ADVERTISEMENT

സ്‌കൂൾ യൂണിഫോം ധരിച്ച് ഒരു ബാഗും ചുമലിലേറ്റി ഒറ്റക്കാലിൽ സ്‌കൂളിലേക്ക് പോകുന്ന ആൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബീഹാറിൽ നിന്നുള്ള 10 വയസ്സുകാരി ഒറ്റക്കാലിൽ സ്‌കൂളിലേക്ക് പോകുന്ന ഹൃദയഭേദകമായ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ നിന്നും സമാനമായ സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നിന്നുള്ള പർവൈസ് എന്ന പതിനാലുകാരനാണ് തന്റെ പഠനം മുടങ്ങാതിരിക്കാൻ രണ്ട് കിലോമീറ്റർ ഒറ്റക്കാലിൽ സ്കൂളിലേക്ക് പോകുന്നത്. പഠിച്ച് ഒരു ഡോക്ടറാകുക എന്നതാണ് ഈ മിടുക്കന്റെ സ്വപ്നം. 

 

ഒരു തീപിടിത്തത്തിൽ ഇടത് കാൽ നഷ്ടപ്പെട്ടതാണ് ഈ ബാലന്. തന്റെ പഠനവും പാഠ്യേതര പ്രവർത്തനങ്ങളും മുടങ്ങാതിരിക്കാനും തന്റെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയാണ് പർവൈസ് ഒരു കാലിൽ സ്കൂളിലേക്ക് നടക്കുന്നത്. നൗഗാമിലെ ഗവൺമെന്റ് ഹൈസ്‌കൂളിൽ 9-ാം ക്ലാസിൽ പഠിക്കുകയാണ് പർവൈസ്. ഞാൻ ദിവസവും 2 കിലോമീറ്റർ നടന്നാണ് സ്കൂളിൽ എത്തുന്നത്. എന്റെ സ്‌കൂളിലേക്കുള്ള റോഡ് മോശമാണ്. നടക്കാൻ ബുദ്ധിമുട്ടായതിനാൽ സ്‌കൂളിൽ എത്തിയ ശേഷം വല്ലാതെ വിയർക്കുന്നു. കൃത്രിമ അവയവം കിട്ടിയാൽ നടക്കാം. എന്റെ ജീവിതത്തിൽ എന്തെങ്കിലും നേടണമെന്നാണ് എന്റെ സ്വപ്നം. എനിക്ക് ക്രിക്കറ്റും വോളിബോളും കബഡിയും ഇഷ്ടമാണ്. എന്റെ ഭാവി രൂപപ്പെടുത്താൻ സർക്കാർ എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്‌കൂളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള എന്റെ യാത്ര സുഗമമാക്കുന്ന ശരിയായ കൃത്രിമ അവയവമോ മറ്റേതെങ്കിലും ഗതാഗത മാർഗ്ഗമോ നൽകണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.” 

 

സാമൂഹിക ക്ഷേമ വകുപ്പ് തനിക്ക് വീൽചെയർ നൽകിയെങ്കിലും തന്റെ ഗ്രാമത്തിലെ റോഡിന്റെ ശോചനീയാവസ്ഥ കാരണം അത് ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പർവൈസ് പറഞ്ഞു. തന്റെ സുഹൃത്തുക്കൾ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുമെങ്കിലും തനിക്ക് ശക്തി നൽകിയ ഞാൻ ദൈവത്തിന് നന്ദി പറയുന്നുവെന്നും പർവൈസ് പറയുന്നു. ചികിത്സയ്ക്കായി അച്ഛന് ഭീമമായ തുക നൽകേണ്ടി വന്നുവെന്നും  സ്വത്ത് പോലും വിൽക്കേണ്ടി വന്നുവെന്നും പർവൈസ് പറയുന്നു. വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേർ പർവൈസിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.  

 

English Summary : Kashmir boy walks 2 Km to school daily on one leg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com