തോക്കിന്റെ മുന്നിലും കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിച്ചു; ദീപ്ത സ്മരണയായി അമേരി ഗാർസ

HIGHLIGHTS
  • നിങ്ങളെല്ലാം കൊല്ലപ്പെടാൻ പോകുകയാണെന്ന് റാമോസ് ക്ലാസിൽ വിളിച്ചുപറഞ്ഞു
  • അമേരി തന്റെ കൈയിലുള്ള ഫോണിൽ നിന്നു പൊലീസിനെ വിളിക്കാൻ തുടങ്ങി
amerie-garza-ten-year-old-killed-in-texas-school-shooting
അമേരി ഗാർസ. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

അമേരിക്ക വിറങ്ങലിച്ച ദിവസമാണ് കഴിഞ്ഞനാൾ കടന്നുപോയത്. യുഎസിലെ തെക്കൻ സംസ്ഥാനമായ ടെക്‌സസിൽ സാൻ അന്‌റോണിയോ നഗരത്തിന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യുവാൽഡി എന്ന പട്ടണത്തിലെ റോബ് എലമെന്ററി സ്‌കൂളിലേക്ക് തോക്കുകളുമായി ഇരച്ചുകയറിയ അതിക്രമി നടത്തിയ കൂട്ടക്കുരുതിയിൽ 19 കുരുന്നുകളാണ് പിടഞ്ഞുമരിച്ചത്. 2 അധ്യാപകരും അക്രമത്തിന് ഇരയായി. കൊല്ലപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവന്നു കൊണ്ട് ഇരിക്കുന്നതേയുള്ളൂ. രക്തം വിറങ്ങലിച്ചു പോകുന്ന ഭീകരതയ്ക്കു നടുവിലും മനോസ്ഥൈര്യം നിലനിർത്തി സ്വന്തം കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിച്ച ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ പേരാണ് അമേരി ജോ ഗാർസ.

അമേരിക്കയിൽ സ്പാനിഷ് വംശപാരമ്പര്യമുള്ള ഹിസ്പാനിക് വംശജർ പാർക്കുന്ന പട്ടണമാണ് യുവാൽഡി. താരതമ്യേന വരുമാനം കുറഞ്ഞ മേഖലയിലെ മധ്യവർഗ തൊഴിലാളികളുടെ മക്കളാണ് റോബ് എലമെന്ററി സ്‌കൂളിൽ പ്രധാനമായും പഠിച്ചിരുന്നത്. അമേരിയും അങ്ങനെ തന്നെ.

18 വയസ്സുകാരനായ സാൽവദോർ റാമോസ് എന്നയാളാണ് തോക്കുകളുമായി സ്‌കൂളിൽ കടന്നുകയറി ആക്രമണം നടത്തിയത്. സ്വന്തം മുത്തശ്ശിയെ വെടിവച്ചു പരുക്കേൽപിച്ച ശേഷമായിരുന്നു തന്റെ വീട്ടിൽ നിന്നു അൽപം ദൂരെമാറി സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് മരണദൂതുമായി റാമോസ് പാഞ്ഞെത്തിയത്. ദീർഘകാലമായി മാനസികമായ പിരിമുറുക്കങ്ങളും അരക്ഷിതാവസ്ഥയും റാമോസിനുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു വർഷം മുൻപ് തന്നെ തോക്കുകൾ വാങ്ങിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നത്രേ. താൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന തോക്കുകൾ എന്ന പേരിൽ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ തന്റെ പതിനെട്ടാം ജന്മദിനത്തിന് റാമോസ് തോക്കുകൾ വാങ്ങി. യുഎസിൽ പതിനെട്ട് തികഞ്ഞ ആർക്കും തോക്കുകൾ വാങ്ങാം എന്ന നിയമാനുകൂല്യം മുതലെടുത്തായിരുന്നു ഇത്. 

റോബ് എലമെന്ററി സ്‌കൂളിലേക്ക് കാറിലെത്തിയ റാമോസ് അമേരി പഠിക്കുന്ന ക്ലാസിലേക്ക് കടന്നുവന്നു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും കൈയിൽ കൈത്തോക്കും റൈഫിളുമായായിരുന്നു ആ വരവ്. നിങ്ങളെല്ലാം കൊല്ലപ്പെടാൻ പോകുകയാണെന്ന് റാമോസ് ക്ലാസിൽ വിളിച്ചുപറഞ്ഞു. പേടിച്ചരണ്ട കുട്ടികൾ നിലവിളിക്കാൻ തുടങ്ങി. എന്നാലും അപ്പോഴും മനോധൈര്യം പുലർത്തിയ അമേരി തന്റെ കൈയിലുള്ള ഫോണിൽ നിന്നു പൊലീസിനെ വിളിക്കാൻ തുടങ്ങി. അമേരിയുടെ ഈ ശ്രമം കൊലപാതകിയായ റാമോസിന്റെ ശ്രദ്ധയിൽപെട്ടു. തന്റെ കൈയിലുള്ള തോക്കുയർത്തി അമേരിയുടെ നേർക്ക് അയാൾ വെടിവയ്ക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന പ്രിയ കൂട്ടുകാരിയുടെ ദേഹത്തേക്ക് അമേരിയുടെ ചേതനയറ്റ ശരീരം വീണു.

പുറത്തേക്കു പോകാനും ആളുകളുമായി പരിചയപ്പെടാനും ഇടപഴകാനും വളരെയേറെ താൽപര്യമുള്ളയാളായിരുന്നു തന്റെ കൊച്ചുമകളെന്ന് അമേരിയുടെ മുത്തശ്ശിയായ ബെർലിൻഡ പറയുന്നു. മറ്റുള്ളവരെയും കൂട്ടുകാരെയും സഹായിക്കാൻ ഏറെ സന്നദ്ധതയുണ്ടായിരുന്ന അമേരി അധ്യാപകരുടെ അരുമയായിരുന്നു. വീടു കഴിഞ്ഞാൽ കുട്ടികൾക്ക് ഏറ്റവും സുരക്ഷിതത്വം തോന്നേണ്ട ഇടങ്ങളാണ് സ്‌കൂളുകൾ. സ്‌കൂൾ ജീവിതത്തിന്റെ മനോഹരമായ ഇടങ്ങളിലേക്ക് തോക്കുകളുമായെത്തുന്ന അക്രമികൾ യുഎസിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂൾ വെടിവയ്പ് ആക്രമണമായ സാൻഡി ഹുക് സംഭവത്തിന്റെ പത്താം വാർഷികത്തിലാണ് വീണ്ടും അരുംകൂട്ടക്കൊല നടന്നിരിക്കുന്നത്. ഈ വർഷം തന്നെ 27-ാമത്തെ സ്‌കൂൾ വെടിവയ്പാണു യുഎസിൽ സംഭവിച്ചത്.

English Summary : Amerie Jo Garza 10 years old, killed trying to call police to save her classmates in Texas school shooting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA