ADVERTISEMENT

കണക്കിനോട് കൂട്ടുകൂടി റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ആയുഷ് കെ എസ് എന്ന അഞ്ച് വയസുകാരൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡുകളിലും രണ്ട് വീതം റെക്കോഡുകളാണ് ഈ കൊച്ചുമിടുക്കന്റെ പേരിൽ എഴുതി ചേർത്തിരിക്കുന്നത്.

അഞ്ച് മിനിറ്റിനുള്ളിൽ പരമാവധി ഗുണന പട്ടികകൾ എഴുതിയാണ്  ഇന്ത്യൻ ബുക്ക് ഓഫ്  റെക്കോർഡ് നേട്ടം ആയുഷ് കൈവരിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 1 മുതൽ 11 വരെ ഗുണന പട്ടികകൾ ശരിയായ ഫോർമാറ്റിൽ എഴുതിയാണ് റെക്കോ‍ഡ് നേട്ടം.  5 വയസ്, 7 മാസം, 24 ദിവസം  മാത്രമാണ് റെക്കോ‍ഡ് നേടുമ്പോൾ ആയുഷിന്റെ പ്രായം.

അതോടൊപ്പം ഒരു മിനിറ്റിനുള്ളിൽ കണ്ണുകളടച്ച് പരമാവധി പട്ടികകൾ ചൊല്ലിയാണ് അടുത്ത നേട്ടം. 1 മുതൽ 13 വരെ ഗുണന പട്ടികകളാണ്  ഈ കൊച്ചു മിടുക്കൻ ചൊല്ലിയത്. കണ്ണുമടച്ച് ഒരു മിനിറ്റിനുള്ളിൽ ഗുണന പട്ടികകൾ ചൊല്ലിയതിനും  ചുരുങ്ങിയ സമയത്തിനുള്ളിൽ 1 മുതൽ 11 വരെ ഗുണന പട്ടികകൾ എഴുതിയതിനും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ  ‘ഗ്രാൻഡ് മാസ്റ്റർ’ പദവിയും ആയുഷിന് ലഭിച്ചു.

ഇതിന് മുൻപ് 5 വയസും 3 മാസവും പ്രായമുള്ളപ്പോൾ ആയുഷ് ഒരു മണിക്കൂർ  ഇടവേളകളില്ലാതെ 20 കഥാ പുസ്തകങ്ങൾ വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഗോൾഡിലോക്ക്സ് ആൻഡ് ത്രീ ബിയേഴ്സ്, സ്ലൈ ഫോക്സ് ആൻഡ് റെഡ് ഹെൻ, റാപ്പുൻസൽ, ഹെയ്ഡി, ദി ലിറ്റിൽ മെർമെയ്ഡ്, സിൻഡ്രെല്ല തുടങ്ങി നിരവധി കഥകൾ വായിച്ച് ആയുഷ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

ദുബായിൽ  താമസിക്കുന്ന ആയുഷ്  ഷാർജ അബാസിഡർ സ്കൂളിലെ  ഗ്രേഡ് 1 വിദ്യാർത്ഥിയാണ്. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നതിനായി ‘റീഡിംഗ് റൂം  ബൈ ആയുഷ്’ എന്ന  ഒരു യുട്യൂബ് ചാനലും ഈ മിടുക്കന്റേതായിട്ടുണ്ട്. ലോകമെമ്പാടുമുള്ള എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ വായിക്കാൻ ആയുഷിനോട് ആവശ്യപ്പെട്ടു വിളിക്കാറുണ്ടെന്ന് അച്ഛൻ സുപാൽ കെ ജി പറയുന്നു. എല്ലാത്തരം പുസ്തകങ്ങളു വായിക്കാൻ ഇഷ്ടപ്പെടുന്ന ആയുഷിന് ന്യൂസ് പേപ്പർ വായിക്കാനും വളരെ താല്പര്യമാണ്. മകന്റെ ഇഷ്ടമറിഞ്ഞ് നിരവധി പുസ്തകങ്ങൾ വാങ്ങി കൊടുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കുന്നു. 

 

English summary: Five year old Aayush KS bags India and Asia book of records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com