ADVERTISEMENT

കടൽ കടന്നെത്തിയില്ലെങ്കിൽ എന്താ? ഭാവനയ്ക്ക് അതിരുകളേയില്ലെന്ന് അങ്ങ് അമേരിക്കയിലിരുന്ന് തെളിയിച്ചിരിക്കുകയാണ് ഭാവന എന്ന മലയാളി പെൺകുട്ടി. ചെയ്യുന്ന കാര്യത്തോട് അകമഴിഞ്ഞ ആത്മാർഥത മാത്രം മതി. സ്ഥലവും കാലവും സമയവുമൊക്കെ കട്ടയ്ക്കു കൂടെ നിൽക്കുമെന്ന തത്വമാണ് ഭാവനയുടെ പരിശ്രമം കൊണ്ട് യാഥാർഥ്യമായത്. ന്യൂജഴ്സിയില്‍‌ 11–ാം ഗ്രേഡ് വിദ്യാർഥിനിയായ ഭാവന തേലക്കാട്ട് അവിടുത്തെ ഗേൾ സ്കൗട്ട് സിൽവർ ബാഡ്‍ജ് പ്രോഗ്രാമിനു വേണ്ടി തിരഞ്ഞെടുത്തത് കേരളത്തിലെ തെരുവു നായ്ക്കളുടെ സംരക്ഷണവും ദത്തെടുക്കല്‍, ഫോസ്റ്ററിങ് എന്നിവയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പ്രചാരണമാണ്. ഇതിനായുള്ള ഒരുക്കങ്ങൾക്കിടെ കോവിഡ് പ്രതിസന്ധി ഇന്ത്യയിലേക്കുള്ള യാത്രയും മുടക്കി. 

Beyond-Boundaries-02

 

Beyond-Boundaries-04
ഭാവനയുടെ നേതൃത്വത്തിൽ പോവ്സ് അംബാസിഡേഴ്സ് തെരുവു മൃഗങ്ങൾക്കായി നിർമിച്ചെടുത്ത ഉപകരണങ്ങൾ

എന്നാൽ കാതങ്ങൾക്കപ്പുറമിരുന്ന് കയ്യെത്തും ദൂരത്തെ വിവരജാലകം ഭാവന തുറന്നുവച്ചു. മിണ്ടാപ്രാണികൾക്കായി പ്രവർത്തിക്കുന്ന തൃശൂരിലെ പോവ്സ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസ്) എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. ‘പോവ്സ് അംബാസിഡേഴ്സ്’ എന്ന പേരിൽ സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെ ഒരു ഗ്രൂപ്പും ഉണ്ടാക്കി. ഉപേക്ഷിക്കപ്പെടുന്ന മിണ്ടാപ്രാണികൾക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാംപെയ്നു തുടക്കമിട്ടു. തെരുവുമൃഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്ന വാർത്തകളും സംഭവങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തു. 

Beyond-Boundaries-03

 

അവശനിലയിൽ തെരുവിൽ കഴിയുന്നതും രോഗം പിടിപെട്ട് വീടുകളിൽ കഴിയുന്നവയുമായ നായ്ക്കൾക്കും പൂച്ചകൾക്കും മറ്റും സ്ഥലത്തെത്തി പരിചരണം നൽകുകയാണ് പോവ്സ് പ്രവർത്തകർ ചെയ്യുന്നത്. സന്നദ്ധ പ്രവർത്തകർക്കിടയിൽ മൃഗപരിപാലനത്തിന് ആവശ്യമായ ചില പ്രാഥമിക സൗകര്യങ്ങളുടെ പോരായ്മകള്‍ പരിഹരിക്കാനായിരുന്നു ഭാവനയുടെ അടുത്ത ശ്രമം. ചെലവുകുറഞ്ഞ രീതിയിൽ മൃഗങ്ങൾക്കായുള്ള കട്ടിലുകൾ, തൊട്ടിലുകൾ, സ്ട്രെച്ചർ, കളിയുപകരണങ്ങൾ എന്നിവ നിർമിക്കാനുള്ള നുറുങ്ങുവിദ്യകൾ ഭാവന പഠിച്ചെടുത്തു. ഉപേക്ഷിച്ച പിവിസി പൈപ്പുകള്‍, തുണികൾ, അലങ്കാര വസ്തുക്കൾ, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ഇവയുടെ നിർമാണവിദ്യ. ഗൂഗിൾ മീറ്റ് വഴി പോവ്സ് അംബാസിഡേഴ്സിനെയും കുടുംബാംഗങ്ങളെയും ഭാവന തന്നെ ഇവയുടെ നിർമാണം പഠിപ്പിച്ചു. ചെലവേറിയ കളിയുപകരണങ്ങൾക്കു പകരം തുണികൾ കൊണ്ടുള്ള കളിപ്പാട്ടങ്ങളും ഉണ്ടാക്കി. 

 

സമൂഹത്തിൽ നിലനിൽക്കുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് പഠിക്കുകയും അതേക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എളിയ തോതിലെങ്കിലും പ്രശ്ന പരിഹാരത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് അമേരിക്കയിലെ ഗേൾ‌ സ്കൗട്ട് പ്രോജക്ടുകളെന്ന് ഭാവന തേലക്കാട്ട് പറയുന്നു. ഗേൾസ് സ്കൗട്ടിനു പുറമെ ക്രോസ് കൺട്രി ഓട്ടമത്സരങ്ങളിലും സജീവ സാന്നിധ്യമാണ് ഭാവന. വയലിൻ, ഭരതനാട്യം എന്നിവയിലും മികവു തെളിയിച്ചിട്ടുണ്ട്. വേണു തേലക്കാട്ടിന്റെയും മിനി കൃഷ്ണന്റെയും മകളാണ് ഭാവന. 

 

English Summary : Student Bhavana Helping Street Dogs as part of her Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com