ADVERTISEMENT

സാധാരണ വിദ്യാർഥികൾ ഏഴാം ക്ലാസിൽ പഠിക്കുന്ന പ്രായമായ പതിനൊന്നാം വയസ്സിൽ ബെൽജിയത്തിൽ നിന്നുള്ള ലോറന്‍ സൈമൺസ് എന്ന വിദ്യാർഥി നേടിയത് ഫിസിക്സിൽ ബിരുദം! വെറും ഒരേയൊരു വർഷത്തെ പഠനത്തിനു ശേഷമാണ് ലോറന്‍ സൈമൺസ്  സാധാരണഗതിയിൽ മൂന്നുവർഷമെടുക്കുന്ന ബിരുദം സ്വന്തമാക്കിയത്. അതും വെറുതെ ജയിച്ചതല്ല, ഏറ്റവും ഉയർന്ന ഡിസ്റ്റിങ്ഷനായ സമ്മ കം ലോ‍ഡെ നേടിയാണ് വിജയം.

ബെൽജിയൻ തീരദേശപട്ടണമായ ഓസ്റ്റെൻഡിൽ നിന്നുള്ള ഈ 11 വയസ്സുകാരൻ ബെൽജിയത്തിലെ പ്രശസ്തമായ ആൻവെർപ് സർവകലാശാലയിൽ നിന്നാണു ബിരുദം നേടിയത്. ലിഡിയ, അലക്സാണ്ടർ സൈമൺസ് എന്നിവരാണു ലോറന്റെ മാതാപിതാക്കൾ.

കഴിഞ്ഞ വർഷം  ക്ലാസിക്കൽ മെക്കാനിക്സ്, ക്വാണ്ടം ഫിസിക്സ് എന്നിവയെക്കുറിച്ച് ലോറൻ വായിച്ചിരുന്നു. ഇതു കുട്ടിയിൽ ജിജ്ഞാസ പടർത്തി. തുടർന്നു കൂടുതൽ അറിയണമെന്ന താൽപര്യമാണ് ഈ  കുരുന്ന് ശാസ്ത്രപ്രതിഭയെ അപൂർവനേട്ടത്തിലേക്കു നയിച്ചത്.

മനുഷ്യരെ മരണമില്ലാതെ അനശ്വരരാക്കുക എന്നതാണു തന്റെ ലക്ഷ്യമെന്നു ലോറൻ പറയുന്നു. വയസ്സാകുമ്പോൾ അവയവങ്ങൾക്കു കേടുപാടുകൾ സംഭവിച്ച് മനുഷ്യർ വൃദ്ധരാകുന്നു. എന്നാൽ ഈ ശരീരഭാഗങ്ങളെയെല്ലാം കൃത്രിമമായി മാറ്റി മെക്കാനിക്കൽ ഭാഗങ്ങൾ വച്ചാൽ? ഇതു ചിലപ്പോൾ അനശ്വരതയിലേക്കു നയിച്ചേക്കുമെന്നാണു ലോറന്റെ ചിന്താഗതി.

ഇതിനെക്കുറിച്ചുള്ള വഴികളൊക്കെ താൻ ആലോചിച്ചു വച്ചിട്ടുണ്ടെന്നും ക്വാണ്ടം മെക്കാനിക്ക്സിൽ കൂടുതൽ പഠനവും ഗവേഷണവുമാണ് തന്റെ ശ്രമങ്ങളുടെ ആദ്യപടിയെന്നും ഈ കൊച്ചുമിടുക്കൻ പറയുന്നു. ഗവേഷണത്തിൽ അതീവ തൽപരനായ ലോറനു ലോകത്തിലെ ഏറ്റവും മികച്ച പ്രഫസർമാർക്കും ഗവേഷകർക്കുമൊപ്പം പഠനം നടത്തണമെന്നാണ് ആഗ്രഹം.

 

ബിരുദത്തിനു ശേഷം ആൻവെർപ് സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദമെടുക്കാനും അതിനൊപ്പം തന്നെ പിഎച്ച്ഡി പഠനം തുടങ്ങാനും ഈ ശാസ്ത്രപ്രതിഭ കണക്കുകൂട്ടുന്നു. പഠനത്തിൽ സൂപ്പർഫാസ്റ്റായ ലോറൻ വെറും 1.5 വർഷമെടുത്താണു ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചത്. എട്ടാംവയസ്സിലായിരുന്നു ഈ നേട്ടം. ഇടയ്ക്ക് നെതർലൻഡ്സിസെ ഐന്തോവൻ സർവകലാശാലയിൽ നിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പഠനം തുടങ്ങിയെങ്കിലും പൂർത്തീകരണത്തിനു കുറച്ചുനാൾ മുൻപ് ഉപേക്ഷിച്ചു.

ലോകത്ത് ഇതുവരെ സർവകലാശാലാ ബിരുദമെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ മൈക്കൽ കേണിയാണ്. സൗത്ത് അലബാമ സർവകലാശാലയിൽ നിന്ന് 1994 ൽ ആണ് മൈക്കൽ നരവംശശാസ്ത്രത്തിൽ ബിരുദം നേടിയത്. വെറും 10 വയസ്സായിരുന്നു അപ്പോൾ മൈക്കലിന്റെ പ്രായം! 

English summary: Laurent Simons 11 second youngest graduate ever plans make humans immortal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com