ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ നിന്നു കഴിഞ്ഞ ശനിയാഴ്ച അഭയാർഥികളുമായി ഉയർന്നു പൊങ്ങിയ യുഎസ് എയർഫോഴ്സിന്റെ ഗ്ലോബ്മാസ്റ്റർ സി 17 വിമാനത്തിൽ ഒരു യാത്രക്കാരി പൂർണ ഗർഭിണിയായിരുന്നു. ജർമനിയിലേക്കുള്ള അഭയാർഥിസംഘമായിരുന്നു അത്. യാത്രയ്ക്കിടെ തന്നെ ഗർഭിണിക്ക് പ്രസവ ലക്ഷണങ്ങൾ തുടങ്ങി. രക്തസമ്മർദം ഉയർന്നു. അവർ തീർത്തും അവശയായി.

എന്നാൽ ഉടനടി തന്നെ യുഎസ് അധികൃതർ ഉണർന്നു പ്രവർത്തിച്ചു. വിമാനത്തിലുണ്ടായിരുന്ന സൈനിക ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഗർഭിണിയെ സഹായിക്കാനായി ഓടിയെത്തി. ഗ്ലോബ്മാസ്റ്ററിന്റെ പൈലറ്റ് ഗർഭിണിയുടെ രക്തസമ്മർദം കുറയ്ക്കാനായി വിമാനം താഴ്ത്തി പറത്തി. യാത്രക്കാരായുണ്ടായിരുന്ന അഫ്ഗാൻ വനിതകൾ തങ്ങളുടെ സ്കാർഫുകൾ കൂട്ടിക്കെട്ടി ഗർഭിണിക്കൊരു പ്രസവമുറി ഒരുക്കി....ഒടുവിൽ വിമാനത്തിനുള്ളിൽ തന്നെ ആ ഗർഭിണി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.

അഫ്ഗാനിൽ താലിബാൻ ആധിപത്യത്തെത്തുടർന്നുണ്ടായ സമാനതകളില്ലാത്ത കൂട്ടപ്പലായനത്തിന്റെയും പ്രതിസന്ധിയുടെയും ആശങ്കകളുടെയും കുത്തൊഴുക്കിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെളിച്ചമായി മാറി പെൺകുട്ടിയുടെ ജനനം. ലോകമെങ്ങും ആ അമ്മയുടെയും ശിശുവിന്റെയും ചിത്രങ്ങൾ ശ്രദ്ധനേടി. ഇപ്പോൾ ആ പെൺകുട്ടിക്ക് പേരു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.

ആശങ്കയുടെ തീക്കടലിൽ നിന്നു തങ്ങളെ രക്ഷിച്ച യുഎസ് എയർഫോഴ്സ് വിമാനത്തിന്റെ കോൾ സൈൻ റീച്ച് 828 എന്നാണെന്ന് അവർ ശ്രദ്ധിച്ചിരുന്നു. ആ പേര് തന്നെ തങ്ങളുടെ മകൾക്ക് അവർ നൽകി...റീച്ച്.

സംഭവത്തിൽ അത്യാഹ്ലാദം രേഖപ്പെടുത്തിയ യുഎസ് വ്യോമസേനാ ജനറൽ ടോഡ് വോൾട്ടേഴ്സ് റീച്ചിനെ അഭിനന്ദിച്ചു. റീച്ച് വളർന്നു വലുതായി, യുഎസ് പൗരത്വം നേടി, വ്യോമസേനയിൽ അംഗമായി തനിക്കു ജന്മമേകിയ വിമാനം തന്നെ പറത്താൻ ഇടവരട്ടെയെന്നു താൻ ആശിക്കുന്നതായി ടോഡ് വോൾട്ടേഴ്സ് പറഞ്ഞു.

പ്രസവശേഷം ജർമനിയിലെ റാംസ്റ്റീൻ വിമാനത്താവളത്തിലാണു റീച്ചുമായി വിമാനം എത്തിയത്. എത്തിയ ഉടനെ തന്നെ റീച്ചിനെ കാത്ത് വൈദ്യസംഘം നിൽപ്പുണ്ടായിരുന്നു. നിലവിൽ ജർമനിയിലെ ആശുപത്രിയിലാണ് റീച്ച് ഉള്ളത്. 7000 അഫ്ഗാൻ അഭയാർഥികൾ യൂറോപ്പിൽ പലയിടങ്ങളിലായി യുഎസ് സംരക്ഷണയിലുണ്ട്. നയതന്ത്ര പ്രക്രിയകൾക്കു ശേഷം ഇവരെ യുഎസിലെത്തിക്കും. റീച്ചിന് സ്വാഭാവികമായും യുഎസ് പൗരത്വം ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുഎസ് സൈനിക വിമാനങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാൽ അതിലുണ്ടാകുന്ന ജനനം അമേരിക്കയിലെ ജനനം തന്നെയാണെന്നു കരുതപ്പെടുന്നതിനാലാണ് ഇത്.

English summary:  Afghan girl born on US military plane named Reach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com