും ഉണ്ടാകുമെന്ന്. ഇങ്ങനെ ഒരു കത്തെഴുതാനുണ്ടായ കാരണം അനറ്റ് മനോരമ ഓൺലൈനോട് പറയുന്നു.

കിറ്റ് തുറക്കും, സങ്കടമാകും

പപ്പ എപ്പോഴും വീട്ടിൽ കിറ്റ് കൊണ്ടുവരും. കൊറോണ ആയതുകൊണ്ട് പപ്പ സ്കൂളിൽ ചെന്ന് വാങ്ങുവാണ് ചെയ്യുന്നത്. ഞാൻ ഈ കിറ്റുകാണുമ്പോഴേ ഓടിച്ചെന്ന് അഴിച്ചു നോക്കും, പക്ഷെ അതിൽ പയറും കടലയും സാധനങ്ങളും മാത്രമേ ഉണ്ടാകൂ. ഞാൻ അപ്പോ പപ്പയോട് ചോദിക്കും ഇതെന്താ പിള്ളേർക്കുള്ള കിറ്റിൽ ഞങ്ങൾക്ക് കഴിക്കാൻ സ്നാക്സ് ഒന്നും വയ്ക്കാത്തതെന്ന്. ഇത് കേട്ട് പപ്പ എന്നെ വഴക്ക് പറയും. നിനക്ക് അഹങ്കാരമാണ്. നാട്ടിലൊക്ക ആളുകൾ ഭക്ഷണമില്ലാതെ കഷ്ടപ്പെടുമ്പോൾ നിനക്ക് ബിസ്ക്കറ്റ് കിട്ടാഞ്ഞിട്ടാ സങ്കടം. പ്രളയവും കൊറോണയുമൊന്നും നിനക്കറിയില്ലേ എന്ന് ചോദിക്കും. നീ പോയി മുഖ്യമന്ത്രിയോട് പരാതി പറയാൻ പറയും. അങ്ങനെയാണ് അവസാനം മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചത്.

വീട്ടുകാർ അറിഞ്ഞില്ല

വീട്ടുകാർ അറിയാതെയാണ് കത്തെഴുതിയത്. അഡ്രസ് ഗൂഗിൾ നോക്കി കണ്ടുപിടിച്ചു. പ്രിയപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് അനറ്റ് എന്ന് പറഞ്ഞാണ് കത്ത്  തുടങ്ങയിത്. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ സർ. അങ്ങ് പ്രളയത്തിലും കൊറോണക്കാലത്തുമെല്ലാം ഞങ്ങൾക്ക് ഒരുപാട് സാധനങ്ങൾ തന്നു. അതിൽ നന്ദിയുണ്ട്. ഞങ്ങൾ കുട്ടികൾക്ക് കഴിക്കാനുള്ള എന്തെങ്കിലും സ്നാക്സ് കൂടി കിറ്റിൽ ഉൾപ്പെടുത്തണം. ബിസ്ക്കറ്റോ ലെയ്സോ അങ്ങനെയെന്തെങ്കിലും മതി, എന്നും കത്തിലെഴുതി.

interview-with-student-anat-who-send-letter-to-cm-for-snacks-in-food-kit1

അടൂരിൽ അമ്മച്ചിയെ കാണാൻ പോകും വഴി ഞാൻ തന്നെയാണ് കത്ത് പെട്ടിയിൽ ഇട്ടത്. കത്ത് കൂട്ടുകാരിക്കുള്ളതാണെന്ന് പപ്പയോട് നുണ പറഞ്ഞാണ് പോസ്റ്റ് ചെയ്തത്. ടീച്ചർ പറഞ്ഞിട്ടുണ്ട് കൂട്ടുകാർക്ക് കത്തെഴുതണമെന്ന്, അതുകൊണ്ടാണ് എഴുതിയതെന്നും പറഞ്ഞു. പപ്പയും അമ്മയും അറിഞ്ഞാൽ സമ്മതിച്ചില്ലെങ്കിലോയെന്നു കരുതി. പിന്നീട് ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പക്ഷെ അവർ കാര്യമാക്കിയിരുന്നില്ല.

