ADVERTISEMENT

അഞ്ചാംക്ലാസ് വരെ കൂട്ടുകൂടാതെ മുഖംവീർപ്പിച്ചു നടന്ന സഹപാഠിയെ പിന്നാലെ ചെന്നു കൂട്ടുകൂടി ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയാക്കി മാറ്റിയതുപോലെയാണ് അവന്തിക എന്ന കൊച്ചുമിടുക്കി കണക്കിനെ പാട്ടിലാക്കി സമ്മാനങ്ങൾ കൊയ്തത്. അബാക്കസ് എന്ന പ്രിയ മൽസരയിനത്തിലൂടെയാണ് വയനാട് പതിക്കൽ പുത്തൻപുരയിൽ അവന്തിക രാജേഷ് എന്ന  ഏഴാം ക്ലാസുകാരി നാടിന്റെ യശസ്സ് ഉയർത്തിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ ഈ വർഷം നടന്ന നാഷനൽ അബാക്കസ് മത്സരത്തിൽ ദേശീയതലത്തിൽ ലെവൽ 3 യിൽ രണ്ടാം സ്ഥാനമാണ് അവന്തിക സ്വന്തമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിലാണ് അവന്തിക അഭിമാനനേട്ടം കൈവരിച്ചത്.

 

മൂന്നു വർഷം മുൻപാണ് അബാക്കസിനോട് അവന്തിക കൂട്ടുകൂടിത്തുടങ്ങിയത്. ദേശീയതലത്തിൽ അബാക്കസ് മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഐക്യു കോമ്പറ്റീഷനിലും ക്രീയേറ്റീവ് വർക്ക്‌സിനും സംഗീതമൽസരങ്ങൾക്കും സ്കൂൾതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവന്തിക ഏറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അബാക്കസിനോടുള്ള ഇഷ്ടത്തോളം അവന്തികയ്ക്കു പ്രിയപ്പെട്ടതാണ് കരാട്ടെയും നൃത്തവും സംഗീതവും ചിത്ര രചനയും. കരാട്ടെയിൽ സംസ്ഥാനതലത്തിൽ ബ്രോൺസ് ലഭിച്ചിട്ടുണ്ട്. അബാക്കസിനോടു കൂട്ടുകൂടിയ കഥ മനോരമ ഓൺലൈൻ വായനക്കാരുമായി അവന്തിക പങ്കുവയ്ക്കുന്നതിങ്ങനെ:

 

∙ ദേശീയതലത്തിൽ നടന്ന അബാക്കസ് മൽസരത്തിൽ രണ്ടാം റാങ്ക്. അവന്തിക എങ്ങനെയാണ് കണക്കിനോട് കൂട്ടു കൂടിയത്?

 

Avanthika With Her Sister Avarnika
അവന്തിക അനിയത്തി അവർണികയ്ക്കൊപ്പം

അഞ്ചാം ക്ലാസ് വരെ കണക്കിനോട് അത്രക്ക് കമ്പമില്ലായിരുന്നു. മറ്റു വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് ലഭിക്കുമ്പോഴും കണക്ക് പരീക്ഷയിൽ മിക്കവാറും ഒന്നുരണ്ട് മാർക്ക് പോകുമായിരുന്നു. കണക്കിനു കൂടി മുഴുവൻ മാർക്കും നേടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കണക്കിനോടു ചങ്ങാത്തം കൂടിത്തുടങ്ങിയത്. ഇപ്പോൾ കണക്കിനും മുഴുവൻ മാർക്കും കിട്ടുന്നുണ്ട്.

 

∙ അബാക്കസ് പരിശീലനം ആരംഭിച്ച് മൂന്നു വർഷം പിന്നിടും മുമ്പേ തേടി വന്നത് നിരവധി അംഗീകാരങ്ങൾ. എങ്ങനെയാണ് പരിശീലനം?

 

Avanthika
അവന്തിക

എൽകെജി മുതൽ സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. സമ്മാനങ്ങൾ കിട്ടുന്നതിലല്ല കാര്യം, എല്ലാ മേഖലയിലും പങ്കെടുക്കുക എന്നതിനാവണം പ്രാധാന്യം നൽകേണ്ടതെന്നാണ് അച്ഛനമ്മമാർ പറഞ്ഞു തന്നത്. നാലാം ക്ലാസ് മുതലാണ് അബാക്കസ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ അബാക്കസിന്റെ ക്ലാസ് ഉണ്ടായിരുന്നു. കൊറോണ വന്നതോടെ ക്ലാസ് പൂർണ്ണമായും ഓൺലൈനായി. സ്കൂൾ ടൈമിന്റെ ഇടയ്ക്കുള്ള സമയത്താണ് ടീച്ചർ ഓൺലൈൻ ക്ലാസെടുക്കുന്നത്. ശനിയും ഞായറും പരിശീലിക്കുന്നത് സംഗീതവും നൃത്തവും കരാട്ടെയുമാണ്. സ്കൂൾതലം മുതൽ ദേശീയതലം വരെ വിവിധയിനം മൽസരങ്ങളിൽ പങ്കെടുക്കാനും വിജയിക്കാനും സാധിച്ചത് ഈ പരിശീലനങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസം കൊണ്ടാണ്.

