അഭിനയമികവു കൊണ്ട് സ്ക്രീനിൽ വിസ്മയം സൃഷ്ടിച്ച ഒരച്ഛന്റെയും മകന്റെയും പിൻമുറക്കാരനാണ് ഋതുൺജയ്. വില്ലനായി മലയാള സിനിമയെ വിറപ്പിച്ച, സ്വഭാവ നടനായി വിസ്മയിപ്പിച്ച ടി.ജി.രവിയുടെ കൊച്ചുമകൻ, അഭിനയത്തിലെ കയ്യടക്കവും മികവും കൊണ്ടു ശ്രദ്ധിക്കപ്പെട്ട ശ്രീജിത് രവിയുടെ മകൻ. ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ ഋതുൺജയ്‍യുടെ പ്രകടനം ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു.
ലോക്ഡൗൺ കാലത്ത് ഋതുൺജയ്‌യും അച്ഛൻ ശ്രീജിത്ത് രവിയും അമ്മ സജിതയും ചേട്ടൻ ഋജ്‌രശ്വയും മത്സരിച്ച് അഭിനയിച്ച ഷോർട്ട് ഫിലിമും വെബ് സീരീസുമാണ് ഈ കുഞ്ഞു താരോദയത്തിനു കാരണമായത്. ഷോർട്ട് ഫിലിമിലെ ഋതുൺജയ്‍യുടെ അഭിനയം കണ്ട് അജു വർഗീസാണ് ‘പ്രകാശൻ പറക്കട്ടെ’യിലേക്ക് ഈ മിടുക്കന്റെ പേരു നിർദേശിച്ചത്. താൻ അഭിനയിച്ച സിനിമയുടെ വിശേഷങ്ങൾ മനോരമ ഓൺലൈൻ വായനക്കാരോടു പറയുകയാണ് ഋതുൺജയ്.
അഭിനയം സിംപിളാന്നേ...
‘‘ഞാൻ ഷോർട്ട് ഫിലിം ചെയ്യണ കാരണം എനിക്കത്ര ടെൻഷൻ ഉണ്ടായിരുന്നില്ല. എനിക്ക് അഭിനയം സിംപിളായാണ് തോന്നിയത്.’’

ആ ഡയലോഗിൽ എല്ലാവരും ഫ്ലാറ്റ്
‘‘ഞാൻ ചെയ്ത ഷോർട്ട് ഫിലിം കണ്ടിട്ടാണ് ഇങ്ങനൊരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചത് പിന്നെ ‘ലവ് ആക്‌ഷൻ ഡ്രാമ’യിലെ ഒരു ഡയലോഗ് പറഞ്ഞ് ഷഹദ് ചേട്ടനേയും അജു ചേട്ടനേയും ധ്യാൻ ചേട്ടനേയും ഒക്കെ ഞാൻ ഫ്ലാറ്റാക്കി. അങ്ങനെയാണ് ഈ സിനിമയിൽ എത്തിയത്.’’
ആളുകളൊക്കെ തിരിച്ചറിയുണ്ട്
‘‘തിയറ്ററിൽ പോയി രണ്ടു പ്രാവശ്യം സിനിമ.കണ്ടു. ആളുകളൊക്കെ തിരിച്ചറിയുന്നുണ്ട്. ടീച്ചർമാരൊക്കെ കണ്ടുകാണും. ചില കൂട്ടുകാരൊക്കെ കണ്ടിട്ട് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സ്കൂളിൽ ഒരു കുഞ്ഞു ഹീറോ ആയിട്ടുണ്ടിപ്പോൾ.’’
എന്റെ അഭിനയമാണ് സൂപ്പർ
‘‘അച്ഛന് സിനിമേല് ചെറിയ ക്യാരക്ടറല്ലേ... എന്റെ അഭിനയമാണ് സൂപ്പർ.’’
(അതില്‍ കുട്ടിത്താരത്തിന്റെ അച്ഛനും അഭിപ്രായ വ്യത്യാസമൊന്നുമില്ല)

