മകൾ മാൾട്ടി മേരിയ്ക്കൊപ്പമുള്ള രണ്ട് സൂപ്പർക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഇത്തവണയും മകളുടെ മുഖം മറച്ചുള്ള ചിത്രമാണ് പങ്കുവച്ചത്. ആദ്യ ചിത്രത്തിൽ പ്രിയങ്കയുടെ മടിയിൽ ഇരിക്കുകയാണ് മകൾ, അടുത്ത ചിത്രത്തിൽ മാൾട്ടിയുടെ കുഞ്ഞിക്കാലുകൾ അമ്മയുടെ മുഖത്താണ്. പകരം വയ്ക്കാനില്ലാത്ത ഈ സ്നേഹചിത്രങ്ങൾ പങ്കുവച്ചയുടൻ തന്നെ ആരാധകരും ഏറ്റെടുത്തു. അനുഷ്ക ശർമ, കരീന കപൂർ, പരനീതി ചോപ്ര തുടങ്ങിയവരും ഈ മനോഹര ചിത്രങ്ങൾക്ക് കമന്റുകളുമായെത്തി.
കഴിഞ്ഞ ലോകമാതൃദിനത്തിലാണ് മകളുടെ ആദ്യ ചിത്രം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകവുമായ നിക് ജൊനാസും പങ്കുവച്ചത്. കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുന്ന പ്രിയങ്കയ്ക്കരികിൽ മകളെ വാത്സല്യപൂർവം നോക്കിയിരിക്കുന്ന നിക് ജൊനാസമായിരുന്നു ചിത്രത്തിൽ. കഴിഞ്ഞ ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് ജനിച്ചത്. ഈ സന്തോഷവാർത്ത വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ മുഴുവൻ പേര്. സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ച ‘മാൾട്ടി’ എന്ന വാക്കിന് ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് അർഥം. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകളുമൊത്തുള്ള സ്വകാര്യ ലോകത്തിലാണ് താനും നിക്കുമെന്നും കൗതുകത്തോടും പ്രതീക്ഷയോടുമാണ് ഭാവിയെ നോക്കിക്കാണുന്നതെന്നും താരം പറഞ്ഞിരുന്നു.
English Summary : Priyanka Chopra shares photos with daughter Malti Marie