ADVERTISEMENT

ജീവിതത്തിൽ വിജയം നേടിയവരുടെ  ഓരോ ചവിട്ടുപടികളും മറ്റുള്ളവർക്ക് പ്രചോദനമാണ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ കാര്യവും അങ്ങനെതന്നെ. എന്നാൽ ജീവിതത്തിലും ബിസിനസ് രംഗത്തും പലപ്പോഴും ചില ലക്ഷ്യങ്ങൾ അപ്രാപ്യമാണെന്ന് അദ്ദേഹത്തിനും തോന്നാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. കുറച്ചുകാലങ്ങളായി അത്തരം പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ തനിക്ക് പ്രചോദനമാകുന്ന ഒരു വിഡിയോയാണ് ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. 

 

കുട്ടികൾക്ക് റോക്ക് ക്ലൈംബിംഗ് നടത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഭിത്തിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു കുരുന്നാണ് വിഡിയോയിലുള്ളത്. ഒന്നോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്  മുകളിലെത്താൻ സാധിക്കുമോ എന്നാവും വിഡിയോ കണ്ടു തുടങ്ങുമ്പോൾ എല്ലാവരുടെയും സംശയം. അത് ശരി വയ്ക്കുന്ന തരത്തിൽ ആദ്യത്തെ ഒന്നുരണ്ട് പടവുകൾ കയറാൻ കുഞ്ഞ് നന്നേ ബുദ്ധിമുട്ടുന്നതും കാണാം. എന്നാൽ അങ്ങനെ അങ്ങ് വിട്ടുകളയാൻ കക്ഷി തയ്യാറായിരുന്നില്ല. സംയമനത്തോടെ പലയാവർത്തി ശ്രമിച്ച് ഒടുവിൽ ഭിത്തിയുടെ ഏറ്റവും മുകളിലേക്ക് കുഞ്ഞ് കയറുക തന്നെ ചെയ്തു. 

 

രണ്ടു വർഷം പഴക്കം ചെന്ന വിഡിയോ ആണെങ്കിലും എപ്പോഴും പ്രസക്തമാണെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര അതു പങ്കുവെച്ചിരിക്കുന്നത്. ചില ലക്ഷ്യങ്ങൾ അസാധ്യമാണെന്ന് തോന്നുമ്പോൾ ഈ വിഡിയോയാണ് തന്നെ നയിക്കുന്നത് എന്ന് അദ്ദേഹം കുറിക്കുന്നു. മുന്നോട്ടു കുതിക്കാനുള്ള എല്ലാ ഭയങ്ങളും ഇത് കാണുമ്പോൾ മാറി പോകുമെന്നും ആനന്ദ് മഹീന്ദ്ര പറയുന്നുണ്ട്. 

 

ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും  ചെയ്യുന്ന തരത്തിലുള്ള ധാരാളം പോസ്റ്റുകൾ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം ധാരാളം ആരാധകരുമുണ്ട്. ഈ പോസ്റ്റിന്റെ കാര്യവും മറിച്ചായിരുന്നില്ല. ചുരുങ്ങിയ സമയംകൊണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് വിഡിയോ കണ്ടത്.

 

English Summary : Anand Mahindra post video of kid rock climbing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com