ADVERTISEMENT

മഹാരാഷ്ട്രയിലെ നാസിക്കിൽ തെറ്റാലിയും കയ്യിൽ പിടിച്ച്  പക്ഷികളെ എയ്തു വീഴ്ത്തുന്ന  കുട്ടികൾ ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ പതിവുകാഴ്ചയായിരുന്നു. ഒരു കൗതുകത്തിനു വേണ്ടി കുട്ടികൾ ചെയ്യുന്ന ഈ പ്രവർത്തിയിലൂടെ ആയിരക്കണക്കിന് പക്ഷികളാണ് ഓരോ വർഷവും ഇവിടെ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. മുതിർന്നവർ ആരും കൃത്യമായി തടയാതെ വന്നതോടെ കുഞ്ഞുങ്ങൾ  ഈ വിനോദം തുടർന്നുകൊണ്ടിരുന്നു. എന്നാൽ ഇതിനൊരു പരിഹാരം കാണണമെന്ന ഉറച്ച തീരുമാനത്തോടെ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ ആനന്ദ് റെഡ്ഡി നടത്തിയ പരിശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ടു വരികയാണ്. കുട്ടികളെ നേർവഴിക്കു നയിക്കാൻ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'ഗലോർ സമർപ്പൺ അഭിയാൻ' എന്ന  പദ്ധതിക്കാണ് ആനന്ദ് റെഡ്ഡി തുടക്കംകുറിച്ചത്.

പരിശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ 30 ദിവസം കൊണ്ട് 68 ഗ്രാമങ്ങളിൽ നിന്നായി  600 ലേറെ കുട്ടികളാണ് തങ്ങളുടെ തെറ്റാലികൾ ഉപേക്ഷിച്ചത്. തങ്ങൾ ചെയ്യുന്ന പ്രവർത്തി ക്രൂരമാണെന്ന്  മനസ്സിലായ കുഞ്ഞുങ്ങളിൽ പലരും തെറ്റാലി ഉദ്യോഗസ്ഥർക്ക് തന്നെ നേരിട്ട് കൈമാറി. 

എന്നാൽ കുട്ടികളുടെ മനസ്സ് മാറ്റിയെടുക്കുക എന്നത് ഒറ്റദിവസംകൊണ്ട് സാധിക്കുന്ന കാര്യമായിരുന്നില്ലയെന്ന് ആനന്ദ് റെഡ്ഡി പറയുന്നു. കുട്ടികളെ ഓരോരുത്തരെയും നേരിട്ട് കണ്ട് സംസാരിക്കുക എന്നതായിരുന്നു ആദ്യപടി. തെറ്റാലി കൊണ്ട് എയ്യുമ്പോൾ കിളികൾക്ക് എത്രമാത്രം വേദനിക്കുമെന്ന് അവർക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഇനി ഇങ്ങനെ ഒരു പ്രവർത്തി ആവർത്തിക്കില്ലയെന്ന് അവരെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചു. ഓരോ കുട്ടിയുടെയും അടുത്തെത്താൻ ഉദ്യോഗസ്ഥർ  ഏറെ കഷ്ടപ്പെട്ടതായി ആനന്ദ് റെഡ്ഡി പറയുന്നു. 

 

ബോധവൽക്കരണ ക്ലാസുകൾ, റാലികൾ എന്നിങ്ങനെ പല മാർഗ്ഗങ്ങൾ ഉപയോഗിച്ചായിരുന്നു ക്യാമ്പയിൻ. തെറ്റാലി ഉപേക്ഷിച്ച കുട്ടികൾക്ക് പദ്ധതിയിൽ പങ്കെടുത്തതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകിയതോടെ കുട്ടികളും സൂപ്പർ ഹാപ്പി. പദ്ധതി ആവിഷ്കരിച്ചത് മുതൽ വിജയം കണ്ടത് വരെയുള്ള പല ഘട്ടങ്ങളുടെയും ചിത്രങ്ങൾ ആനന്ദ് റെഡ്ഡി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഒരു കുട്ടിയെ തിരുത്താനായാൽ ഒരു തലമുറ തന്നെ തിരുത്തപ്പെടും എന്ന അടിക്കുറിപ്പോടെയാണ്  അദ്ദേഹം  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യത്തെ ഗൗരവമായെടുത്ത് ഇത്ര വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ച പ്രവർത്തനത്തിന് ആശംസകൾ കൊണ്ട് മൂടുകയാണ് ജനങ്ങൾ.

 

English summary: IFS officer Anand Reddy inspires children of Nasik village to give up slingshots and save birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com