അച്ഛഛന്റെ കുറുമ്പൻ
‘‘എന്റെ കൊച്ചുമോൻ എന്തു കുറുമ്പ് ചെയ്താലും എനിക്ക് എന്തായാലും ഇഷ്ടമാകും എന്നാണ് സിനിമേടെ പ്രിവ്യൂനൊക്കെ പോകുമ്പോൾ അച്ഛഛൻ എന്റെ അഭിനയത്തെ കുറിച്ച് പറയാറ്.’’
റിയൽ ലൈഫിൽ ഞാൻ കുറുമ്പനാ
‘‘ആദ്യായിട്ടാണല്ലോ സ്കൂളിൽ പോകുന്നത്. അച്ഛൻ പിക്ക് ചെയ്യാൻ വരുന്ന കാര്യം ഞാനങ്ങു മറന്നു പോയി. ഞാൻ ‘ബസ് ബോയി’ ആണെന്നു വിചാരിച്ച് സ്കൂൾ ബസിൽ കയറി, അതും വേറെ റൂട്ടിലുള്ള ബസിൽ. അമ്മ വരാൻ അഞ്ചു മിനിറ്റ് വൈകിയിരുന്നെങ്കിൽ ഞാൻ വേറെ എവിടെങ്കിലും ചെന്ന് ഇറങ്ങിയേനെ.’’
സെറ്റിൽ എല്ലാരുമായി നല്ല കൂട്ട്
‘‘മാത്യു ചേട്ടനുമായി നല്ല കൂട്ടായിരുന്നു. സെറ്റിൽ എല്ലാവരും നല്ല ഫ്രണ്ട്ലി ആയിരുന്നു.’’

ഡയറക്ടർ അങ്കിൾ ഒന്നും പറഞ്ഞു തന്നിട്ടില്ല
‘‘ശരിക്കും പറഞ്ഞാൽ ഡയറക്ടർ അങ്കിൾ ഒന്നും പറഞ്ഞു തന്നിട്ടില്ല. ഞാൻ ഫുൾ നാച്വറലായി ആണ് ചെയ്യണത്.. ചെല സീനുകൾ മാത്രമാണ് ഡയറക്ടർ പറഞ്ഞു തന്നിട്ട് ചെയ്തത്.. സീൻ പറഞ്ഞു തന്നു, ഞാൻ അത് നാച്വറലായി ചെയ്തു.’’
(പാവം ഷഹദ് ചേട്ടന് ഈ പരിപാടിയിൽ കുറച്ച് റെസ്പോൺസിബിളിറ്റിയേയുള്ളോയെന്ന് അച്ഛന്‍ ചോദ്യം.)
ഷഹദ് ചേട്ടനുമായുള്ള ആ ഡീൽ
‘‘ഷഹദ് ചേട്ടന്റെ എല്ലാ പടത്തിലും ഞാനുണ്ടാവുമെന്നും ഷഹദ് ചേട്ടനുമായി ഞാൻ മാത്രമേ പടം ചെയ്യൂവെന്നും ഞങ്ങളൊരു ഡീൽ ഉണ്ടാക്കിയിട്ടുണ്ട്.’’
(ഷഹദിന്റെ അടുത്ത പടമായ അനുരാഗത്തിലും ഒരു റോൾ ചെയ്യുന്നുണ്ട് ഋതുൺ ജയ്.)

അച്ഛന്റെ ആ സിനിമ
അച്ഛന്റെ ഒരു സിനിമ മാത്രമാണ് ഇഷ്ടം എല്ലാർക്കും ഇഷ്ടമുള്ള ആ സിനിമയാണ് പുണ്യാളൻ അഗർബത്തീസ്. കോമഡി സിനിമകളാണ് ഇഷ്ടം..
ചേട്ടനിഷ്ടം ബിഹൈൻഡ് ദ് സ്ക്രിൻ
‘‘ചേട്ടന് ബിഹൈൻഡ് ദ് സ്ക്രിൻ ആണ് ഇഷ്ടം. ഡയറക്‌ഷൻ, എഡിറ്റിങ്, സ്ക്രിപ്റ്റ് റൈറ്റിങ് അതൊക്കെ ഭയങ്കര ഇഷ്ടമാണ്. ചേട്ടന് അഭിനയിക്കാൻ താൽപര്യമില്ലാന്നാണ് പറയാനുള്ളത്.’’
എയിറ്റീൻ ഇയേഴ്സ് വരെ ഞാൻ ഫ്രീയാണ്
‘‘എയിറ്റീൻ ഇയേഴ്സ് വരെ ഞാൻ ഫ്രീയാണ്, അതുവരെ അഭിനയിക്കും.. അതുകഴിഞ്ഞാൻ എനിക്ക് ലൈസൻസ് കിട്ടുവല്ലോ. പിന്നെ ട്രക്കൊക്കെ ഓടിക്കാൻ പോകും. ട്രക്കിൽ എക്രോസ് ദ് വേൾഡ് പോകും. ചെലപ്പോ അച്ഛനേയും അമ്മയേയും കൂടെ കൊണ്ടുപോകും.’’
ആ കരച്ചിൽ ഗ്ലിസറിനില്ലാതെ
‘‘സിനിമേലെ ആ കരയുന്ന സീനിൽ ശരിക്കും ഗ്ലിസറിനില്ലാതെയാണ് ഞാൻ കരഞ്ഞത്.. വേറെ ആൾക്കാര് കരയണ കണ്ടാൽ ഞാനും കരഞ്ഞുപോകും.’’
ഡബ്ബിങും ഞാൻ തന്നെ
‘‘സിനിമേലെ അഖിലിന് ഡബ് ചെയ്തതും ഞാൻ തന്നെയായിരുന്നു. ഡബ്ബിങ്ങിനിടെ ചെറിയ ഉറക്കം ഉണ്ടാരുന്നു.’’
എന്റെ ഹോബി
‘‘സിനിമേലെപ്പോലെ അത്ര നന്നായി വരയ്ക്കില്ലെങ്കിലും എന്റെ ഒരു ഹോബിയാണത്. സിനിമേലെ പടമൊക്കെ ഞാനല്ല വരച്ചത് പക്ഷേ കളറൊക്കെ ചെയ്തുകൊടുത്തു.’’
കിട്ടിയ കാശ് മുഴുവൻ അച്ഛന്
‘‘സിനിമേന്ന് കിട്ടിയ കാശ്കൊണ്ട് അങ്ങനൊന്നും വാങ്ങിയില്ല.. എനിക്ക് കമ്പ്യൂട്ടറില് ഒരു അക്കൗണ്ട് മാത്രയുള്ളൂ വേറെ ഒരു സാധനവുമില്ല... എന്റെ അച്ഛയ്ക്കാണ് ഫുൾ കൊടുത്തത്..’’

