ADVERTISEMENT

11 വയസ്സുകാരനായ ജോഷ്വ ബിജോയ്‌യുടെ ക്രൈം ത്രില്ലർ ആമസോണിൽ റിലീസ് ചെയ്ത ദിവസം തന്നെ കിൻഡിൽ ഇ-ബുക്ക് വിഭാഗത്തിൽ ബെസ്റ്റ്  സെല്ലറായി. ചിൽഡ്രൻസ് ക്രൈം ആൻഡ് ത്രില്ലർ വിഭാഗത്തിൽ റിലീസ് ചെയ്ത ആദ്യ നാല് ദിവസം ‘മർഡർ അറ്റ് ദ് ലീക്കി ബാരൽ’ എന്ന ഇംഗ്ലിഷ്  നോവൽ  ഒന്നാം സ്ഥാനത്തു തന്നെ ആയിരുന്നു. കൂടാതെ അമേരിക്കയിലെയും കാനഡയിലെയും ആമസോൺ കിൻഡിൽ ഹോട് ന്യൂ റിലീസ് വിഭാഗത്തിലും ഈ പുസ്തകം മുൻപന്തിയിൽ ആയിരുന്നു. ജൂലൈ 4 ന് കിൻഡിലിൽ റിലീസ് ചെയ്ത ഈ പുസ്തകത്തിന്റെ പേപ്പർ ബാക്കും ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.

 

 

 

പുണെയിലെ റയാൻ ഇന്റർനാഷനൽ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിയാണ് ജോഷ്വ. വായിക്കാനും എഴുതാനും  ഇഷ്ടപ്പെടുന്ന ജോഷ്വക്ക് പക്ഷേ എഴുതുന്നത് ആരെയും കാണിക്കാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ജോഷ്വയുടെ അമ്മയുടെ നിർബന്ധം മൂലമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 2020 ലെ ലോക്ഡൗൺ സമയത്താണ് നോവൽ എഴുതിത്തുടങ്ങിയത്. പകൽ ഓൺലൈൻ ക്ലാസും പഠനത്തിരക്കും ഉള്ളതിനാൽ ദിവസവും രാത്രി രണ്ടു മൂന്നു മണിക്കൂർ മാറ്റിവച്ചായിരുന്നു എഴുത്ത്.

 

 

 

കഴിഞ്ഞ വർഷം തന്നെ എഴുതിത്തീർന്നെങ്കിലും പ്രസാധകരെ കണ്ടെത്താനുള്ള കാലതാമസം പുസ്തകം ഇറങ്ങുന്നതു വൈകിപ്പിച്ചു. മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്സ്‌തകം ആണ് പ്രസാധകർ. ഇവരുടെതന്നെ അമേരിക്കയിലെ ശാഖയിൽ നിന്നാണ് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുവാൻ വഴിയൊരുങ്ങിയത്. ബുക്സ്തകത്തിന്റെ സാരഥികളിൽ ഒരാളും  യുവ എഴുത്തുകാരനുമായ അശ്വിൻ  രാജാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ  ചെയ്തത്.

 

 

 

അങ്ങേയറ്റം താല്പര്യം ഉണ്ടാക്കുന്ന ആമുഖവും ആഖ്യാനവും, ക്രൈം ആൻഡ് ത്രില്ലർ വിഭാഗത്തിലെ പുസ്തകങ്ങളോട് ആളുകൾക്ക് പൊതുവേയുള്ള താല്പര്യവുമാണ് കൂടുതൽ കിൻഡിൽ വായനക്കാരെ ജോഷ്വയുടെ പുസ്തകം വാങ്ങുവാൻ  പ്രേരിപ്പിച്ചത്. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന നോവൽ സിനിമയുടെ തിരക്കഥ പോലെ തോന്നിപ്പിക്കുന്നെന്നു വായിച്ചവർ പറയുന്നു. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് പഠനത്തിന്റെ തിരക്കിനിടയിലും ഈ കൊച്ചു മിടുക്കൻ.

 

 

 

ഐസർ പുണെയിൽ അസോഷ്യേറ്റ് പ്രഫസറായ ഡോ. ബിജോയ് തോമസിന്റെയും ഫ്രീലാൻസ് എഴുത്തുകാരി സുമ സണ്ണിയുടെയും മകനാണ് ജോഷ്വ. മൂന്നാം  ക്ലാസുകാരനായ സഹോദരൻ  ജെറോം ചേട്ടന് വിമർശനവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

 

Link to Amazon India Kindle e-book and paperback: https://www.amazon.in/dp/B097ZK2F7N/ 

 

English summary: ‘Murder at the leaky barrel’ crime thriller by Joshua Bejoy best seller in Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com