വിജയദശമിദിനത്തിൽ കണ്മണിക്കുട്ടിയുടെ പുത്തൻ വിശേഷവുമായി എത്തിയിരിക്കുകയാണ് മുക്ത. മകൾ കണ്മണിയുടെ പുതിയ ചുവടുവയ്പ്പിനെ കുറിച്ചുള്ള വിശേഷവും ചിത്രങ്ങളുമാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ മകൾ നൃത്തം അഭ്യസിക്കാൻ തുടങ്ങുകയാണെന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. വിനീതിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുക്ത ഈ പുത്തൻ വിശേഷം പങ്കുവച്ചത്. ‘അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വച്ച് തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക’ എന്നാണ് മുക്ത ചിത്രത്തിനൊപ്പം കുറിച്ചത്.
കണ്മണിയുടെ പുത്തൻ വിശേഷത്തിന് ആശംസകളുമായി ആരാധകരുമെത്തി. ‘കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഗുരുനാഥനെയാണ് കിട്ടിയിരിക്കുന്ന’തെന്നും ഭാവിയിൽ നല്ലൊരു നർത്തകിയായി തീരട്ടെ എന്നുമൊക്കെയാണ് കമന്റുകൾ. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് ഈ കുട്ടിത്താരം. കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. പാട്ടും പാചകവും കുസൃതിളുമൊക്കെയായി കണ്മണി അമ്മയുടേയും റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളിലൂടെ സ്ഥിരം എത്താറുണ്ട്. അഭിനയം രംഗത്തേയ്ക്കും കണ്മണി കടന്നിരുന്നു.
Content Summary : Muktha share photo of daughter Kanmani with Vineeth