ADVERTISEMENT

ചിത്രശലഭങ്ങളുടെ അഴകുകണ്ട് നോക്കി നിൽക്കാത്തവരായി ആരുമുണ്ടാവില്ല. പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് തന്നെ അവയെ വിശേഷിപ്പിച്ചാലും തെറ്റില്ല. പ്രകൃതി നശിപ്പിക്കപ്പെടുന്നതിനൊപ്പം  നമ്മുടെ ചുറ്റുവട്ടത്ത് ചിത്രശലഭങ്ങൾക്ക് മുട്ടുകൾ  വിരിയിച്ചെടുക്കാനുള്ള സാഹചര്യങ്ങളും കുറഞ്ഞുവരികയാണ്. പക്ഷേ ഇക്കാര്യത്തെപ്പറ്റി അധികമാരും ചിന്തിച്ചു എന്ന് വരില്ല. എന്നാൽ പാലക്കാട് കേരളശ്ശേരിയിലുള്ള  എട്ടാം ക്ലാസുകാരി അശ്വതിയുടെയും അഞ്ചുവയസ്സുകാരി അനുജത്തി അനുശ്രീയുടെയും കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ശലഭ പുഴുക്കളെ കണ്ടെത്തി അവയ്ക്ക് ശ്രദ്ധയോടെ പരിചരണം നൽകി പൂമ്പാറ്റകളായി വിരിയിച്ചെടുക്കുകയാണ് ഈ മിടുക്കികൾ. 

little-girls-who-is-fascinated-with-butterflies1

 

ശലഭങ്ങളുട മുട്ടകൾ വിരിഞ്ഞ് പുഴുവിന്റെ രൂപത്തിൽ ആകുമ്പോഴേക്കും മനുഷ്യന്റെ ഇടപെടൽ മൂലമോ പക്ഷികളും മറ്റും ഭക്ഷണമാക്കുന്നതുമൂലമോ അവയ്ക്ക് ജീവഹാനി സംഭവിക്കാറുണ്ട്. 50 ശതമാനത്തോളം ശലഭങ്ങളും ഇത്തരത്തിൽ ജീവിതചക്രം പൂർത്തിയാക്കാനാവാതെ നശിച്ചുപോവുകയാണ് ചെയ്യുന്നത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ അവയെ എങ്ങനെ സംരക്ഷിക്കാം എന്നായി  അശ്വതിയുടെ ചിന്ത. അങ്ങനെ അധ്യാപകരിൽ നിന്നും  കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം പുഴുക്കളെ കണ്ടെത്തി പരിചരണം നൽകി തുടങ്ങി. ചേച്ചി പറഞ്ഞുകൊടുത്ത വിവരങ്ങൾ കേട്ട് കൗതുകം തോന്നിയ അനുശ്രീയും ഒപ്പം കൂടി. ഇപ്പോൾ പുഴുക്കളെ കണ്ടെത്താനും അവയ്ക്ക് വളരാനുള്ള സൗകര്യങ്ങൾ ഒരുക്കാനും മുൻപിൽ നിൽക്കുന്നത് അനുശ്രീയാണ്. 

 

വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി  സുഷിരങ്ങളിട്ട ശേഷം വൃത്തിയാക്കിയെടുത്ത ചെറിയ പാത്രങ്ങളിലാണ് കണ്ടെത്തുന്ന പുഴുക്കളെ നിക്ഷേപിക്കുന്നത്. ഏതുതരം ചെടിയിൽ നിന്നാണോ പുഴുവിനെ ലഭിക്കുന്നത് അതേ ചെടിയുടെ ഇലകൾ മുറിച്ച് ഭക്ഷണമായി നൽകും.  മറ്റ് ശല്യങ്ങളൊന്നുമില്ലാതെ ശലഭ പുഴുക്കൾ സ്വസ്ഥമായി കൂടുകൾക്കുള്ളിൽ ആഹാരം കഴിച്ചു വളരുകയും ചെയ്യും. പ്യൂപ്പ രൂപത്തിൽ നിന്നും പുറത്തു വരാൻ സമയമാകുന്നതോടെ കൂടുതുറന്നു ഇവയെ സ്വതന്ത്രരാക്കി വിടുകയാണ് ചെയ്യുന്നത്. 

 

ഇതിനോടകം പതിനഞ്ചോളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ശലഭങ്ങൾക്കാണ് ഇരുവരും ചേർന്ന് പുതുജീവനേകിയത്. ശലഭപ്പുഴുക്കളെ കണ്ടെത്തുന്നതു മുതൽ അവയെ പരിചരിക്കുന്നതിന്റെയും വളർച്ച പൂർത്തിയായ ശേഷം പറത്തി വിടുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പകർത്തി വിജ്ഞാന ജാലകം എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. പുഴുക്കളെ പരിചരിക്കുന്നതിനും ഭക്ഷണം നൽകുന്നതിനുമുള്ള കത്രികയും ഗ്ലൗസുകളും തുണികളും എല്ലാം നന്നായി വൃത്തിയാക്കിയ ശേഷം മാതമാണ്  ഉപയോഗിക്കുന്നത്. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന അച്ഛൻ രാമുവും അമ്മ രജിതയും അധ്യാപകരും പൂർണ പിന്തുണയേകി ഇവർക്കൊപ്പമുണ്ട്. 

 

എട്ടുമാസം മുൻപ് ഒരു കൗതുകത്തിനായി തുടങ്ങിയ നിരീക്ഷണം ഇന്നിപ്പോൾ ഇരുവരുടെയും ദിനചര്യകളുടെ ഭാഗമാണ്. പൂമ്പാറ്റ പുഴുക്കൾക്ക് പുറമേ കുഴിയാനകൾക്കും വളരാനാവുന്ന വിധത്തിൽ സൗകര്യങ്ങളൊരുക്കി പരിപാലിച്ച് കുഴിയാന തുമ്പികളാക്കി പുറത്തു വിടണമെന്ന ആഗ്രഹത്തിലാണ് ഇരുവരുമിപ്പോൾ. കുഴിയാനകളുടെ  ജീവിതചക്രത്തെ കുറിച്ചും എങ്ങനെ പരിചരണം നൽകണം എന്നതിനെക്കുറിച്ചുമെല്ലാം  പഠിച്ചെടുക്കാനാണ് ശ്രമം. കോങ്ങാട് കെ പി ആർ പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അശ്വതി. അനുശ്രീ കോങ്ങാട് ഗവൺമെന്റ് യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയും. പ്രകൃതി സംരക്ഷണവും അതിനുള്ള മാർഗങ്ങളുമെല്ലാം ചർച്ചകൾ മാത്രമായി ഒതുങ്ങുമ്പോൾ നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചാൽ ചെറിയ പ്രവൃത്തികളിലൂടെ പ്രകൃതിക്ക് വലിയ കൈത്താങ്ങേകാനാവും എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കുരുന്നുകൾ.

English Summary : Little girls who is fascinated with butterflies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com