 

∙ അബാക്കസ്, കരാട്ടെ, പാട്ട്, നൃത്തം, ചിത്ര രചന...  ഇഷ്ടങ്ങളിൽത്തന്നെ ഒരുപാട് വൈവിധ്യമുണ്ടല്ലോ. എങ്ങനെയാണ് പഠനത്തോടൊപ്പം മറ്റിഷ്ടങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്?

 

സ്കൂളിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുവാനുള്ള പ്രചോദനം അമ്മയും അച്ഛനും നൽകിയതു കൊണ്ട് പങ്കെടുക്കുന്ന എല്ലാ ഇനങ്ങളോടും ഒരുപാടിഷ്ടം തോന്നിയിരുന്നു. അങ്ങനെ ഇത്തരം കലാ-കായിക വിനോദങ്ങളെ കൂടുതൽ അറിയുവാനുള്ള ആഗ്രഹമുണ്ടായി. ക്ലാസ് കഴിഞ്ഞുള്ള സമയവും അവധി ദിവസങ്ങളിലുമാണ് ഈ ഇഷ്ട വിഷയങ്ങൾ പരിശീലിക്കുന്നത്.

 

Avanthika With Her Sister Avarnika
അവന്തിക അനിയത്തി അവർണികയ്ക്കൊപ്പം

∙ തുടർച്ചയായി വിജയങ്ങൾ കൊയ്യാൻ അവന്തികയെ സഹായിക്കുന്ന പരിശീലകർ ആരൊക്കെയാണ്?

 

അബാക്കസിൽ പരിശീലനം നൽകിയിരുന്നത് വയനാട് മീനങ്ങാടി മാസ്റ്റർ മൈൻഡ് അബാക്കസിലെ പ്രിൻസി നിബി മിസ്സും അനീഷ് സർ, നിഷ മിസ് എന്നിവരുമായിരുന്നു. പാട്ടു പഠിക്കുന്നത് കലൈവാണി ശാരദ ടീച്ചറിന്റെ കീഴിലാണ്. നൃത്തം പരിശീലിക്കുന്നത് കലാമണ്ഡലം അഞ്ജു ജിജോ ടീച്ചറിന്റെ കീഴിലാണ്. ചിത്രരചന സ്കൂളിൽ പഠിക്കുന്നതല്ലാതെ പ്രത്യേകമായി പഠിച്ചിരുന്നില്ല. എന്നിരുന്നാലും ചിത്രരചനാമത്സരങ്ങളിലും  നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ചിത്രരചനയ്ക്ക് പരിശീലനം നൽകുന്നത് ജോസ് വി.ടി. വള്ളിപ്പാലം സാർ ആണ്. കരാട്ടെ പരിശീലിപ്പിക്കുന്നത് കെൻയുറിയൂ ഏഷ്യൻ ജഡ്ജ് ആയ ഗിരീഷ് പെരുംതട്ട സർ ആണ് .

 

Avanthika With Her Sister Avarnika
അവന്തിക അനിയത്തി അവർണികയ്ക്കൊപ്പം

∙ ചേച്ചിയെപ്പോലെ കണക്കിലെ കളികൾ ഇഷ്ടമാണോ അവന്തികയുടെ അനിയത്തിക്കും? മൽസരങ്ങളിൽ പങ്കെടുക്കാറുണ്ടോ?

 

അനിയത്തി അവർണികാ മൂന്നാം ക്ലാസിലാണ്. പാട്ടും ഡാൻസും കരാട്ടെയും പരിശീലിക്കുന്നുണ്ട്. ഞാൻ ചെയ്യുന്നതുകണ്ട് അബാക്കസും പരിശീലിക്കുന്നുണ്ട്. എന്നെപ്പോലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. 

 

∙ അബാക്കസിനോടുള്ള ഇഷ്ടം ആദ്യം തിരിച്ചറിഞ്ഞതാരാണ്? രക്ഷിതാക്കളോ അധ്യാപകരോ?

 

അബാക്കസ് പരിശീലനത്തിലൂടെ മെന്റൽ എബിലിറ്റി, ന്യൂമെറിക്കൽ എബിലിറ്റി, ഏകാഗ്രത എന്നിവ വർധിക്കുമെന്ന് മനസ്സിലാക്കിത്തന്നതും അതിലേക്കു വഴിതെളിച്ചതും അച്ഛനും അമ്മയുമാണ്. 

 

∙ സ്കൂളിനെക്കുറിച്ച് പറയാമോ?

