ADVERTISEMENT

മുൻകാലങ്ങളെ അപേക്ഷിച്ച് കൊച്ചുകുട്ടികൾക്ക് നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്ക കണ്ടും കേട്ടും അറിയാൻ സംവിധാനങ്ങൾ ഏറെയാണ്. എന്ത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടായാലും അവയിൽ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഒക്കെ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സംഘടനകളുമൊക്കെ കത്തയക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി പുറത്തു വരുന്നുണ്ട്. 

ഇത് കണ്ട് മനസ്സിലാക്കി തങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രി ഇടപെടുകയല്ലാതെ ഇനി മറ്റു മാർഗമില്ല എന്ന് കരുതി രണ്ട് കുരുന്നു സഹോദരങ്ങൾ എഴുതിയ കത്തുകൾ ഇപ്പോൾ വൈറലാണ്. 

 

ആസാം സ്വദേശികളായ ആറുവയസ്സുകാരി റൗസയും അഞ്ചുവയസ്സുകാരൻ അനിയൻ ആര്യനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആസാം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയ്ക്കും കത്തുകൾ എഴുതിയിരിക്കുന്നത്. ഇവരുടെ പ്രശ്നം എന്തെന്നല്ലേ?  ഇരുവരുടെയും മുൻനിരയിലെ മൂന്നു നാലു പല്ലുകൾ കൊഴിഞ്ഞു പോയിട്ട് ഏറെ നാളുകളായി. എന്നാൽ അതേ സ്ഥാനത്ത് പുതിയവ മുളക്കുന്നുമില്ല. ഇതുകാരണം ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നും ചവച്ച് കഴിക്കാനാവാത്ത അവസ്ഥ. ഇന്ന് മുളയ്ക്കും നാളെ മുളയ്ക്കുമെന്നു കരുതി കാത്തിരുന്നു മടുത്തു. ഒടുവിൽ അവസാന  മാർഗ്ഗം എന്നോണം  ഇരുവരും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കളയാമെന്നു തീരുമാനിക്കുകയായിരുന്നു. 

 

റൗസ മുഖ്യമന്ത്രിക്കും ആര്യൻ പ്രധാനമന്ത്രിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. പല്ലുകൾ കൊഴിഞ്ഞു പോയിട്ട് തിരികെ വരുന്നില്ല എന്നും എത്രയും വേഗം  വേണ്ട നടപടികൾ എടുക്കണമെന്നും  വ്യക്തമായി പറയുന്നുണ്ട്. തങ്ങൾ സ്വപ്നം കാണുന്നത് പോലെയുള്ള നിറയെ പല്ലുകളുള്ള വായയുടെ ചിത്രങ്ങളും രണ്ടുപേരും കത്തിൽ വരച്ചു ചേർത്തിരിക്കുന്നു.  ഇവരുടെ ബന്ധുവായ മുക്താർ അഹമ്മദാണ് കത്തുകളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കുട്ടികൾ ഇത് എഴുതുന്ന സമയത്ത് താൻ ജോലിസ്ഥലത്തായിരുന്നുവെന്നും അവർ സ്വന്തം നിലയിൽ തന്നെ എഴുതിയ കത്താണിത് എന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. 

 

എന്തായാലും കത്തുകൾ കണ്ടതോടെ കുട്ടികളുടെ നിഷ്കളങ്കത മനം നിറയ്ക്കുന്നു എന്ന തരത്തിലാണ് പ്രതികരണങ്ങൾ.

 

English summary : Assam kids write to PM Modi, CM Himanta to take necessary action as their adult teeth werent growing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com