ADVERTISEMENT

എവറസ്റ്റ് ബേസ് ക്യാംപിലെത്തി റെക്കോർഡിട്ട് എട്ടുവയസ്സുകാരൻ. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ഈ ബേസ് ക്യാംപ് തറനിരപ്പിൽ നിന്ന് 5364 മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ദുബായിൽ ജീവിക്കുന്ന ഗോവൻ വംശജനായ ഓസ്‌കർ മാനുവൽ പചേക്കോയാണു ഇതുവഴി എവറസ്റ്റ് ബേസ്‌ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോവക്കാരനായത്.പിതാവായ റ്യാൻ പചേക്കോയ്‌ക്കൊപ്പമാണ് ഓസ്‌കർ എവറസ്റ്റിലേക്കു ട്രെക്കിങ് തുടങ്ങിയത്. ഇതിനു മുൻപായി വലിയ ഗവേഷണം ഓസ്‌കറും പിതാവും നടത്തിയിരുന്നു. നേപ്പാളിലുള്ള ഒരു ടൂർ കമ്പനിയുമായി ബന്ധപ്പെട്ടാണ് എവറസ്റ്റ് യാത്രയെക്കുറിച്ചും അതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ചും ഇരുവരും മനസ്സിലാക്കിയത്.

 

എട്ടുവയസ്സുള്ള ഓസ്‌കറിനെ ആദ്യം കൊണ്ടുപോകേണ്ടെന്നായിരുന്നു പിതാവിന്റെ തീരുമാനം. എന്നാൽ സുഹൃത്തുക്കളുമായി അദ്ദേഹം പദ്ധതി ചർച്ച ചെയ്യുന്നതു കേട്ട ഓസ്‌കർ തന്നെയും കൊണ്ടുപോകണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. എട്ടുവയസ്സുകാരനാണെങ്കിലും ഫുട്‌ബോളിലും നീന്തലിലും പാർക്കോറിലും ഇപ്പോൾ തന്നെ ഓസ്‌കറിനു പ്രാവീണ്യമുണ്ട്. അതിനാൽ കൊണ്ടുപോകാമെന്നു പിന്നീട് പിതാവ് തീരുമാനിക്കുകയായിരുന്നു.

ഓസ്‌കർ ഒറ്റയ്ക്കല്ല, മഹാരാഷ്ട്രയിൽ നിന്നുള്ള റിഥം മമാനിയ എന്ന പത്തുവയസ്സുകാരിയും എവറസ്റ്റിന്റെ ബേസ് ക്യാംപ് കഴിഞ്ഞ ദിവസം താണ്ടി. കടുത്ത സാഹചര്യങ്ങളും മഞ്ഞുകാറ്റുകളും താഴ്ന്ന താപനിലയുമൊക്കെ അതിജീവിച്ചായിരുന്നു റിഥത്തിന്റെ വിജയം. 

 

മുംബൈയിലെ ബാന്ദ്രയിൽ നിന്നുള്ള റിഥം 11 ദിവസത്തെ ട്രെക്കിങ് നടത്തിയാണ് എവറസ്റ്റിന്റെ ബേസ്‌ക്യാംപിലെത്തിയത്. അഞ്ച് വയസ്സുള്ളപ്പോൾ മുതൽ റിഥത്തിനു മലകയറ്റം ഇഷ്ടമായിരുന്നെന്ന് അവളുടെ അമ്മയായ ഉർമി പറയുന്നു. മഹാരാഷ്ട്രയിലെ ദൂദ്‌സാഗറിലാണ് ആദ്യമായി റിഥം ട്രെക്കിങ് നടത്തിയത്. 21 കിലോമീറ്ററാണ് അന്ന് സഞ്ചരിച്ചത്. സഹ്യാദ്രി മലനിരകളിലെ കർനാല, ലോഹഗാഡ്, മഹൂലി തുടങ്ങിയ മലനിരകളിലും അവൾ ട്രെക്കിങ് നടത്തിയിരുന്നു. 8-9 കിലോമീറ്റർ ദിവസവും നടന്നാണ് എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ് റിഥം പൂർത്തീകരിച്ചത്.

 

രണ്ട് ബേസ്‌ക്യാംപുകളാണ് എവറസ്റ്റിലുള്ളത്. ഒന്ന് നേപ്പാളിലും മറ്റൊന്ന് ടിബറ്റിലും. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ബേസ്‌ക്യാംപിലാണ് കുട്ടികൾ എത്തിയത്. ബേസ്‌ക്യാംപുകളിൽ നിന്നാണു സാഹസികർ പർവതാരോഹണം തുടങ്ങുന്നത്. 8.9 കിലോമീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. ബേസ് ക്യാംപിൽ നിന്നു മൂന്നര കിലോമീറ്ററോളം പൊക്കമുണ്ടെന്ന് വ്യക്തം. കുട്ടികൾ എവറസ്റ്റ് കൊടുമുടിയും കീഴടക്കിയിട്ടുണ്ട്. 13 വയസ്സുകാരായ ജോർദൻ റൊമീറോ, മാലാവത് പൂർണ എന്നിവരാണ് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞവർ. ജോർദൻ അമേരിക്കക്കാരിയും മാലാവത് ഇന്ത്യക്കാരിയുമാണ്.

 

English summary : Eight year old Goan boy Oscar Pacheco climbs Mount Everest base camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com