സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഇന്ത്യയുടെ പതാക കണ്ടതു മുതലാണ് ഈ കൊച്ചുമിടുക്കൻ പതാകകളോട് കൂട്ടുകൂടാൻ തുടങ്ങിയത്.പിന്നെ സ്കൂളിൽ നിന്നെത്തുമ്പോൾ യുട്യൂബിൽ രാജ്യങ്ങളുടെ പതാകൾ കാണുന്നത് പതിവായി, അങ്ങനെ തനിയെ ഒരോ രാജ്യങ്ങളുടെ പതാകകൾ മനസിലാക്കൻ തുടങ്ങി. മകന്റെ താല്പര്യം കണ്ട് മാതാപിതാക്കൾ ഫ്ലാഷ് കാർഡുകൾ വാങ്ങി നൽകിയതോടെ ജൊഹാനും ഹാപ്പി. അക്ഷരങ്ങൾ കൂട്ടി വായിക്കാനായിട്ടില്ലെങ്കിലും നാലര വയസ്സുകാരൻ ജൊഹാൻ മാക്സ് മടിയത്ത് ഇപ്പോൾ 150 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയും. പതാകകൾ കൂടാതെ വേൾഡ് മാപ്പ് നോക്കി രാജ്യങ്ങൾ പഠിക്കാനും ഈ മിടുക്കന് താല്പര്യമാണ്. വായിക്കാനറിയില്ലങ്കിലും മാപ്പ് നോക്കി ഏത് ചെറിയ രാജ്യങ്ങൾ പോലും ഈ മിടുക്കൻ തിരിച്ചറിയാൻ കഴിയും.
യുട്യൂബ് കിട്ടിയാൽ ആദ്യം തിരയുന്നത് രാജ്യങ്ങളുടെ വിശേഷങ്ങളാണ്. രാജ്യങ്ങളുടെ പതാകകളും അവയുടെ ദേശീയ ഗാനങ്ങളും തനിയെ പഠിക്കുകയാണ് ജൊഹാന്റെ പ്രധാന ഹോബി. മറ്റ് കുട്ടികളെപ്പോലെ കാർട്ടൂണുകളോട് കക്ഷിയ്ക്ക് അത്ര താല്പര്യമൊന്നുമില്ല. ഇപ്പോൾ വിവിധ രാജ്യങ്ങുടെ ദേശീയ ഗാനങ്ങൾ പഠിക്കുകയാണ് ജൊഹാന്റെ ഇഷ്ട വിനോദം. ഇന്ത്യ, യുഎഇ, ശ്രീലങ്ക, നേപ്പാൾ, സൗദി, ചൈന, ഫിലിപ്പീൻസ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ഈ മിടുക്കന് പാടാനാകും. ദേശീയ ഗാനങ്ങളിലെ വാക്കുകൾ ജൊഹാന്റെ കുഞ്ഞു നാവിന് വഴങ്ങില്ലെങ്കിലും ഈണം കൃത്യമാണ്.

കളമശ്ശേരി രാജഗിരി സ്കൂളിൽ കിന്റർഗാർട്ടൻ വിദ്യാർഥിയാണ് ജൊഹാൻ. ദുബായിൽ എൻജിനിയറായ മാക്സിന്റേയും രാജഗിരി ഹോസ്പിറ്റലിലെ ഡോ മിനു എബ്രഹാമിന്റേയും മകനാണ് ജൊഹാൻ.
Content Summary : Four year old Johaan identifies flags of 150 countries