ADVERTISEMENT

അഞ്ചു വർഷം മുൻപാണ് അമേരിക്കൻ ദമ്പതികളായ ബഹാവുദ്ദീൻ മുസ്തഫാ, ലിസ എന്നിവർ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ  മകനെ ദത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടതിനാൽ ബാലന് ഫ്ലോറിഡയിലേക്ക് എത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. ഒടുവിൽ ഈ വർഷം നൊമാനെ ഫ്ലോറിഡയിലേക്ക് എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവർ ഒരുക്കുകയും ചെയ്തു. എന്നാൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ നിലവിൽ നൊമാനെ ഫ്ലോറിഡയിലേക്ക് എത്തിക്കാനുള്ള എല്ലാ സാധ്യതകളും മങ്ങുന്നതിന്റെ നിരാശയിലാണ് ഈ ദമ്പതികൾ. 

 

കാബൂളിൽ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുന്ന വിമാനത്തിൽ നൊമാനെ കയറ്റിവിടാനാണ് ശ്രമം. അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവരാനുള്ള വാതിലുകൾ പൂർണമായി അടയും മുമ്പ് നൊമാൻ രാജ്യത്തിന് പുറത്തെത്തിയേ തീരു. നൊമാനും കുടുംബവും ചൊവ്വാഴ്ച വിമാനത്താവളത്തിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും രാജ്യം വിടാൻ ശ്രമിച്ച ജനങ്ങളുടെ തിരക്കിനിടയിൽപെട്ട് തിരികെ മടങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. 

 

ഇന്ന് വീണ്ടും വിമാനത്താവളത്തിലേക്ക് എത്താൻ ശ്രമിക്കുമെന്നാണ് നൊമാന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ടുള്ള ഈ രാജ്യം വിടലിന് അനുവാദം നൽകാനോ പിന്തിരിപ്പിക്കാനോ ആവാത്ത മാനസിക സംഘർഷത്തിലാണ് തങ്ങളെന്ന് ബഹാവുദ്ദീൻ പറയുന്നു. അഫ്ഗാൻ ഭരണകൂടം അനുമതി നൽകിയ ദത്തെടുക്കൽ കരാറുകൾ താലിബാൻ അംഗീകരിക്കാൻ സാധ്യതയില്ല. അതിനാൽ നൊമാന് ബഹാവുദ്ദീനും കുടുംബത്തിനും  അരികിലെത്താൻ രാജ്യം കടക്കുക എന്ന ഒറ്റ വഴി മാത്രമാണ് മുന്നിലുള്ളത്. 

 

അഫ്ഗാനിസ്ഥാന് പുറത്തു കടക്കാനായാൽ സമീപമുള്ള ഏതെങ്കിലും രാജ്യത്തേക്കാവും നൊമാൻ എത്തുക. അത് എവിടെയാണെങ്കിലും നൊമാൻ അഫ്ഗാൻ കടന്നു കിട്ടിയാൽ ഒരു നിമിഷം പോലും വൈകാതെ പോയി കൂട്ടിക്കൊണ്ടുവരാൻ താൻ തയ്യാറാണെന്ന് ബഹാവുദ്ദീൻ പറയുന്നു. ബഹാവുദ്ദീനു പുറമേ അഫ്ഗാനിസ്ഥാനിൽ നിന്നും  കുട്ടികളെ ദത്തെടുത്ത നിരവധി അമേരിക്കൻ കുടുംബങ്ങളാണ് ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്.

 

English summary: US families mid adoption Afghan children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com