ADVERTISEMENT

'എന്റെ കൂട്ടുകാരിയുടെ ഫോണില്‍നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' എറണാകുളം കളക്ടർക്ക് ഒരു ഒൻപതാം ക്ലാസുകാjf വിദ്യാർഥിനി അയച്ച കത്തിലെ വരികളാണിത്.  ഈ ലോക്ഡൗൺകാലം ഒരുപാട് വിദ്യാർഥികളുെട പഠനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ പഠനത്തിനായി ഫോണോ കംപ്യൂട്ടറോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഒക്കെ അപ്രാപ്യമായ നിരവധി കുട്ടികൾ നമുക്കുചുറ്റുമുണ്ട്. അത്തരത്തിൽ കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചന്ദന ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ  അവസ്ഥയിൽ സഹായത്തിനായി കളക്ടർക്ക് കത്തെഴുതി. അതേകുറിച്ചുള്ള എറണാകുളം കളക്ടറുടെ സമൂഹമാധ്യമ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

എറണാകുളം കളക്ടറുടെ സമൂഹമാധ്യമ പോസ്റ്റ്

വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും....

'സാറിന് ഒരു കുട്ടിയുടെ കത്തുണ്ട്' എന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ കൗതുകം തോന്നി.  പതിവായി കളക്ടറേറ്റിലേക്കു വരുന്ന തപാലുകളുടെ കൂട്ടത്തില്‍ ആ കത്ത് ഫയല്‍ പരിശോധനക്കിടെ എടുത്തു വായിച്ചു.  കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചന്ദന സാധാരണ തപാലില്‍ കാലടിയില്‍നിന്നും പോസ്റ്റ് ചെയ്ത കത്താണ്. 

ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതാണ് വിഷയം. ഫോണ്‍ പണി മുടക്കുന്നതിനനുസരിച്ച് നന്നാക്കി വരുന്നതിനിടെ പൂര്‍ണ്ണമായും കേടായി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടേണ്ടി വന്നപ്പോള്‍ പെയിന്റിങ് ജോലി ചെയ്യാന്‍ തുടങ്ങിയ അച്ഛന്‍ ആദര്‍ശും ഒരു കടയില്‍ ജോലിക്കു പോകുന്ന അമ്മ ഷീനയും മാസങ്ങള്‍ക്കുമുമ്പ് കോവിഡിന്റെ പിടിയിലായി. രോഗം ഭേദമായെങ്കിലും ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗ്ഗം.

 

'എന്റെ കൂട്ടുകാരിയുടെ ഫോണില്‍നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോള്‍ രഘു. അവളുടെ വീട് ഒരു കിലോമീറ്റര്‍ ദൂരെയാണ്. അവിടെവരെ സൈക്കിളില്‍ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കോവിഡ് കേസുകള്‍ ഉള്ളതുകൊണ്ട് അച്ഛനും അമ്മക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്. അപ്പോഴാണ് സാറിനോട് ഈ വിഷമം പങ്കുവെച്ചാലോ എന്ന് ആഷ്ണമോള്‍ പറഞ്ഞത്. ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു പുറമേ ഓരോ വിഷയങ്ങള്‍ക്കും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' പ്രശ്‌നം വിവരിച്ച ശേഷം ചന്ദന ആവശ്യവും തുറന്നു പറഞ്ഞു.  ആ ചോദ്യത്തില്‍ എന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കുഞ്ഞ് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയായിരിക്കുമല്ലോ. കൂട്ടത്തില്‍ ഒരു രഹസ്യവും കത്തിലുണ്ടായിരുന്നു- കത്തെഴുതുന്ന കാര്യം അച്ഛനും അമ്മക്കുമറിയില്ല എന്ന്.

രക്ഷിതാക്കളുടെ ദുരിതം മനസ്സിലാക്കി അവരെ സങ്കടപ്പെടുത്താതിരിക്കുമ്പോഴും പഠനത്തില്‍ പുറകിലാകുമോ എന്ന ആശങ്ക,  സൈക്കിളില്‍ അത്രയും ദൂരം ദിവസവും പോയി വരാനുള്ള മനസ്സ്, കൂട്ടുകാരിക്കു താങ്ങും പ്രോത്സാഹനവുമാകുന്ന നിസ്വാര്‍ത്ഥയായ സഹപാഠി ...എന്തെല്ലാം പാഠങ്ങളാണ് !

കൂടപ്പിറപ്പു പോലുമില്ലാത്ത ചന്ദന ജില്ലാ കളക്ടര്‍ എന്ന എന്റെ ഔദ്യോഗിക പദവിക്കപ്പുറം ഒരു സഹോദര സ്ഥാനത്തു കണ്ട് ആവശ്യപ്പെടുന്നതുപോലെയുള്ള വരികള്‍. അന്വേഷിച്ചപ്പോള്‍ സത്യം തന്നെ. ഇന്നലെ വൈകീട്ട് പുതിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ട് പോയി നല്‍കി. കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചാണ് പോയത്. ഞാന്‍ ചെല്ലുന്നതറിഞ്ഞ് ചന്ദന ആഷ്ണമോളെയും വിളിച്ചുവരുത്തിയിരുന്നു.  ആശ്ചര്യത്തോടെ വീട്ടുകാര്‍ നില്‍ക്കുമ്പോള്‍ അഭിമാനത്തോടെ ഫോണ്‍ ഏറ്റു വാങ്ങുന്ന ചന്ദനയുടേയും കണ്ടു നില്‍ക്കുന്ന ആഷ്ണയുടേയും മുഖത്ത് സന്തോഷം! 

 

നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നല്‍കി.  ഇതെന്റെ കടമ മാത്രം.  ഔദ്യോഗികജീവിതത്തിന്റെ തിരക്കുകള്‍ക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം.  പക്ഷേ ആ കൊച്ചു മിടുക്കികളില്‍ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണ്.  അവര്‍ ഉയരങ്ങളിലെത്തും, തീര്‍ച്ച!

അവരുടെ വിലപ്പെട്ട വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതില്‍ എനിക്കും സന്തോഷം.

ഇരുവര്‍ക്കും ഭാവുകങ്ങള്‍....

 

English summary : Heart touching social media post വബ Eranakulam collector Suhas S 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com