ADVERTISEMENT

നെടുമ്പാശേരിയുടെ ആകാശത്തു വിമാനങ്ങൾ ഇരമ്പുമ്പോൾ താഴെ ഏകാഗ്രതയുടെ അടയാളമായി ഒരു എട്ടുവയസ്സുകാരനുണ്ട്. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന കുരുന്നു ഗോൾഫർ. മുഹമ്മദ് ബിൻ അജീബ് അൽ ഹാഷിം. ഏകാഗ്രത, ഗോൾഫ് കളിക്കാരനുവേണ്ട ഏറ്റവും വലിയ യോഗ്യതകളിലൊന്നാണ്. എല്ലാ വാരാന്ത്യങ്ങളിലും സിയാൽ ഗോൾഫ് കോഴ്സിൽ കാണാം ഈ ഭാവി ചാംപ്യനെ.

കഴിഞ്ഞ മാസം മൈസൂരുവിൽ നടത്തിയ ദക്ഷിണേന്ത്യ ജൂനിയർ ഗോൾഫിൽ ആൺകുട്ടികളുടെ ‘ഇ’ വിഭാഗത്തിൽ റണ്ണറപ്പായി ഹാഷിം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി. വ്യവസായി അജീബ് കനി റാവുത്തറുടെയും സാബിറയുടെയും മകനാണു ഹാഷിം. സാബിറ തിരൂരിൽനിന്നാണ്. പിതാവ് പത്തനംതിട്ട സ്വദേശി. 

തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണു ഹാഷിം. അടുത്ത വർഷം കൊച്ചിയിലേക്കു താമസം മാറ്റും. കളിയിലെ വളർച്ചയാണു ലക്ഷ്യം. ഗോൾഫ് പരിശീലനം കടുപ്പമാണ്. ഒരു ഹോൾ 4 ഏക്കറാണ്. സാധാരണ കുട്ടികൾ 9 ഹോൾ കളിക്കാറില്ല. പക്ഷേ, ഹാഷിം കളിക്കും. ശനിയാഴ്ചകളിൽ പുലർച്ചെ 3.30നു ‘ഗോൾഫ് ടീം’ തിരൂരിൽനിന്നു പുറപ്പെടും. കൊച്ചിയിൽ എത്തിയാലുടൻ പരിശീലനം. ഉച്ചവരെ തുടരും. ഞായർ പുലർച്ചെയും പരിശീലനമുണ്ട്. ഉച്ചയ്ക്കുശേഷം തിരൂരിലേക്കു മടങ്ങും.

ഗോൾഫ് കളിക്കാരനാകാൻ എന്തൊക്കെ വേണം? ഉത്തരം ഹാഷിമിൽനിന്ന്: ‘അതിരാവിലെ  ഉണരണം. മടി ഒട്ടും പാടില്ല.  ഗോൾഫിന്റെ തിയറി പഠിക്കണം. അതിനുശേഷമാണു പരിശീലനം തുടങ്ങിയത്. 15 വയസ്സുള്ള ചേട്ടനും 14 വയസ്സുള്ള ചേച്ചിയുമുണ്ട്. 2 പേരും കളിയിൽ എതിരാളികളാണ്. ശത്രുക്കളല്ല. പക്ഷേ, എനിക്ക് ഞാൻ തന്നെയാണ് ഒന്നാമത്തെ എതിരാളി.’ 

ഫെബ്രുവരിയിൽ മലേഷ്യയിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. അതുകഴി‍ഞ്ഞ്? ‘എനിക്ക് ഒളിംപിക്സിൽ കളിക്കണം.’

English Summary : Hashim the little golf player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com