ADVERTISEMENT

ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളുടെ ബാറ്ററിയും ലൈറ്റുമൊക്കെ പ്രവർത്തിക്കാതെ വന്നാൽ അവ നന്നാക്കി എടുക്കുന്നതുവരെ പിടിവിടാതെ അച്ഛനമ്മമാരുടെ പിന്നാലെ കൂടുന്നവരാണ് മിക്ക കുരുന്നുകളും. എന്നാൽ തൃപ്പൂണിത്തുറ സ്വദേശിയായ വിഘ്നജിത്ത് എന്ന ആറരവയസ്സുകാരന്റെ മാതാപിതാക്കൾക്ക് അങ്ങനെ ഒരു പ്രശ്നമേയല്ല. കാരണം തന്റെ ഇലക്ട്രോണിക് ടോയ് കാറുകളുടെയും മറ്റും അത്യാവശ്യം വേണ്ട എല്ലാ കേടുപാടുകളും സ്വയം മാറ്റിയെടുക്കാൻ ഈ കുഞ്ഞ് മിടുക്കന് അറിയാം. 

 

കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്താണ് ബാറ്ററിയും എൽഇഡി ബൾബുകളുമൊക്കെ വേണമെന്ന്  വിഘ്നജിത്ത്  പറഞ്ഞു തുടങ്ങിയത്. വീടിനകത്തുതന്നെ കഴിയേണ്ടി വരുന്നതിനാൽ മകന് നേരംപോക്കിനായ് മാതാപിതാക്കൾ അവ വാങ്ങിനൽകി. ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ അമ്മ ശ്രീദേവി ബാറ്ററി കണക്ട് ചെയ്യുന്ന വിധം ഒക്കെ പറഞ്ഞു കൊടുത്തു. എന്നാൽ അവർ കരുതിയിരുന്നതിലും കൂടുതൽ താല്പര്യമാണ് കുഞ്ഞു വിഘ്നജിത്തിന് ഇലക്ട്രോണിക്സിൽ ഉണ്ടായിരുന്നത്. ഏറെ നേരം പരിശ്രമിച്ച് ബാറ്ററിയിൽ സ്വിച്ച് ഘടിപ്പിച്ച് ലൈറ്റ് തെളിയിക്കുന്നത് എങ്ങനെയെന്ന് ഈ മിടുക്കൻ സ്വയം  പഠിച്ചെടുത്തു. അങ്ങനെയാണ് മകന് ഈ മേഖലയിലുള്ള താല്പര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. 

 

കണക്ട് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നത് കേട്ടതോടെ യൂട്യൂബ് ചാനലും വിഘ്നജിത്തിനായി ഉണ്ടാക്കി. ഇതിലൂടെയാണ്  വിഘ്നജിത്തിന്റെ കഴിവുകൾ പുറംലോകമറിഞ്ഞത്. മോട്ടർ കണക്ട് ചെയ്ത് ചെറിയ ഫാൻ പ്രവർത്തിപ്പിക്കുന്നതും എൽഇഡി ബൾബുകൾ ഘടിപ്പിക്കുന്നതും ലാംപ്  നിർമ്മിക്കുന്നതും ഒക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ മിടുക്കൻ പങ്കുവയ്ക്കാറുണ്ട്. സ്വന്തം ടോയ് കാറിലെ ലൈറ്റ് നന്നാക്കുന്നത് എങ്ങനെയെന്നും വിഘ്നജിത്ത് കൊച്ചു കൂട്ടുകാർക്ക് പറഞ്ഞു തരും . 

 

ഇതിനു പുറമേ കൃഷിയിലും അല്പം താല്പര്യമുണ്ട് ഈ കുരുന്നിന്. അടുക്കളത്തോട്ടത്തിലെ കൃഷികളെയും അവയുടെ വിളവെടുപ്പിനെയും ഒക്കെക്കുറിച്ചുള്ള വിഡിയോകളും ചാനലിലൂടെ പങ്കുവയ്ക്കുന്നു. മകന്റെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം അപകടങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താനും മാതാപിതാക്കളായ ശ്രീദേവിയും വിനോദും ശ്രദ്ധിക്കുന്നുണ്ട്. തൃപ്പൂണിത്തുറ എരൂർ ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വിഘ്നജിത്ത്.

English summary : Six year old Vignajith's interest in electronics 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com