അച്ഛനമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള സ്നേഹത്തോളം മനോഹരമായ മറ്റൊന്നും ഭൂമിയിലില്ല എന്ന് പറയാറുണ്ട്. മാതാപിതാക്കളോളം കുഞ്ഞുങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും മറ്റാർക്കും കഴിയില്ല. ഇപ്പോഴിതാ ഒരു അച്ഛനും കുഞ്ഞുമകളും തമ്മിൽ സ്നേഹം പങ്കുവയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കുകയാണ് ഈ അച്ഛൻ.
നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ അച്ഛന്റെ മടിയിൽ ഇരിക്കുകയാണ് കുരുന്ന്. നിനക്ക് ഏറെ ഭംഗിയുണ്ടെന്ന് അച്ഛൻ പറയുമ്പോഴെല്ലാം പുഞ്ചിരിച്ചുകൊണ്ട് അത് നിഷേധിക്കുകയാണ് മകൾ. എന്നാൽ ഓരോ തവണ കുഞ്ഞ് അല്ല എന്ന് പറയുമ്പോഴും നീ സുന്ദരിക്കുട്ടിതന്നെ എന്ന് അച്ഛൻ ആവർത്തിച്ചു പറയുന്നുണ്ട്. അതോടൊപ്പം നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മകൾക്ക് സ്നേഹ ചുംബനവും നൽകി.
അച്ഛന്റെ സ്നേഹം മകൾ എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്നത് അവളുടെ കുഞ്ഞുമുഖത്തുനിന്നും വ്യക്തമാണ്. ഒടുവിൽ അച്ഛൻ പറഞ്ഞത് ശരിയാണ് എന്ന മട്ടിൽ സന്തോഷത്തോടെ നിറഞ്ഞു പുഞ്ചിരിക്കുന്ന കുഞ്ഞിനെ വിഡിയോയിൽ കാണാം. തന്റെ മകളെ താൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ദിവസവും അവൾക്ക് പറഞ്ഞു കൊടുക്കാറുണ്ട് എന്ന അടിക്കുറിപ്പോടെ അച്ഛൻ തന്നെയാണ് സന്തോഷ നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ നിമിഷം എന്നാണ് വിഡിയോയെക്കുറിച്ചുള്ള പ്രതികരണങ്ങൾ. ആത്മവിശ്വാസമുള്ള വ്യക്തിയായി വളരാൻ ഈ മകൾക്ക് മറ്റൊന്നും വേണ്ടിവരില്ല എന്നും പലരും കുറയ്ക്കുന്നു. അര ലക്ഷത്തിനടുത്ത് ആളുകളാണ് ഹൃദയം നിറയ്ക്കുന്ന വിഡിയോ കണ്ടത്.
English Summary : Cute reaction of baby daughter when dad tells she's beautiful