ഒരു കുട്ടിക്ക് അമ്മയുമായുള്ള ബന്ധത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അച്ഛനുമായുള്ള ബന്ധം. അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമിതമായി ശ്രദ്ധിക്കുന്നവരായിരിക്കും. മിക്ക കാര്യങ്ങളിലും 'വേണ്ട' എന്നായിരിക്കും അമ്മമാരുടെ മറുപടി. എന്നാല്‍ പിതാവ് പലപ്പോഴും ധൈര്യശാലികളാണ്. കുട്ടികളുമായി പലപ്പോഴും രസകരമായ കളികളില്‍ ഏര്‍പ്പെടുന്നത് അച്ഛന്മാരായിരിക്കും. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു. ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം ക്യാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു. പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വിഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്. പുഞ്ചിരിയോടെയാണ് കുട്ടിയെ വിഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി. ''ഈ വ്യക്തിയെ ജയിലില്‍ അടയ്ക്കണം,'' ഒരു ഉപയോക്താവ് വിഡിയോയ്ക്ക് അടിയില്‍ കുറിച്ചു. 'ഇത് അല്‍പം കൂടുതലാണ്, വിഡിയോകള്‍ക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്, ഇത് അപകടകരമാണ്,' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ''എന്റെ ആള്‍ എപ്പോഴെങ്കിലും കുട്ടിയോട് ഇങ്ങനെ ചെയ്താല്‍ പിന്നീട് ഞാന്‍ അവനെ ഒരിക്കലും കുട്ടിയെ തൊടാന്‍ അനുവദിക്കില്ല,'' മൂന്നാമതൊരാള്‍ കുറിച്ചു. വിഡിയോ ട്വിറ്ററില്‍ ഇതുവരെ നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു. 6000ത്തിലധികം ലൈക്കുകളും നേടി.
Content Summary : Father performs death defying stunts with his toddler- Viral video