മന്ത്രി വിളിച്ചു, ഞെട്ടി

കത്തിൽ അമ്മയുടെ നമ്പർ വച്ചിരുന്നു. മുഖ്യമന്ത്രി കത്ത് വായിച്ചശേഷം ഭക്ഷ്യമന്ത്രിക്ക് കൈമാറി. ഭക്ഷ്യമന്ത്രി  ജി.ആർ അനിൽ സാറാണ് വിളിച്ചത്. ഞാനാണ് ഫോണെടുത്തത്.  മന്ത്രീടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ എനിക്കാകെ വെപ്രളമായി. അമ്മ പുറത്ത് ജോലിയിലായിരുന്നു. ഞാൻ ഫോൺ ചേച്ചിടെ കയ്യിൽ കൊടുത്തു. ചേച്ചി പറഞ്ഞു. അമ്മ ഇവിടെയില്ല വന്നിട്ട് തിരിച്ച് വിളിക്കാമെന്ന്. അമ്മ പശുവിനെ കെട്ടാൻ പോയിരിക്കുവായിരുന്നു. ഞാൻ കേട്ടത് കൃഷി മന്ത്രി ആണ് വിളിക്കുന്നതെന്നാണ്.. അമ്മ പേടിച്ചു പോയി. ബാങ്കിൽ നിന്ന് വിളിക്കുവായിരിക്കും എന്നാണ് അമ്മ കരുതിയത്. 

തിരിച്ചു വിളിച്ചപ്പോഴാണ് പറയുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്നാണ്. അനറ്റിനറെ കത്ത് കിട്ടി. ഇക്കാര്യം സപ്ലൈക്കോയിൽ അറിയിച്ചിട്ടുണ്ട്. ഇനി കുട്ടികൾക്ക് കിറ്റ് തരുമ്പോൾ അതിൽ ബിസ്ക്കറ്റോ മറ്റേതെങ്കിലും സ്നാക്സോ ഉണ്ടാകും. മുഖ്യമന്ത്രിയാണ് കത്ത് വായിച്ചിട്ട് വേണ്ട നടപടി സ്വീകരിക്കാൻ തനിക്ക് കൈമാറിയതെന്നും ഭക്ഷ്യമന്ത്രി അനിൽ സാർ പറഞ്ഞു. വിഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ചു. കൂട്ടുകാരോടും സ്കൂളിലുമൊക്കെ ഇക്കാര്യം പറയണമെന്നും മിടുക്കിയായി പഠിക്കണമെന്നും അനിൽ സാർ പറഞ്ഞു. അധ്യാപകരൊക്കെ ഇക്കാര്യം അറിഞ്ഞ് വിളിച്ചു, അഭിനന്ദനങ്ങൾ പറഞ്ഞു.

ഓൺലൈൻ പഠനം

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ഇപ്പോൾ ഏഴാക്ലാസിലായി. ഒാൺലൈൻ ക്ലാസ് ഉണ്ടെങ്കിലും പങ്കെടുക്കാൻ പറ്റാറില്ല. അമ്മയുടെ ഫോണിലാണ് പഠിക്കുന്നത്.. ചേച്ചി പ്ലസ് ടുവിലായതിനാൽ ചേച്ചിക്ക് പഠിക്കാൻ ഈ ഫോൺവേണം. അത് മാത്രമല്ല അമ്മ എന്തെങ്കിലും ആവശ്യത്തിനായി പുറത്തേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഫോൺ ഉപയോഗിക്കാനും പറ്റില്ല. ഇവിടെയാണെങ്കിൽ റെയ്ഞ്ചും ഇല്ല,അനറ്റ് പരിഭവത്തോടെ പറഞ്ഞു. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചൻ തോമസ് – ഷൈനി ചെറിയാൻ ദമ്പതികളുടെ മകളാണ് അനറ്റ് ചെറിയാൻ.

English summary: Interview with student Anat who send letter to CM for snacks in food kit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com