ഈ വര്‍ഷം ജനുവരിയിലായിരുന്നു താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും അച്ഛനമ്മമാരായ വിവരം പുറംലോകത്തെ അറിയിച്ചത്. കുഞ്ഞുമൊത്തുമുള്ള ചിത്രങ്ങള്‍ പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ മകള്‍ മാള്‍ട്ടി മേരിയുടെ മുഖം കാണിക്കാതെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഹാര്‍ട്ട് ഇമോജികള്‍ കൊണ്ട് മകളുടെ മുഖം മറയ്ക്കുമായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ, നടി ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്തപ്പോള്‍ മകളുടെ മുഖം മറക്കാതെയാണ് പങ്കുവെച്ചത്.
സ്ലീവ്ലെസ് ബ്രൗണ്‍ ടോപ്പ് ധരിച്ചുള്ള പ്രിയങ്കയുടെ സെല്‍ഫിയിലാണ് മകളുമുള്ളത്. മാള്‍ട്ടി മേരി ചോപ്ര ജോനാസിനെ തന്നോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്. പ്രിയങ്ക ക്യാമറയിലേക്ക് നോക്കുമ്പോള്‍, മകള്‍ മനോഹരമായ മള്‍ട്ടി-കളര്‍ വസ്ത്രം ധരിച്ച് മുന്നിലേക്ക് നോക്കിയിരിക്കുകയാണ്. ഒരു ഫാന്‍ അക്കൗണ്ടും ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരന് സിദ്ധാര്‍ത്ഥ് ചോപ്രയ്ക്കൊപ്പമുള്ള മാള്‍ട്ടിയുടെ ചിത്രവും നടി പങ്കുവെച്ചു. സഹോദരന് കുഞ്ഞിനെ സ്നേഹപൂര്‍വ്വം നോക്കുന്നതും അവളെ കൈകളില്‍ എടുത്തിരിക്കുന്നതും കാണാം. നിഷ്കളങ്കമായ ഈ നിമിഷം വിവരിച്ച പ്രിയങ്ക, 'എന്റെ ഹൃദയം' എന്നായിരുന്നു അടിക്കുറിപ്പ് നല്‍കിയത്.
2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഈ വര്‍ഷം ജനുവരിയില്‍, വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് മകള്‍ ജനിച്ചു.
Content Summary : Priyanka Chopra share new photo of daughter Malti