ADVERTISEMENT

വടകര ∙ നാലു വയസിനുള്ളിൽ ഇവാനിയ ഷനിൽ ഓർമകളിൽ കോർത്തിണക്കിയത് വിസ്മയം നിറയുന്ന അറിവുകൾ. മുതിർന്ന കുട്ടികൾ പോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾ എളുപ്പം മനഃപാഠമാക്കി അവതരിപ്പിക്കുമ്പോൾ അറിവിന്റെ കലവറയാണ് നമുക്ക് മുൻപിൽ തുറക്കുക.

അനിതര സാധാരണ ഓർമ ശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്കു നൽകുന്ന കലാം ദി ലെജൻ‍ഡ് അന്താരാഷ്ട്ര പുരസ്കാരം തേടിയെത്തിയ ഇവാനിയക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും കഴിഞ്ഞ ദിവസം ലഭിച്ചു.

വടകര കല്ലാമല കുഞ്ഞിപ്പറമ്പത്ത് ക്ഷേത്രത്തിനു സമീപം കുനിയിൽ വീട്ടിൽ കൂരാറ എൽപി സ്കൂൾ അധ്യാപകൻ ടി.ഷനിലിന്റെയും കരിയാട് ന്യൂ എംഎൽപി സ്കൂൾ അധ്യാപിക കെ.ധന്യയുടെയും ഏക മകളാണ് ഇവാനിയ. രാജ്യത്തെ പ്രധാനമന്ത്രിമാർ, ജ്ഞാനപീഠം അവാർഡ് ജേതാക്കൾ, മൃഗങ്ങൾ, പച്ചക്കറി– പഴം, ആഴ്ചകൾ, പക്ഷികൾ, കുട്ടിപ്പാട്ടുകൾ, മനുഷ്യ ശരീര ഭാഗങ്ങൾ, കായിക ഇനങ്ങൾ, വീട്ടുപകരണങ്ങൾ, 12 രാജ്യത്തെ കറൻസികൾ എന്നിവ തെറ്റാതെ എളുപ്പം പറയും.

രണ്ടര വയസിലായിരുന്നു ഇവാനിയയുടെ ഓർമ ശക്തി വീട്ടുകാർ ശ്രദ്ധിക്കുന്നത്. അധ്യാപക ദമ്പതികളായ രക്ഷിതാക്കൾ ഇരുവരും ഓൺലൈൻ ക്ലാസിൽ എൽഎസ്എസ് സ്കോളർഷിപ് ഉൾപ്പെടെയുള്ള ക്ലാസ് നടത്തുമ്പോൾ ഇവാനിയ അടുത്ത് നിന്നു ശ്രദ്ധിക്കുമായിരുന്നു. മുതിർന്ന കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്ന കാര്യങ്ങൾ ഇവാനിയ ഏറ്റു പറയാൻ തുടങ്ങി. പിന്നീട് ഒന്നു മുതൽ 100 വരെ എണ്ണാനും മാസങ്ങൾ, ആഴ്ചകൾ എന്നിവ പറയാൻ തുടങ്ങിയ കുട്ടി മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്ക് മാറ്റാനും പഠിച്ചു.

ടിവി പരസ്യങ്ങൾ മുഴുവൻ കാണാതെ പറയാനും അതിലെ നൃത്തച്ചുവടുകൾ തെറ്റാതെ അനുകരിക്കാനും ഇവാനിയ ചെറുപ്പത്തിലേ പരിശീലിച്ചിരുന്നു. അൽപം വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ഇപ്പോൾ നന്നായി സംസാരിക്കുകയും പാടുകയും ചെയ്യും. കംപ്യൂട്ടർ ഗെയിമുകൾ എളുപ്പം ഗ്രഹിച്ച് പെട്ടെന്ന് കളിച്ചു തീർക്കുന്നതിലും മിടുക്കിയാണ്. എൽകെജി യിൽ ചേർന്നെങ്കിലും ഇതു വരെ ക്ലാസിൽ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാലും അക്ഷര മാലയും മറ്റും കൃത്യമായി പഠിച്ചു വച്ചിട്ടുണ്ട്. ഓർമ ശക്തി പരീക്ഷണത്തിൽ പുതിയ അവാർഡുകളെ കാത്തിരിക്കുകയാണ് ഇവാനിയ.

 

Content Summary: Four year old girl bags india book of records for extraordinary memory

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com