ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമായിരിക്കുന്നു എന്നതിനെക്കുറിച്ച് ധാരാളം വാർത്തകളാണ് ദേശീയ അന്തർദേശീയ തലങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ  ഇതുവരെയും സാധാരണ ജനങ്ങൾ  ഈ പ്രശ്നത്തിന് വേണ്ടത്ര ഗൗരവം നൽകി തുടങ്ങിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ . കാര്യത്തിന്റെ ഗൗരവം  മനസ്സിലാക്കി  പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയെങ്കിലും ശ്രമിച്ചു തുടങ്ങിയില്ലെങ്കിൽ  മനുഷ്യവംശം തന്നെ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടാൻ അധികകാലം വേണ്ടിവരില്ല. ഈ സാഹചര്യത്തിൽ  ഭൂമിക്ക് കൈത്താങ്ങേകേണ്ടതിന്റെ  ആവശ്യം ഓരോ വ്യക്തിയേയും ഓർമ്മിപ്പിക്കാൻ സഹായിക്കുന്ന  ആപ്ലിക്കേഷൻ  നിർമ്മിച്ചിരിക്കുകയാണ്  11 വയസ്സുകാരിയായ ഒരു വിദ്യാർഥിനി. 

 

മുംബൈ സ്വദേശിനിയായ കാവ്യാ മജുംദാർ രൂപം നൽകിയിരിക്കുന്ന ആപ്ലിക്കേഷന്റെ പേര് നഡ്ജ് എന്നാണ്. ഓരോ വ്യക്തിക്കും ചെയ്യാനാവുന്ന  ചെറിയ ചലഞ്ചുകളാണ്  ആപ്ലിക്കേഷനിൽ കാവ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി സമ്പത്ത്  സംരക്ഷിക്കാനും ഉപയോഗശൂന്യമാകുന്ന വസ്തുക്കൾ  പുനരുപയോഗം ചെയ്യാനാവുന്ന തരത്തിലേയ്ക്ക് മാറ്റാനും ഭക്ഷണ മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാനും എല്ലാം നഡ്ജ് നമ്മെ ഓർമിപ്പിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലാണ് ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിഞ്ഞശേഷം ഓരോ വ്യക്തിയും ശ്രമിച്ചു തുടങ്ങിയാൽ എത്രത്തോളം വലിയ മാറ്റം ഭൂമിയിൽ ഉണ്ടാകും  എന്ന് ചിന്തിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആപ്ലിക്കേഷന് രൂപം നൽകാൻ തീരുമാനിച്ചതെന്ന് കാവ്യ പറയുന്നു. കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിസന്ധിയാണെങ്കിലും അത് നേരിടുന്നതിന് ഭരണതലത്തിൽ ഉള്ളവരെ മാത്രം ആശ്രയിച്ചു നിൽക്കേണ്ട കാര്യമില്ല. ഓരോ വ്യക്തികളും എടുക്കുന്ന ചെറിയ ചുവടുവയ്പ്പുകൾ പോലും  ഒന്നായി പരിഗണിക്കുമ്പോൾ വലിയ മാറ്റമാണ് പരിസ്ഥിതിയിൽ ഉണ്ടാക്കുന്നത്. 

 

വ്യക്തിഗത തീരുമാനങ്ങളെ ഗുണകരമായ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന നഡ്ജ് സിദ്ധാന്തത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കാവ്യ ആപ്ലിക്കേഷന് രൂപം നൽകിയിരിക്കുന്നത്. ഊർജ്ജ സംരക്ഷണം, വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കൽ എന്നിങ്ങനെ ധാരാളം മാർഗങ്ങൾ  നമുക്കുമുന്നിലുണ്ട്. എന്നാൽ പലരും അതിന് വേണ്ടത്ര പ്രാധാന്യം നൽകാതെ പോകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനായി ഇത്തരം മാർഗങ്ങൾ രസകരമായ ചലഞ്ചുകളാക്കി ഏറ്റെടുക്കാൻ ഓരോരുത്തർക്കും പ്രേരണ നൽകുകയാണ് കാവ്യ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

 

English summary :  11 year old girl creates app to nudge people into taking action against climate change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com