ഇഷ്ടം കോമഡി
‘‘ദിലിപിനേയും സുരാജ് വെഞ്ഞാറമൂടിനേയുമാണ് കോമഡി നടന്മാരിൽ ഇഷ്ടം. സീരിയസ് നടന്മാരാണങ്കിൽ മമ്മൂട്ടിയും മോഹൻലാലും.’’
ഋുതുക്കളെ ജയിക്കുന്നവൻ
‘‘ആർക്കുമില്ലാത്ത പേരുകളാണ് ഞങ്ങൾക്കിട്ടത്. ഋുതുക്കളെ ജയിക്കുന്നവൻ എന്നാണ് എന്റെ പേരിന്റെ അര്‍ഥം.’’
പഠിപ്പിസ്റ്റല്ലെങ്കിലും പഠിക്കും
‘‘പഠിപ്പിസ്റ്റല്ലെങ്കിലും ഞാൻ പഠിക്കും. ഫുൾ മാർക്കാ എനിക്ക്.’’
കട്ട് പറഞ്ഞിട്ടും എനിക്ക് നിർത്താൻ പറ്റിയില്ല
‘‘ആ ഗേള്‍സിന്റെ സീനില്ലേ... ശരിക്കും പറഞ്ഞാൽ ഞാൻ കയ്യീന്ന് ഇട്ടതാണ്. ഡയറക്ടർ നിർത്താൻ പറഞ്ഞു.. ഞാൻ നിർത്തിയില്ല.’’

ആ സീനിൽ ഞാൻ ചിരിച്ചു പോയി
‘‘കോംപ്ലാൻ കുടിക്കുന്ന സീനിൽ സൈജു ചേട്ടൻ വയറിൽ തൊടുമ്പോൾ ദേഷ്യത്തോടെ നോക്കണം പക്ഷേ എനിക്ക് ഇക്കിളിയാകും, അപ്പോ ചിരിവരും.. അത് കൊറേ ടേക്കെടുത്തു. അവസാനം താഴേയ്ക്കു നോക്കി ഞാനത് അഡ്ജസ്റ്റ് ചെയ്തെടുത്തു ശരിയാക്കി.’’
അച്ഛൻ സെറ്റില്‍ വേണ്ട
‘‘അച്ഛൻ സെറ്റിൽ ഇല്ലാത്തതാണ് എനിക്കിഷ്ടം ഇഷ്ടം. അപ്പോ എനിക്ക് കയ്യീന്നിടാല്ലോ..’’
കരയിച്ച് കളഞ്ഞല്ലോടാ
‘‘സിനിമ കണ്ടിറങ്ങിയ ഒരു അമ്മൂമ്മ കുറെ നേരം കാത്ത് നിന്നിട്ട് ഓടി വന്നു കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ‘നീ കരയിച്ച് കളഞ്ഞല്ലോടാ’യെന്ന്. എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിനന്ദനം അതാണ്.’’
സിനിമ കണ്ട ആൾക്കാരൊക്കെ നല്ല സിനിമയാണെന്നാണ് പറഞ്ഞത്. കാണാത്ത ആൾക്കാരോടു പറയാനുള്ളത്, പോണം കാണണം ‘പ്രകാശൻ പറക്കട്ടെ’യെ വിജയിപ്പിക്കണം.
English Summary : Chat with ‘Prakashan Parakkatte’ fame master Ritunjay Sreejith