ADVERTISEMENT

കൂട്ടുകാർക്കൊപ്പം കളിച്ചും പഠിച്ചും  ജീവിതം ആസ്വദിക്കേണ്ട പ്രായത്തിൽ  രണ്ട് അനുജന്മാർക്ക് വിശപ്പടക്കാൻ തന്നാലാവുന്ന ജോലികളെല്ലാം ചെയ്തു ജീവിക്കുകയാണ് പാപുലി എന്ന പതിമൂന്നുകാരി. അച്ഛനെയും അമ്മയെയും മരണം കവർന്നെടുത്തതോടെ മറ്റു ജീവിതമാർഗങ്ങൾ ഒന്നുമില്ലാതെയാണ് പാപുലി പാടത്ത് പണിക്കിറങ്ങിയത്. ആസാമിലെ ജോർഹത് ജില്ലയിൽ ജീവിക്കുന്ന പാപുലിയുടെയും അനുജന്മാരുടെയും ജീവിതകഥ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വാർത്താമാധ്യമങ്ങളുടെ ശ്രദ്ധനേടിയത്. 

 

മൂന്നു വർഷം മുമ്പ്  അച്ഛൻ മരിച്ച ശേഷം അമ്മയുടെ തണലിലായിരുന്നു ഇവർ. എന്നാൽ മാസങ്ങൾക്കുള്ളിൽ അമ്മയും കാൻസർ രോഗബാധിതയായി. തീരെ ചെറിയ പ്രായത്തിലുള്ള അനുജന്മാർക്ക് ഭക്ഷണം നൽകാൻ പോലും നിവൃത്തിയില്ലാതെ വന്നതോടെ സ്വന്തം നിലയിൽ പണം കണ്ടെത്താൻ പാപുലി ശ്രമിച്ചു തുടങ്ങി. തുടക്കത്തിൽ പലരും പണം നൽകി സഹായിച്ചെങ്കിലും പിന്നീട് സൗജന്യമായി പണം വാങ്ങി ജീവിക്കാൻ ഈ പെൺകുട്ടിക്ക് മനസ്സുവന്നില്ല. അങ്ങനെയാണ് 250 രൂപ ദിവസ വേതനത്തിൽ പാടത്ത് പണിക്കിറങ്ങി തുടങ്ങിയത്. ഇതിനിടെ അമ്മയും മരണപ്പെട്ടതോടെ അനുജന്മാരുടെ പൂർണ ഉത്തരവാദിത്വവും പാപുലിയുടെ ചുമലിൽ തന്നെയായി. 

 

എന്നാൽ ഇതൊന്നും പാപുലിക്ക് ഒരു ഭാരമായിരുന്നില്ല. തനിച്ചുകഴിയാൻ ഭയമില്ലേ എന്ന് ചോദിച്ചാൽ എന്തിനു ഭയക്കണം എന്നാണ് പാപുലിയുടെ മറു ചോദ്യം. പത്തുവയസ്സും നാലു വയസ്സും മാത്രം പ്രായമുള്ള അനുജന്മാർക്ക് അച്ഛനും അമ്മയും ഇല്ലാതെ രാത്രികാലങ്ങളിൽ കഴിയാൻ ഭയമുണ്ട്. എന്നാലും ഈ ചേച്ചിയുടെ ചിറകിനു കീഴിൽ അവർ സുരക്ഷിതർ തന്നെയാണ്. തങ്ങൾക്കായി ചേച്ചി എത്രത്തോളം സ്നേഹം കാത്തുവച്ചിട്ടുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ട്  കുട്ടികളെ ദത്തെടുക്കാനായി പലരും മുന്നോട്ടു വന്നെങ്കിലും തങ്ങളെ ഒരിക്കലും പിരിയ്ക്കരുതെന്ന് മാത്രമാണ് ഈ സഹോദരങ്ങളുടെ ആവശ്യം. 

 

ആവുംവിധമുള്ള സഹായങ്ങൾ അയൽക്കാർ ചെയ്തു കൊടുക്കാറുണ്ട്. എന്നാൽ അത് മൂന്നു കുട്ടികളുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഒന്നും മതിയാകില്ല. പാപുലിയുടെ ജീവിതം വാർത്തയായതോടെ കുട്ടികളെ ഭരണകൂടം ഏറ്റെടുക്കണമെന്ന തരത്തിൽ ശക്തമായ ആവശ്യമാണ് സമൂഹമാധ്യമങ്ങൾ ഉയർന്നത്. 

 

കുട്ടികളുടെ ദുരവസ്ഥ തിരിച്ചറിഞ്ഞതോടെ ഇവർ ഇനി സർക്കാരിന്റെ സംരക്ഷണയിലായിരിക്കുമെന്ന് ആസാമിലെ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി അജന്ത നിയോഗ് അറിയിച്ചിട്ടുണ്ട്. മറ്റു കുട്ടികളെപ്പോലെ മൂന്നുപേർക്കും സ്കൂളിൽ പോകാനുള്ള സാഹചര്യം ഉടനെ ഒരുങ്ങുമെന്നും മന്ത്രി അറിയിക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പാപുലിയുടെ വീട്ടിലെത്തി 25,000 രൂപ ധനസഹായമായി കൈമാറി. കുട്ടികൾക്കുള്ള സർക്കാർ ധനസഹായം കൈമാറ്റം ചെയ്യാൻ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. കളിച്ചു നടക്കേണ്ട പ്രായത്തിൽ സമാനതകളില്ലാത്ത ദുരിതം നേരിട്ട് ജീവിതത്തോട് പടപൊരുതിയ പാപുലി ഇപ്പോൾ അനുജന്മാരുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

 

English Simmary: 13 year old minor orphaned Assam girl Papuli takes responsibility of brothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com