സ്‌കൂളിലേക്ക് ഒറ്റക്കാലിൽ 1 കിലോമീറ്റർ നടന്ന് പോകുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൽ നൊമ്പര കാഴ്ചയായിരുന്നു. ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള പത്ത് വയസ്സുകാരി സീമയാണ് ഒറ്റക്കാലിൽ സഞ്ചരിച്ച ആ പെൺകുട്ടി. സീമ സ്‌കൂളിൽ പോകുന്നതിന്റെ ഒരു വിഡിയോ മാധ്യമങ്ങളിൽ വൈറലാതോടെ നിരവധി പേരുടെ ശ്രദ്ധ നേടിയിരുന്നു. അതോടെ നിരവധി സഹായ വാഗ്ദാനങ്ങളാണ് ഈ പെൺകുട്ടിയെ തേടിയെത്തിയത്. സീമയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജാമുയി ജില്ലാ അധികൃതർ അവർക്ക് ട്രൈസൈക്കിൾ സമ്മാനിച്ചു.
ബീഹാർ മന്ത്രി ഡോ. അശോക് ചൗധരിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഈ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ സംസ്ഥാനത്തെ കുട്ടികൾ തടസ്സങ്ങൾ മറികടക്കാൻ ആഗ്രഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്തുകൊണ്ട്, “ആവശ്യമായ സഹായം” ഇതിനകം സീമയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.രണ്ടു വർഷം മുൻപുണ്ടായ അപകടത്തിൽ സീമയുടെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. എന്നാലും പഠനം തുടരാൻ അവൾ ആഗ്രഹിച്ചു, അതിനാൽ സ്കൂളിലേക്ക് പോകാൻ ദിവസവും വയൽ വരമ്പുകളിലൂടെയും ഇടുങ്ങിയ പ്രദേശങ്ങളും കടന്നുപോകേണ്ടിവന്നു.
ഇപ്പോഴിതാ സീമ കൃത്രിമ കാൽ ധരിച്ചു നിൽകുന്ന ചിത്രം ഛത്തീസ്ഗഢ് കേഡറിലെ 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്കിട്ടു, വിദ്യാഭ്യാസ വകുപ്പാണ് കൃത്രിമ അവയവം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ബീഹാർ സർക്കാരിന്റെ പെട്ടെന്നുള്ള നടപടി സീമയ്ക്ക് വലിയ സഹായമായിരിക്കുകയാണ്. നടനും മനുഷ്യസ്‌നേഹിയുമായ സോനു സൂദും സീമയെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഒന്നല്ല, രണ്ട് കാലിലുമാണ് സീമ ഇനി സ്‌കൂളിലെത്തുകയെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. “ഞാൻ ടിക്കറ്റ് അയയ്ക്കുന്നു, ഇരുകാലുകളിലും നടക്കേണ്ട സമയമായി,” അദ്ദേഹം കൂട്ടിച്ചേർത്തു, തന്റെ എൻജിഒയായ സൂദ് ഫൗണ്ടേഷനെ ടാഗ് ചെയ്യുകയുംചെയ്തു.
English Summary : Bihar girl gets artificial limb after her hopping video goes viral