 

ഞാൻ പഠിക്കുന്നത് കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ ആണ്. പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോൺ, ക്ലാസ് ടീച്ചർ വേദവ്യാസൻ സർ, അതുപോലെ ഇവിടെയുള്ള എല്ലാ അധ്യാപകരും കൂട്ടുകാരും എനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ തരുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്. ഈ സ്കൂളിൽ പഠിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു .

 

∙ കുടുംബം?

 

അച്ഛൻ രാജേഷ് പി.ഡി. വയനാട് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറാണ്. അമ്മ രജനി കൃഷ്ണ രാജേഷ് ഹൗസ് വൈഫ് ആണ്. ഔർ കാർട്ട് ഓൺലൈൻ ഷോപ്പ് എന്നൊരു ഓൺലൈൻ ബിസിനസും ചെയ്യുന്നുണ്ട്. അനിയത്തി അവർണികാ രാജേഷ്  എന്റെ സ്കൂളിൽത്തന്നെ മൂന്നാം ക്ലാസിലാണ്.

 

∙ പഠനവും കലയും ഒരുപോലെ മുന്നോട്ടുകൊണ്ടു പോകാൻ വീട്ടിൽനിന്നു ലഭിക്കുന്ന പിന്തുണയെക്കുറിച്ച് പറയാമോ?

 

അച്ഛനും അമ്മയും തരുന്ന പരിപൂർണമായ പിന്തുണയാണ് എന്റെ ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങൾക്കും കാരണം. അവരുടെ മകളായി ജനിക്കാൻ സാധിച്ചത് വലിയ ഭാഗ്യം ആയി ഞാൻ കാണുന്നു. കുട്ടിക്കാലം മുതൽ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചത് അവരാണ്. മത്സരങ്ങളിൽ സമ്മാനത്തേക്കാൾ ഉപരി മൂല്യം പങ്കാളിത്തത്തിനാണെന്നാണ് അച്ഛനും അമ്മയും എന്നോട് എപ്പോഴും പറയാറുള്ളത്.

 

∙ ഏതു മേഖലയിൽ തുടർ പഠനം നടത്താനാണിഷ്ടം?

 

പഠനത്തോടൊപ്പം തന്നെ മറ്റു മേഖലകളും മുന്നോട്ടു കൊണ്ടുപോകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്നിരുന്നാലും പഠനത്തിനു തന്നെ ആയിരിക്കും മുൻതൂക്കം നൽകുന്നത്. ധാരാളം പുസ്തകങ്ങൾ വായിക്കുവാനും അതിലൂടെ ധാരാളം അറിവുനേടാനും ആഗ്രഹിക്കുന്നു.

 

∙ മുതിരുമ്പോൾ ആരാകാനാണിഷ്ടം?

 

മറൈൻ ബയോളജിസ്റ്റ് ആകാനാണ് ഇഷ്ടം. ഐഎഎസ്‌ നേടണം എന്നൊരു സ്വപ്നവും  കൂടി ഉണ്ട് .

 

∙അബാക്കസ് എന്നാൽ

 

പുരാതനകാലത്തെ കംപ്യൂട്ടർ എന്നോ കാൽക്കുലേറ്റർ എന്നോ വിശേഷിപ്പിക്കാവുന്ന അബാക്കസ് കുട്ടികളിലെ ബൗദ്ധിക, സർഗാത്മക വികാസത്തിനു സഹായകരമാണ്. ജീവശക്തിയെ ഉണർത്തി വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന വ്യായാമങ്ങളാണ് അബാക്കസിൽ ഉള്ളത്. കുട്ടികൾ അബാക്കസ് പരിശീലിക്കുമ്പോൾ അത് അവരുടെ ഇടതും വലതും ബ്രെയിൻ സെല്ലുകളെ ഒരുപോലെ പ്രവർത്തിപ്പിക്കുന്നു. അങ്ങനെ അവരിൽ ബുദ്ധിശക്തി, ഓർമശക്തി, ആത്മവിശ്വാസം, ക്രിയാത്മകത, വേഗത, കൃത്യത, ശ്രദ്ധ, പഠനത്തിൽ ഉള്ള കഴിവ് എന്നിവ വളരുന്നു. അതു കൊണ്ടാണ് അമേരിക്കയിലും യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും ഗൾഫ് നാടുകളിലുമൊക്കെ അബാക്കസ് കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

ദേശീയ പുരസ്കാരം തേടിയെത്തിയതോടെ അബാക്കസിന്റെ അടുത്ത ലെവലിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അവന്തിക. കൂട്ടായി കുഞ്ഞനിയത്തിയും കുടുംബവും. കൃത്യമായ ലക്ഷ്യബോധത്തോടെ അവന്തിക ജീവിതത്തെക്കുറിച്ച് കണക്കുകൂട്ടുകയാണ്; അണുവിട പിഴക്കാൻ അനുവദിക്കില്ല എന്ന ആത്മവിശ്വാസത്തോടെ. 

 

Content Summary : Avanthika Rajesh Won Second Prize In National Abacus Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com